ബാന്‍ഡിറ്റ് ക്വീന്‍ തകര്‍ത്തോടുന്നു
മുന്‍ ചമ്പല്‍ക്കൊള്ളക്കാരി ഫൂലന്‍ ദേവിയുടെ കൊലപാതകം ബാന്‍ഡിറ്റ് ക്വീന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് അനുഗ്രഹമാകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറങ്ങിയ ഈ ചിത്രം ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണത്രെ.
ചിത്രം ഓടുന്ന തിയേറ്റര്‍ ഫൂലന്‍ദേവിയുടെ ചിത്രങ്ങളെക്കൊണ്ടും മാലകള്‍ കൊണ്ടും അലങ്കരിക്കുക പോലും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ പരസ്യത്തിനായി ഫൂലന്‍ദേവിയുടെ ചില പോസ്ററുകളും തയ്യാറായിട്ടുണ്ടത്രെ.
ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ഈ ചിത്രം 1994ലാണ് പുറത്തിറങ്ങുന്നത്. ഫൂലന്‍ ദേവി ജയില്‍മോചിതയായ സമയത്തുതന്നെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ആ വഴിയിലും ചിത്രത്തിന് ഏറെ മെച്ചമുണ്ടായിരുന്നുവത്രെ.
അധഃസ്ഥിത വിഭാഗമായ മല്ല സമുദായത്തില്‍ ജനിച്ച ഫൂലന്‍ദേവി പീഡനങ്ങള്‍ സഹിച്ച് വളര്‍ന്ന് ചമ്പല്‍ കൊള്ളക്കാരിയാകുന്നതും 1983ല്‍ കീഴടങ്ങുന്നതും വരെയുള്ള സംഭവവികാസങ്ങള്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൗമാരപ്രായത്തില്‍ ഫൂലനെ ഒരു സംഘം തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്യുന്നതു മുതലാണ് സിനിമ തുടങ്ങുന്നത്. സീമാ ബിശ്വാസാണ് ഫൂലന്‍ ദേവിയുടെ ഭാഗം അഭിനയിച്ചിരിക്കുന്നത്.
ഫൂലന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി മാലാ സെന്‍ രചിച്ച ഇന്ത്യാസ് ബാന്‍ഡിറ്റ് ക്വീന്‍: ദി ട്രൂ സ്റോറി ഓഫ് ഫൂലന്‍ ദേവി എന്ന പുസ്തകമാണ് ചിത്രത്തിന്റെ ആധാരം. ഫൂലന്‍ ദേവിയുടെ മരണം പുസ്തകത്തിന്റെ വില്പനയും കാര്യമായി കൂട്ടിയിട്ടുണ്ടത്രെ.


Click it and Unblock the Notifications











