ഹംഗാമയുമായി പ്രിയദര്‍ശന്‍
ഹംഗാമയുമായി പ്രിയദര്‍ശന്‍
ഹിന്ദിയില്‍ തന്റെ തമാശകള്‍ വിലപ്പോകുമോ എന്ന ആകാംക്ഷയിലാണ് പ്രിയദര്‍ശന്‍. നാലരക്കോടി ചെലവില്‍ നിര്‍മ്മിച്ച ഹംഗാമ ആഗസ്ത് ഒന്ന് വെള്ളിയാഴ്ച ഇന്ത്യയിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.
പ്രിയദര്‍ശന്‍ നേരത്തെ സംവിധാനം ചെയ്ത ഹേരാ ഫേരി എന്ന തമാശചിത്രവും ഹിന്ദിയില്‍ വിജയമായിരുന്നു. അതിന് ശേഷമെടുത്ത യേ തേരാ ഘര്‍, യെ മേരാ ഘര്‍ എന്ന ചിത്രം ബോക്സോഫീസില്‍ തലകുത്തി വീണു. അതിന് ശേഷമാണ് ഇപ്പോള്‍ തമാശ ചിത്രത്തിലൂടെ ഹിന്ദിയില്‍ പ്രിയന്‍ തിരിച്ചുവരവിനൊരുങ്ങുന്നത്.
അക്ഷയ് ഖന്ന, അഫ്താബ് ശിവദാസനി, റിനി ഖന്ന, പരേഷ് റാവല്‍ എന്നിവരാണ് ഹംഗാമ എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 29 കഥാപാത്രങ്ങളുള്ള ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് പ്രിയന്‍ തന്നെ. 49 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
പരസ്പരം തെറ്റിദ്ധരിയ്ക്കുന്ന, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിയ്ക്കേണ്ടിവരുന്നവരാണ് ഹംഗാമയിലെ കഥാപാത്രങ്ങള്‍. ഹംഗാമയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് പ്രിയന്‍. മാത്രമല്ല, ഹിന്ദിയിലെ പ്രേതകഥകളുടെ പ്രവണതയ്ക്ക് തന്റെ ഈ തമാശച്ചിത്രത്തിലൂടെ ഒരു മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നും പ്രിയന്‍ വിശ്വസിയ്ക്കുന്നു.


Click it and Unblock the Notifications