27 മുതല്‍ ലാല്‍ ഷോലെയില്‍
27 മുതല്‍ ലാല്‍ ഷോലെയില്‍
വിഖ്യാതമായ ഹിന്ദി ചിത്രം ഷോലെയുടെ റീമേക്കില്‍ സപ്തംബര്‍ 27 മുതല്‍ മോഹന്‍ലാല്‍ അഭിനയിച്ചു തുടങ്ങും. പുതിയ കാലഘട്ടത്തിന് ചേര്‍ന്ന മാറ്റങ്ങളോടെ രാംഗോപാല്‍ വര്‍മ ഒരുക്കുന്ന അഭിനവ ഷോലെയില്‍ പൊലീസ് ഓഫീസറുടെ വേഷമാണ് മോഹന്‍ലാലിന്.
ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുമോയെന്ന കാര്യത്തില്‍ നേരത്തെ അവ്യക്തതയുണ്ടായിരുന്നു. ഡേറ്റ് നല്‍കിയ മലയാള ചിത്രങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ ഷോലെയ്ക്കായി ഡേറ്റ് നീക്കി വയ്ക്കുന്നതിലെ പ്രശ്നമായിരുന്നു അവ്യക്തതയ്ക്ക് കാരണം. ഒടുവില്‍ സിനിമാലോകം മുഴുവന്‍ ഉറ്റുനോക്കുന്ന സംരംഭത്തില്‍ ഭാഗമാകാന്‍ മോഹന്‍ലാല്‍ തീരുമാനിക്കുകയായിരുന്നു.
രമേഷ് സിപ്പി സംവിധാനം ചെയ്ത ഷോലെയില്‍ സഞ്ജീവ് കുമാര്‍ അവതരിപ്പിച്ച താക്കൂറിന്റെ വേഷമാണ് മോഹന്‍ലാലിന്. അംജിത്ഖാന്‍ വേഷമിട്ട ഗബ്ബാര്‍സിംഗായി എത്തുന്നത് അമിതാഭ് ബച്ചനാണ്. ആധുനിക ഗബ്ബാറിന്റെ കഥ പറയുന്ന ചിത്രത്തില്‍ അന്താരാഷ്ട്ര പ്രശസ്തനായ അധോലോക നായകനായാണ് ബച്ചന്‍ അഭിനയിക്കുന്നത്. അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് രാം ഗോപാല്‍ വര്‍മ പുതിയ ഷോലെ ഒരുക്കുന്നത്.
രമേഷ് സിപ്പിയുടെ ഷോലെയില്‍ പ്രതികാര നിര്‍വഹണത്തിനായി രണ്ടു യുവാക്കളെ ഉപയോഗപ്പെടുത്തുന്ന താക്കൂറായിരുന്നു നായക കഥാപാത്രം. എന്നാല്‍ അഭിനവ ഷോലെയില്‍ ഗബ്ബാറാണ് നായക കഥാപാത്രം. അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന അധോലോക നായകനെ തളയ്ക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഓഫീസറുടെ വേഷത്തിലായിരിക്കും മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ധര്‍മേന്ദ്ര അവതരിപ്പിച്ച വീരുവായി അജയ് ദേവ്ഗണും അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച ജയ്യായി മൊഹിത് അലുവാലിയയുമാണ് അഭിനയിക്കുന്നത്. ജയാബച്ചന്‍ അവതരിപ്പിച്ച വിധവയായ രാധയുടെ വേഷത്തിലെത്തുന്നത് കത്രീനാ കൈഫാണ്.


Click it and Unblock the Notifications