twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗേള്‍ഫ്രണ്ട്: ഒരു വികലസൃഷ്ടി

    By Staff
    |

    ഗേള്‍ഫ്രണ്ട്: ഒരു വികലസൃഷ്ടി

    കരണ്‍ റസ്ദാന്‍ സംവിധാനം ചെയ്ത ഗേള്‍ഫ്രണ്ട് എന്ന ബോളിവുഡ് ചിത്രം ശിവസേനക്കാരുടെ പ്രതിഷേധം വിളിച്ചുവരുത്തിയതോടെയാണ് വിവാദമായത്. ചിത്രത്തിനെതിരായ പ്രതിഷേധം നേരത്തെ വിവാദവിഷയമായ ചില ചിത്രങ്ങള്‍ക്കെന്ന പോലെ ഗേള്‍ഫ്രണ്ടിനും പ്രചാരണത്തില്‍ ഗുണം ചെയ്തു.

    സ്ത്രീകള്‍ക്കിടയിലെ സ്വവര്‍ഗരതിയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നതാണ് ശിവസേനക്കാരെ പ്രകോപിപ്പിച്ചത്. സ്ത്രീകളെ അവരുടെ അന്തസ് ഇടിച്ചുതാഴ്ത്തുന്ന തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ആരോപണം.

    നേരത്തെ ദീപാമേത്തയുടെ ഫയര്‍ എന്ന ചിത്രമാണ് സ്വവര്‍ഗരതി പ്രതിപാദിക്കുന്ന ചിത്രമെന്ന നിലയില്‍ വിവാദം സൃഷ്ടിച്ച ഇന്ത്യന്‍ സിനിമ. ശബ്നാ ആസ്മിയും നന്ദിതാദാസും അഭിനയിച്ച ഈ ചിത്രം കുടുംബമൂല്യങ്ങളെ ചോദ്യം ചെയ്യുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

    ലൈംഗികതയുടെ അപഭ്രംശങ്ങള്‍ സിനിമയ്ക്ക് വിഷയമാക്കുന്നതില്‍ ഹോളിവുഡിന് എന്നും പ്രത്യേക താത്പര്യമുണ്ടായിരുന്നു. ഇന്ത്യയിലും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ബേസിക് ഇന്‍സ്റിന്‍ക്റ്റ് (1992), ക്രൂയിസിംഗ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങള്‍ക്കെതിരെ സ്വവര്‍ഗരതിക്കാരുടെ സമൂഹം ശക്തമായി പ്രതികരിച്ചിരുന്നു. ഈ ചിത്രങ്ങളില്‍ സ്വവര്‍ഗരതിക്കാരെ മാനസികരോഗികളായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ സ്വവര്‍ഗരതിക്കാരെ വ്യത്യസ്തമായ കാഴ്ചപ്പോടെ അവതരിപ്പിക്കുന്ന ബേര്‍ഡ് കേജ് (1996), ഫിലാഡല്‍ഫിയ (1993) എന്നീ ചിത്രങ്ങളും ഹോളിവുഡിലുണ്ടായിട്ടുണ്ട്.

    ദീപാമേത്തയുടെ ഫയര്‍ സ്വവര്‍ഗരതിക്കാരായ രണ്ട് സ്ത്രീകളുടെ ജീവിതാവസ്ഥയെയാണ് ചിത്രീകരിച്ചിരുന്നത്. സ്വവര്‍ഗരതി കൈകാര്യം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഇംഗ്ലീഷിലൊരുക്കിയ ഇന്ത്യന്‍ ചിത്രമായ ഫയര്‍ ബേര്‍ഡ്കേജ്, ഫിലാഡല്‍ഫിയ തുടങ്ങിയ ചിത്രങ്ങളുടെ ജനുസില്‍ പെടും. എന്നാല്‍ ബോളിവുഡ് ഇപ്പോഴും സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നത് ബേസിക് ഇന്‍സ്റിന്‍ക്റ്റ് പോലുള്ള മൂന്നാംകിട ഹോളിവുഡ് ചിത്രങ്ങളുടെ മാതൃകയിലാണെന്നതിന്റെ ഉദാഹരമാണ് ഗേള്‍ ഫ്രന്റ്.

