നിര്‍മാണരംഗത്തേക്ക് ബോളിവുഡ് നടിമാര്‍
നിര്‍മാണരംഗത്തേക്ക് ബോളിവുഡ് നടിമാര്‍
ബോളിവുഡിലെ പ്രമുഖ നടികളെല്ലാം കൂട്ടത്തോടെ നിര്‍മാണ രംഗത്തെത്തുന്നു. ജൂഹി ചാവ്ലയ്ക്ക് സംഭവിച്ച തിരിച്ചടിയൊന്നും ഇവര്‍ ശ്രദ്ധിച്ചിട്ടേയില്ല. അഭിനയവും സൗന്ദര്യവും മുതല്‍ക്കൂട്ടാക്കി ഉണ്ടാക്കിയ പണം സിനിമാ നിര്‍മാണത്തില്‍ ചെലവിട്ട് ലാഭം കൊയ്യാനൊരുങ്ങുകയാണ് ബോളിവുഡ് താരസുന്ദരികള്‍.
ഐശ്വര്യാ റായ്, രവീണാ ടണ്ടന്‍, മനീഷാ കൊയ്രാള, റാണി മുക്കര്‍ജി എന്നിവരാണ് സിനിമാ നിര്‍മാണത്തിലേക്ക് തിരിയുന്നത്. ഐശ്വര്യ ചിത്രം നിര്‍മിക്കുന്നത് സഹോദരന്‍ ആദിത്യയുടെ പേരിലാണ്. ദില്‍ കാ രിഷ്ത എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് ഐശ്വര്യ തന്നെ. രാജിവ് റായിയാണ് സംവിധായകന്‍. മോഡലും ബോളിവുഡിലെ പുതിയ താരവുമായ അര്‍ജുന്‍ രാംപാല്‍ ചിത്രത്തിലെ നായകനാവുന്നു. ഐശ്വര്യയുടെ അമ്മയാണ് ചിത്രത്തിന്റെ കഥ രചിക്കുന്നത്.
റാണി മുക്കര്‍ജി നിര്‍മിക്കുന്ന ചിത്രത്തിലെ നായകന്‍ സാക്ഷാല്‍ ഗോവിന്ദയാണ്. റാണിയുടെ ഇഷ്ടനായകന്‍. ഗോസിപ്പുകളുടെ ഒരു പരമ്പരയ്ക്കു ശേഷം, പിണങ്ങിയ ഭാര്യയെ അനുനയിപ്പിക്കാന്‍ താനിനി റാണിയോടൊത്ത് അഭിനയിക്കില്ലെന്ന് പ്രഖ്യാപിക്കേണ്ടി വന്ന ഗോവിന്ദയാണ് ചിത്രത്തിലെ നായകന്‍. മുസാഫിര്‍ അലിയുടെ പുത്രന്‍ ഷാദ് ആണ് മാ സന്തോഷി മാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍.
തുടങ്ങിയ ഒരു പിടി ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് രവീണ ടണ്ഠന്‍. അതിലൊന്നാണ് സതി. ചിത്രങ്ങളില്‍ നായികയാവുന്നത് രവീണ തന്നെ. സംവിധായകനെയും നായകനെയും തീരുമാനിച്ചിട്ടില്ല. സംവിധായകനായി രണ്ട് ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള മലയാളി സംവിധായകന്‍ സംഗീത് ശിവനെ പരിഗണിക്കുന്നുണ്ട്. നായകരായി ഷാരൂഖ് ഖാന്റെയും മോഡല്‍ ജോണ്‍ എബ്രഹാമിന്റെയും പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നു.
മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്തമായി താന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മനീഷ കൊയ്രാള അഭിനയിക്കുന്നില്ല. സുസ്മിതാസെന്നിനെ നായികയാക്കി ഒരു കോമിക് ത്രില്ലര്‍ ഒരുക്കുകയാണ് മനീഷ. മണിരത്നത്തിന്റെ ശിഷ്യന്‍ ശ്രീനിവാസാണ് സംവിധായകന്‍. നായകനെ തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications