ബിപാഷയെ വീണ്ടും പ്രേതം പിടിക്കുന്നു
ബിപാഷയെ വീണ്ടും പ്രേതം പിടിക്കുന്നു
ബോളിവുഡിലെ രതിറാണി ബിപാഷ ബസുവിനെ വീണ്ടും പ്രേതം പിടികൂടുന്നു. റാസിലൂടെ ബോളിവുഡില്‍ നായികാനടികളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച ബിപാഷ പുതിയ ചിത്രത്തില്‍ റാസ് മാതൃകയിലുള്ള വേഷം വീണ്ടും പരീക്ഷിയ്ക്കുകയാണ്.
ഖാണ്ഡെക്ക് ശേഷം മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന രക്തിലാണ് ബിപാഷ വീണ്ടും പ്രേതത്തിന്റെ വലയത്തില്‍ പെടുന്നത്. മദ്യവ്യവസായിയും എംപിയുമായ വിജയ് മല്ല്യയാണ് രക്തിന്റെ നിര്‍മ്മാതാവ്. ഭാവി പ്രവചിക്കാന്‍ നിഗൂഢമായ കഴിവുകളുള്ള ഒരു കഥാപാത്രമാണ് ബിപാഷയുടേത്. ബോളിവുഡിലെ പ്രേതതരംഗത്തിന്റെ ചുവടുപിടിച്ചാണ് മഹേഷ് മഞ്ജ്രേക്കര്‍ രക്ത് ഒരുക്കുന്നത്.
ബോളിവുഡില്‍ പ്രേതസിനിമകളുടെ ഒഴുക്കിന് തുടക്കമിട്ട റാസില്‍ പ്രേതം വേട്ടയാടുന്ന ഒരു യുവതിയുടെ വേഷമാണ് ബിപാഷ അവതരിപ്പിച്ചിരുന്നത്. അപ്രതീക്ഷിതമായ വന്‍വിജയം കൊയ്ത റാസ് ബിപാഷയുടെ കരിയര്‍ ഭദ്രമാക്കി.
സഞ്ജയ് ദത്താണ് രക്തിലെ നായകന്‍. യാന ഗുപ്ത ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
റാസിന് ശേഷം ഒരുക്കപ്പെട്ട പ്രേതചിത്രങ്ങളില്‍ ബോളിവുഡിലെ പ്രമുഖ നടിമാര്‍ ഭൂതാവിഷ്ടകളായി അഭിനയിച്ചിരുന്നു. ഊര്‍മിള, തബു, റാണി മുക്കര്‍ജി, ശില്പാ ഷെട്ടി, ഇഷാ ഗോപികര്‍ എന്നിവരുടെ ഭൂതാവിഷ്ട വേഷങ്ങള്‍ക്ക് പിന്നാലെയാണ് ബിപാഷ വീണ്ടും പ്രേതബാധയേറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications