നമുക്ക് വീരപ്പനെ പിടിക്കാം
നമുക്ക് വീരപ്പനെ പിടിക്കാം
കാട്ടുകള്ളന്‍ വീരപ്പനെ പിടികൂടാനുള്ള സാഹസികശ്രമങ്ങളെ ആസ്പദമാക്കി രാംഗോപാല്‍ വര്‍മ ഒരു ചിത്രം ഒരുക്കുന്നു. ചിത്രം നിര്‍മിക്കുന്നതും രചന നടത്തുന്നതും വര്‍മയാണ്. ഷിമിത് അമിന്‍ ചിത്രം സംവിധനം ചെയ്യും.
ലെറ്റസ് കാച്ച് വീരപ്പന്‍ എന്നാണ് ചിത്രത്തിന്റെ പേര്. സുനാദ് രഘുറാം എഴുതിയ വീരപ്പന്‍: ദി അണ്‍ടോള്‍ഡ് സ്റോറി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
വര്‍മ ഇപ്പോള്‍ ചിത്രത്തിന്റെ രചനയിലാണ്. വീരപ്പനെ പിടിക്കാന്‍ സഹായിച്ചാല്‍ സര്‍ക്കാര്‍ പ്രതിഫലമായി വാഗ്ദാനം ചെയ്യുന്ന വന്‍തുക നേടിയെടുക്കാന്‍ പദ്ധതിയിടുന്ന മൂന്ന് പേരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ.വീരപ്പന് ഭക്ഷണമെത്തിച്ചുക്കൊടുക്കുന്ന മൂന്ന് പേരാണ് ഇവര്‍. രഘുവീര്‍യാദവ്, രാജപാല്‍യാദവ്, വിജയരാജ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാംഗോപാല്‍ വര്‍മ കാട്ടുകള്ളന്മാരെ കുറിച്ച് സിനിമയൊരുക്കുന്നത് ആദ്യമായല്ല. വര്‍മ സംവിധാനം ചെയ്ത ജംഗ്ള്‍ എന്ന ചിത്രത്തില്‍ ഒരു സംഘം കാട്ടുക്കള്ളന്മാരുടെയും അവരുടെ പിടിയിലാവുന്ന വിനോദസഞ്ചാരികളുടെയും കഥയാണ് പറയുന്നത്.
അതിനിടെ വര്‍മയുടെ വീരപ്പന്‍ ചിത്രം രചനാവേളയില്‍ തന്നെ വിവാദമായി. സുനാദ് രഘുറാം എഴുതിയ വീരപ്പന്‍: ദി അണ്‍ടോള്‍ഡ് സ്റോറി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് വര്‍മ ചിത്രമൊരുക്കുന്നതെന്നതാണ് വിവാദത്തിന് വഴിയൊരുക്കിയത്. വീരപ്പനെ കുറിച്ചുള്ള ഒരു കന്നഡ പുസ്തകം രചിച്ച ടി. ഗുരുരാജാണ് വര്‍മയുടെ ചിത്രത്തിനെതിരെ രംഗത്തെത്തിയത്.
വീരപ്പന്‍: ദി അണ്‍ടോള്‍ഡ് സ്റോറി എന്ന പുസ്തകം തന്റെ കന്നഡ പുസ്തകത്തിന്റെ കോപ്പിയാണെന്നും ഈ പുസ്തകത്തിന്റെ രചയിതാവിനെതിരെ താന്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ഗുരുരാജ് വ്യക്തമാക്കി. കേസ് നടക്കുന്നതിനിടയില്‍ വീരപ്പന്‍: ദി അണ്‍ടോള്‍ഡ് സ്റോറി എന്ന പുസ്തകം ആസ്പദമാക്കി ചിത്രമൊരുക്കുകയാണെങ്കില്‍ വര്‍മയും ഈ കേസില്‍ ഉള്‍പ്പെടുമെന്ന് ഗുരുരാജ് പറഞ്ഞു.


Click it and Unblock the Notifications