ചന്ദ്രമുഖിയും സൂര്യമുഖിയും വിദ്യ
ചന്ദ്രമുഖിയും സൂര്യമുഖിയും വിദ്യ
ചന്ദ്രമുഖിയാവാനും സൂര്യമുഖിയാവാനും ഹിന്ദി സിനിമക്ക് ഒരു നടിയെ മതി- ബോളിവുഡിലെ മലയാളി സൗന്ദര്യമായ വിദ്യാ ബാലനെ. മുന്നാഭായി എംബിബിഎസിന്റെ രണ്ടാം ഭാഗത്തില്‍ സഞ്ജയ് ദത്തിന്റെ നായികയായി ഹിന്ദി നടിമാരുടെ മുന്‍നിരയിലേക്ക് കാലെടുത്തു വച്ച വിദ്യാ ബാലനെ തേടി അപൂര്‍വമായ പ്രൊജക്ടുകളാണ് തേടിയെത്തുന്നത്.
രാജാ രവിവര്‍മയുടെ ജീവിത കഥ ആസ്പദമാക്കി ഷാജി എന്‍. കരുണ്‍ ഒരുക്കുന്ന സൂര്യമുഖി എന്ന ചിത്രത്തില്‍ നിന്നും മാധുരി ദീക്ഷിത് പിന്‍മാറിയതോടെ രവിവര്‍മയുടെ മോഡലായ മറാഠി യുവതിയായി വേഷമിടാനുള്ള അവസരം വിദ്യാ ബാലനെയാണ് തേടിയെത്തിയത്. സൂര്യമുഖിക്കു പിന്നാലെയാണ് ചന്ദ്രമുഖി എന്ന ചിത്രവും വിദ്യയെ തേടിയെത്തിയിരിക്കുന്നത്.
മലയാളി സംവിധായകനായ ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് സൂര്യമുഖിയെങ്കില്‍ ഒരു മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ചന്ദ്രമുഖി. മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിന്റെ റീമേക്കായ ചന്ദ്രമുഖിയില്‍ വിദ്യാബാലന്‍ അവതരിപ്പിക്കുന്നത് കേന്ദ്രകഥാപാത്രത്തെയാണ്.
ശോഭനക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു മണിച്ചിത്രത്താഴിലെ കഥാപാത്രത്തെയാണ് ഹിന്ദിയില്‍ വിദ്യക്ക് അവതരിപ്പിക്കേണ്ടത്. വലിയ വെല്ലുവിളി നല്‍കുന്ന ഒരു കഥാപാത്രം. മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്കില്‍ സൗന്ദര്യയും തമിഴ് റീമേക്കില്‍ ജ്യോതികയുമാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
തമിഴ് റീമേക്കിന് നല്‍കിയ ചന്ദ്രമുഖി എന്ന പേരു തന്നെയാണ് ഹിന്ദി ചിത്രത്തിനും സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ശാസ്ത്രീയനൃത്തം അഭ്യസിച്ചിട്ടുള്ള വിദ്യ ചിത്രത്തിനായി തന്റെ നൃത്തച്ചുവടുകള്‍ കൂടുതല്‍ തികവുറ്റതാക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോള്‍.


Click it and Unblock the Notifications