    തന്യ (ഇഷാ ഗോപികര്‍), സപ്ന (അമൃത അറോറ) എന്നീ പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. ഒന്നിച്ച് ജീവിക്കുന്ന ഇരുവര്‍ക്കുമിടയില്‍ ഇഴപിരിക്കാനാവാത്ത സുഹൃദ്ബന്ധമുണ്ട്. ചില ജോലികള്‍ക്കായി തന്യക്ക് അവര്‍ താമസിക്കുന്ന നഗരത്തിന് പുറത്തേക്ക്് പോവേണ്ടി വരുന്നു. ഇതിനിടയില്‍ സപ്ന രാഹുല്‍ (ആശിഷ് ചൗധരി) എന്നയാളെ കണ്ടുമുട്ടുകയും അയാളുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. തന്യ തിരിച്ചെത്തുമ്പോഴേക്കും സപ്ന പുതിയ പ്രണയത്തിന്റെ ലോകത്തിലാണെന്നറിയുന്നു. സപ്നയെ തനിക്ക് നഷ്ടപ്പെടുന്നത് ഒരു തരത്തിലും തനിക്ക് സഹിക്കാനാവില്ലെന്ന് തിരിച്ചറിയുന്ന തന്യ ആ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നു. കഥാന്ത്യത്തില്‍ രാഹുലിനെ കൊല്ലാന്‍ ശ്രമിക്കുന്ന പ്രതിനായികയായി മാറുകയാണ് തന്യ.

    സ്വവര്‍ഗരതിക്കാരെ മാനസികവിഭ്രാന്തിയുടെ ലോകത്തിലൂടെ സഞ്ചരിക്കുന്നവരായി ചിത്രീകരിക്കാനാണ് കരണ്‍ ഇഷ്ടപ്പെടുന്നതെന്ന് ചിത്രത്തില്‍ വ്യക്തം. ബേസിക് ഇന്‍സ്റിന്‍ക്റ്റ് പോലുള്ള ചിത്രമാണ് അദ്ദേഹത്തിന് മാതൃകയെന്നും വ്യക്തം. ഹിന്ദി സിനിമയിലെ പതിവ് വില്ലനാണ് ഈ ചിത്രത്തിന്റെ കഥാന്ത്യത്തില്‍ പ്രധാന കഥാപാത്രമായ തന്യ.

    ഇഷാ ഗോപികറിന്റെയും അമൃത അറോറയുടെയും ശരീരപ്രദര്‍ശനത്തിന് പശ്ചാത്തലമൊരുക്കാനാണോ ചിത്രത്തിന് സ്വവര്‍ഗരതി പ്രമേയമാക്കിയിരിക്കുന്നത് എന്ന് തോന്നാം. ഇഷയുടെയും അമൃതയുടെയും ശരീരദൃശ്യങ്ങള്‍ കണ്ട് ആനന്ദിക്കാനാണ് സിനിമ കാണുന്നതെങ്കില്‍ പ്രേക്ഷകര്‍ നിരാശപ്പെടേണ്ടിവരില്ല. എന്നാല്‍ കൈകാര്യം ചെയ്യുന്ന പ്രമേയത്തെ അല്പമെങ്കിലും ഗൗരവത്തോടെ സമീപിക്കുന്ന ഒരു സംവിധായകന്റെ ചിത്രമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഈ ചിത്രത്തെ അവഗണിക്കുന്നതാവും നല്ലത്.

    ചിത്രത്തില്‍ സ്വവര്‍ഗരതിക്കാരുടെ പ്രകൃതത്തെ വളരെ വികലമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചെറുപ്പത്തില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട തന്യക്ക് പുരുഷന്‍മാരോട് വെറുപ്പ് ജനിക്കുകയും ക്രമേണ സ്വവര്‍ഗരതിയോട് ആഭിമുഖ്യം ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ സപ്നയ്ക്ക് മദ്യപിക്കുമ്പോള്‍ മാത്രമാണ് സ്വവര്‍ഗരതിയോട് താത്പര്യമുണ്ടാവുന്നത്. സ്വവര്‍ഗരതി ഒഴിവാക്കുന്നതിന് അവള്‍ മദ്യപിക്കാതിരിക്കാന്‍ ശ്രമിക്കുന്നു!

    സ്വവര്‍ഗരതിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം ഒരു വികലസൃഷ്ടി മാത്രമാണ്. ഏക് ചോട്ടീ സി ലൗവ് സ്റോറി പോലെ ഒരു പക്ഷേ വിവാദം ഈ ചിത്രത്തിന്റെയും വിജയത്തെ സഹായിച്ചേക്കാമെന്നുമാത്രം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X