ബോളിവുഡില്‍ പുതിയ തരംഗം
ബോളിവുഡില്‍ പുതിയ തരംഗം
പ്രമേയത്തിലെ പരീക്ഷണങ്ങള്‍ ബോളിവുഡില്‍ പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ്. ഗ്ലാമര്‍ തരംഗത്തിനും പ്രേതസിനിമകള്‍ക്കും ശേഷം പുതിയൊരു തരംഗം ബോളിവുഡില്‍ അലയടിക്കുന്നു. മുംബൈയില്‍ പെരുകിവരുന്ന അക്രമവും കുറ്റകൃത്യങ്ങളും പ്രതിപാദിക്കുന്ന കഥകള്‍ പ്രമേയമാക്കി ബോളിവുഡില്‍ പുതിയ ചിത്രങ്ങള്‍ ഒരുങ്ങുകയാണ്.
അനുരാഗ് കാശ്യപിന്റെ ബ്ലാക്ക് ഫ്രൈഡേ എന്ന ചിത്രമാണ് ഇവയില്‍ ഏറ്റവും ശ്രദ്ധേയം. അനുരാഗ് കാശ്യപ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 1993ലെ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട ഒരു കഥയാണ് പറയുന്നത്. മാധ്യമപ്രവര്‍ത്തകനായ എസ്. ഹുസൈന്‍ സെയ്ദിയുടെ ബ്ലാക്ക് ഫ്രൈഡേ: ദ സ്റോറി ഒഫ് ദ ബോംബെ ബോംബ് ബ്ലാസ്റ്സ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്.
ബോളിവുഡില്‍ പ്രേതതരംഗം സൃഷ്ടിച്ച ഭൂതിന് ശേഷം രാംഗോപാല്‍വര്‍മ ഒരുക്കുന്ന അബ്തക്ഛപ്പന്‍ എന്ന ചിത്രത്തില്‍ കുറ്റവാളികളെ വെടിവെച്ചുവീഴ്ത്തിയതില്‍ റെക്കോഡിട്ട ഒരു പൊലീസ് ഇന്‍സ്പെക്ടറുടെ കഥയാണ് പറയുന്നത്. ദയാനായിക് എന്ന പൊലീസ് ഇന്‍സ്പെക്ടറായി നാനാ പടേക്കറാണ് അഭിനയിക്കുന്നത്. ഭൂതിലും നാന ഒരു പൊലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം തീവണ്ടിയില്‍ വച്ച് ഒരു പെണ്‍കുട്ടി മറ്റ് യാത്രക്കാരുടെ സാന്നിധ്യത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെ ആസ്പദമാക്കി മേഹുല്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാഗോ. ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടിയുടെ അമ്മയായി രവീണാ ടണ്ഡന്‍ അഭിനയിക്കുന്നു.
ചാന്ദ്നിബാര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മധുര്‍ ഭണ്ഡാര്‍കര്‍ ഒരുക്കുന്ന ആന്‍ ആണ് ഈ ഗണത്തില്‍ പെടുന്ന മറ്റൊരു ചിത്രം. എന്‍. ചന്ദ്രയുടെ കാഗാര്‍ എന്ന ചിത്രവും ഇത്തരമൊരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.


Click it and Unblock the Notifications