സോനാ നായര്‍ ഹിന്ദിയില്‍
സോനാ നായര്‍ ഹിന്ദിയില്‍
മലയാളത്തിലെന്ന പോലെ ഹിന്ദിയിലും പ്രിയദര്‍ശന്‍ സംവിധായകരുടെ മുന്‍നിരയിലാണ്. വിരാസത്ത്, ഹംഗാമ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ ശ്രദ്ധേയനായി സംവിധായകനായി മാറിയ പ്രിയദര്‍ശന്‍ ഹിന്ദിയിലെ തിരക്കുകള്‍ക്കിടയിലും മലയാളത്തെ മറക്കാറില്ല. മലയാള നടന്‍ ജഗദീഷ് ഹിന്ദിയിലെത്തിയത് പ്രിയദര്‍ശന്റെ ചിത്രത്തിലൂടെയാണ്.
പ്രിയദര്‍ശന്റെ ഹംഗാമയിലെ തമാശ കഥാപാത്രത്തെ അവതരിപ്പിച്ച ജഗദീഷിന് ഇപ്പോള്‍ അതുവഴി ഹിന്ദിയില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍ കൈവന്നിട്ടുണ്ട്. ഇപ്പോഴിതാ മലയാനടി സോനാ നായരെയും പ്രിയന്‍ ഹിന്ദിയിലെത്തിക്കുന്നു.
പ്രിയദര്‍ശന്റെ പുതിയ ഹിന്ദി ചിത്രത്തിലാണ് സോനാനായര്‍ അഭിനയിക്കുന്നത്. മാലാമല്‍ വീക്ക്ലി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പരേഷ് റാവലിന്റെ ഭാര്യയായാണ് സോനാ നായര്‍ അഭിനയിക്കുന്നത്.
തനിക്ക് ലോട്ടറിയടിച്ചെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിക്കുന്ന ഒരു ഗ്രാമീണനില്‍ നിന്നും ലോട്ടറി തട്ടിയെടുക്കുന്ന പാല്‍ വില്പനക്കാരന്റെ കഥയാണ് മാലാമല്‍ വീക്ക്ലി പറയുന്നത്. പാല്‍ വില്പനക്കാരന്റെ കൈയില്‍ ലോട്ടറിയുണ്ടെന്ന രഹസ്യം ഗ്രാമത്തിലെ ഓരോരുത്തരായി അറിയുന്നതും അവരെല്ലാം ലോട്ടറി തുകയുടെ ഒരു പങ്ക് ആവശ്യപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പരേഷ് റാവലിനെയും സോനാനായരെയും കൂടാതെ ഓംപുരി, റിതേഷ് ദേശ്മുഖ്, റീമാസെന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രിയദര്‍ശന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മധുരക്കടുത്ത് കായകുടിയില്‍ നടന്നുവരികയാണ്.


Click it and Unblock the Notifications