വര്‍മയുടെ ഷോലെയില്‍ മോഹന്‍ലാല്‍
വര്‍മയുടെ ഷോലെയില്‍ മോഹന്‍ലാല്‍
ഹിന്ദിയിലെ എക്കാലത്തെയും വലിയ ഹിറ്റായ ഷോലെ രാംഗോപാല്‍ വര്‍മ പുന:സൃഷ്ടിക്കുമ്പോള്‍ അതിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍!
ഇതിനകം വലിയ വാര്‍ത്താ പ്രാധാന്യം നേടിയ ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയാക്കിയപ്പോള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായ താക്കൂറിനെ അവതരിപ്പിക്കാന്‍ വര്‍മ മോഹന്‍ലാലിനെ തിരഞ്ഞെടുക്കുകയായിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ താക്കൂറായി വേഷമിടുന്ന മോഹന്‍ലാലിന്റെ പ്രധാന എതിരാളിയായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതോ സാക്ഷാല്‍ അമിതാഭ് ബച്ചന്‍! ഒരു അപൂര്‍വകാഴ്ച തന്നെയാണ് രാംഗോപാല്‍ വര്‍മ തന്റെ ഷോലെയില്‍ സൃഷ്ടിക്കുന്നത്.
രമേഷ് സിപ്പിയുടെ ഷോലെയിലെ വില്ലന്‍ കഥാപാത്രമായ ഗബ്ബാര്‍ സിംഗിനെ അംജിത് ഖാനാണ് അവതരിപ്പിച്ചിരുന്നത്. പഴയ ഷോലെയില്‍ യുവാവായ ജയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമിതാഭ് ബച്ചന്‍ കൊള്ളക്കാരനായ ഗബ്ബാര്‍ സിംഗായി വര്‍മയുടെ ഷോലെയില്‍ വേഷമിടുകയാണ്. ചിത്രത്തില്‍ ഗബ്ബാര്‍ സിംഗിന്റെ എതിരാളിയാണ് അയാളോടുള്ള പ്രതികാരം ജീവിതലക്ഷ്യമാക്കിയ താക്കൂര്‍. രമേഷ് സിപ്പിയുടെ ഷോലെയില്‍ സഞ്ജീവ് കുമാര്‍ അവിസ്മരണീയമാക്കിയ കഥാപാത്രം.
കൊള്ളക്കാരനായ ഗബ്ബാര്‍സിംഗുമായുള്ള പോരാട്ടത്തിനിടയില്‍ തന്റെ കുടുംബം നഷ്ടപ്പെട്ട് കൈകള്‍ രണ്ടും ഛേദിക്കപ്പെട്ട നിലയില്‍ ജീവിതം തള്ളിനീക്കേണ്ടിവരുന്ന താക്കൂര്‍ എന്ന മുന്‍പൊലീസുദ്യോഗസ്ഥന്റെ പ്രതികാരത്തിന്റെ കഥയാണ് ഷോലെ പറയുന്നത്. സമര്‍ഥരായ രണ്ട് യുവാക്കളുമായി ചേര്‍ന്ന് തന്റെ മനസിലെ ആളുന്ന പ്രതികാരം സാക്ഷാത്കരിക്കുന്ന താക്കൂറിന്റെ വേഷം പുന:സൃഷ്ടിക്കാനുള്ള അവസരമാണ് മോഹന്‍ലാലിനെ തേടിയെത്തിയിരിക്കുന്നത്.
രമേശ് സിപ്പിയുടെ ഷോലെയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച ജയ് എന്ന കഥാപാത്രമായി വേഷമിടുന്നത് യുവതാരം മൊഹിത് അഹ്ലാവത് ആണ്. രാംഗോപാല്‍ വര്‍മ നിര്‍മിച്ച ജയിംസ് എന്ന ചിത്രത്തിലൂടെയാണ് മൊഹിത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ധര്‍മേന്ദ്ര അവതരിപ്പിച്ച ജയ്യുടെ കൂട്ടുകാരനായ വീരു ആയി അഭിഷേക് ബച്ചന്‍ വേഷമിടുന്നു.
ഹിന്ദി സിനിമയുടെ ചരിത്രത്തിലെ മഹാസംഭവമായിരുന്നു രമേശ് സിപ്പിയുടെ ഷോലെ. ഏറ്റവും കൂടുതല്‍ ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചതിന് റെക്കോര്‍ഡിട്ട ഈ ചിത്രം ഹിന്ദി സിനിമയിലെ ട്രെന്റ് സെറ്ററായാണ് വാഴ്ത്തപ്പെടുന്നത്. കൊള്ളക്കാര്‍ക്കെതിരായ പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും കഥ ഹിന്ദി സിനിമയില്‍ നിരന്തരം ആവര്‍ത്തിക്കപ്പെട്ടത് ഷോലേക്കു ശേഷമാണ്. ഇന്ത്യന്‍ സിനിമയില്‍ പ്രേക്ഷകര്‍ ഇത്രത്തോളം കൊണ്ടാടിയ മറ്റൊരു ചിത്രമുണ്ടായിട്ടില്ല. സഞ്ജീവ്കുമാര്‍, ധര്‍മേന്ദ്ര, അമിതാഭ് ബച്ചന്‍, അംജത്ഖാന്‍ എന്നിവരുടെ സംഗമമായ ഈ ചിത്രം പുതിയ കാലത്തിന്റെ കൗതുകമെന്ന നിലയില്‍ പുന:സൃഷ്ടിക്കുകായമ് രാംഗോപാല്‍ വര്‍മ.
പ്രവചനീയമായ കാസ്റിഗ് രീതികള്‍ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് താന്‍ അമിതാഭ് ബച്ചനെ ഗബ്ബാര്‍ സിംഗ് എന്ന വില്ലന്‍ കഥാപാത്രം ഏല്പിക്കുന്നതെന്ന് രാംഗോപാല്‍ വര്‍മ പറയുന്നു. ചിത്രത്തിലൂടനീളം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രം ഗബ്ബാര്‍സിംഗ് എന്ന വില്ലന്‍ വേഷമാണെന്നും ഷോലെ വീണ്ടും പുന:സൃഷ്ടിക്കുമ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അമിതാഭല്ലാതെ മറ്റൊരു നടനില്ലെന്നും വര്‍മ പറയുന്നു.
ഗബ്ബാര്‍സിംഗുമായുള്ള പോരാട്ടത്തിന്റെ ദുരന്തം ജീവിതത്തില്‍ പേറുകയും അയാളോടുള്ള പ്രതികാരം സാക്ഷാത്കരിക്കുകയും ചെയ്യുന്ന താക്കൂര്‍ എന്ന പൊലീസുദ്യോഗസ്ഥനെ അവതരിപ്പിക്കാന്‍ ഹിന്ദി സിനിമാ ലോകത്തിനു പുറത്തുനിന്നും മോഹന്‍ലാലിനെ ക്ഷണിച്ചതിലൂടെ പ്രവചനീയമായ താരനിര്‍ണയത്തിന്റെ രീതികള്‍ വര്‍മ വീണ്ടും ഭേദിച്ചു.
മോഹന്‍ലാലിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായിരിക്കും ഇത്. മോഹന്‍ലാലിനെ ഹിന്ദിയില്‍ ആദ്യമായി പരിചയപ്പെടുത്തിയതും വര്‍മയാണ്. വര്‍മയുടെ കമ്പനി എന്ന ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ഹിന്ദിയില്‍ മോഹന്‍ലാല്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ആ ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications