ഗോഡ്ഫാദര്‍ ഹിന്ദിയിലേക്ക്
ഗോഡ്ഫാദര്‍ ഹിന്ദിയിലേക്ക്
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റുകളിലൊന്നായ ഗോഡ്ഫാദര്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നു. സിദ്ദിക്ക്ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദറിന് ഹിന്ദി രൂപം നല്‍കുന്നത് ഏതാനും മലയാള ചിത്രങ്ങള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തിട്ടുള്ള പ്രിയദര്‍ശനാണ്.
ചിത്രത്തില്‍ ടൈറ്റില്‍വേഷത്തില്‍ പ്രത്യക്ഷപ്പെട്ട എന്‍. എന്‍. പിള്ളയുടെ കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അമരീഷ്പുരിയാണ്. അഞ്ഞൂറാന്‍ എന്നായിരുന്നു മലയാളചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. ഫിലോമിന അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയില്‍ അഭിനയിക്കുന്നത് ലക്ഷ്മിയാണ്.
മുകേഷ് അവതരിപ്പിച്ച കഥാപാത്രമായി അക്ഷയ്ഖന്നയും കനക അവതരിപ്പിച്ച നായികാവേഷത്തില്‍ കരീനാ കപൂറും പ്രത്യക്ഷപ്പെടുന്നു. സുനില്‍ ഷെട്ടിയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമെ ഗോഡ്ഫാദറിന്റെ തെലുങ്ക് റീമേക്കും വന്‍വിജയമായിരുന്നു.
ബോയിംഗ് ബോയിംഗ് എന്ന മലയാള ചിത്രവും ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ പ്രിയന് പദ്ധതിയുണ്ട്. ഇതില്‍ അക്ഷയ്കുമാറാണ് നായകനാവുന്നത്. കിരീടം, കിലുക്കം, സന്മനസുള്ളവര്‍ക്ക് സമാധാനം, പൂച്ചക്കൊരു മൂക്കുത്തി തുടങ്ങിയ ഒരു പിടി മലയാള ചിത്രങ്ങള്‍ പ്രിയന്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications