കുടുംബപശ്ചാത്തലത്തില്‍ യാദീന്‍
കുടുംബപശ്ചാത്തലത്തില്‍ യാദീന്‍
ബോളിവുഡിലെ വന്‍താരനിരകള്‍ ഒരുമിക്കുന്ന യാദീന്‍ കുടുംബപശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ഒട്ടേറെ കുടുംബ കഥകള്‍ പറഞ്ഞിട്ടുള്ള സുഭാഷ് ഗായ് ഈ ചിത്രത്തിലൂടെ ബോളിവുഡ് മുന്‍നിരതാരങ്ങളായ ഹൃതിക് റോഷനെയും കരീനാ കപൂറിനെയും ആദ്യമായി ഒന്നിപ്പിക്കുകയാണ്. ബോളിവുഡിലെ കരുത്തിന്റെ പ്രതീകമായ ജാക്കി ഷ്റോഫ് ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സന്തോഷം കളിയാടുന്ന കുടുംബത്തില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. അച്ഛനമ്മമാരും മൂന്നു പെണ്‍കുട്ടികളും അടങ്ങുന്നതാണ് ഈ കുടുംബം. പക്ഷെ ഏതൊരു സുഖത്തിനും ദുഃഖത്തിന്റെ മറുവശമുള്ളതുപോലെ ഈ സന്തുഷ്ടകുടുംബത്തില്‍ ദുഃഖത്തിന്റെ കരിനിഴല്‍ വീണത് പെട്ടെന്നാണ്. അമ്മ (രതി അഗ്നിഹോത്രി) മരിക്കുന്നതോടെ മൂന്നു പെണ്‍കുട്ടികളുടെയും ചുമതല അച്ഛന്‍ രാജ് സിംഹ് പുരി (ജാക്കി ഷിറോഫ്)യുടെ ചുമലിലായി.
പലപ്പോഴും കുട്ടികളോട് കാര്യമായി സംസാരിക്കാറില്ലാത്ത അച്ഛന് അമ്മയുടെ ചുമതല കൂടി ഏറ്റെടുക്കേണ്ടിവന്നത് വലിയ ഭാരം തന്നെയാവുകയായിരുന്നു. ക്രമേണ അദ്ദേഹം വാത്സല്യനിധിയെങ്കിലും പിടിവാശിക്കാരനായ ഒരച്ഛനായി മാറുന്നു.
പെണ്‍കുട്ടികളില്‍ ഏറ്റവും ഇളയവളായ ഇഷാ പുരിക്ക് (കരീനാ കപൂര്‍) ബന്ധുവായ രോഹിത് മല്‍ഹോത്രയെ (ഹൃതിക് റോഷന്‍) ചെറുപ്പത്തിലേ അറിയാവുന്നതാണ്. രോഹിത് ഗ്രാമത്തിലെ ഒരു ധനാഢ്യന്റെ മകനാണ്. അമരീഷ് പുരിയാണ് ഈ ധനാഢ്യനെ അവതരിപ്പിക്കുന്നത്. എല്ലാ കാര്യങ്ങളും പണം കൊണ്ട് നേടാമെന്ന ആത്മവിശ്വാസമുള്ളയാളാണ് ഈ കഥാപാത്രം.
ഈ കുടുംബത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില പിണക്കങ്ങളും ഇണക്കങ്ങളുമാണ് സുഭാഷ് ഗായ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ യാദീനിലൂടെ പറയുന്നത്. ഇഷാപുരിയുടെ മൂത്ത സഹോദരിമാരെ പുതുമുഖങ്ങളായ അവ്നി വാസയും ഹിമാനി റാവത്തും അവതരിപ്പിക്കുന്നു.
മുംബൈയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. എന്നാല്‍ ലണ്ടനിലും മലേഷ്യയിലും വച്ച് ചിത്രീകരിച്ച ചില പാട്ട് സീനുകള്‍ ചിത്രത്തിന് ഇമ്പമേകും. അനുമാലിക്കിന്റേതാണ് സംഗീതം.


Click it and Unblock the Notifications