For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കശ്മീര്‍ ഭൂപടം മാറ്റിമറിക്കാന്‍ മിഷന്‍ കശ്മീര്‍

  By Staff
  |

  കശ്മീര്‍ ഭൂപടം മാറ്റിമറിക്കാന്‍ മിഷന്‍ കശ്മീര്‍

  കശ്മീരിന്റെയും തീവ്രവാദപ്രവര്‍ത്തനത്തിന്റെയും പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ചിത്രവുമായാണ് ജനപ്രിയ ഹിന്ദി സംവിധായകന്‍ വിധു വിനോദ് ചോപ്ര ഇത്തവണ എത്തുന്നത്. കശ്മീരിന്റെ മനം മയക്കുന്ന പ്രകൃതി സൗന്ദര്യം തീരശ്ശീലയില്‍ നിറച്ചുകൊണ്ട്.

  ചോപ്രയുടെ മിഷന്‍ കശ്മീര്‍ ദീപാവലി നാളില്‍ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യുമ്പോള്‍ തന്നെ കേരളക്കരയിലും എത്തുന്നു. കഹോ നാ പ്യാര്‍ ഹൈ, ഫിസ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ജനസഹസ്രങ്ങളുടെ ഹരമായ ഹൃതിക് റോഷനാണ് ചിത്രത്തിലെ നായകന്‍. നായിക പ്രീതി സിന്റ.

  സഞ്ജയ് ദത്ത്, ജാക്കി ഷ്റോഫ് എന്നീ ഒന്നാം നിരക്കാര്‍ക്കൊപ്പം ദേശീയ അവാര്‍ഡ് ജേതാവ് സോനാലി കുല്‍ക്കര്‍ണ്ണി, അഭയ് ചോപ്ര, വിനീത് ശര്‍മ്മ, ശഹീദ് ഖാന്‍, റോമി മാനിക്, രാജീവ് സക്സേന എന്നിവരും അഭിനയിക്കുന്നു.

  എന്താണീ കശ്മീര്‍ യജ്ഞം..?

  കശ്മീരിലെ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന താഴ്വരയിലാണ് പൊലീസ് ഓഫീസറായ ഇനായത് ഖാനും ഭാര്യ നീലിമയും വളര്‍ത്തു പുത്രനായ അല്‍ഫാത്തും താമസിക്കുന്നത്. കശ്മീരിലെ ഭീകരവാദം സമ്മാനിച്ച വേദനകള്‍ ബാല്യത്തില്‍ തന്നെ ഏറ്റു വാങ്ങേണ്ടി വന്നവനാണ് അല്‍ത്താഫ്. ഭീകരരും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടയില്‍ മാതാപിതാക്കും കൊച്ചനിയത്തിയും മുഖംമൂടി ധരിച്ച ഒരാളുടെ വെടിയേറ്റ് മരിച്ചുവീഴുന്നത് അവനു കണ്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും അവനെ ആ ദൃശ്യങ്ങള്‍ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

  വലിയൊരു ദുരനുഭവവും കൂടി അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. തന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്ത മുഖംമൂടി ധരിച്ച അപരിചിതന്‍ തന്നെയാണ് ഇപ്പോള്‍ തന്റെ വളര്‍ത്തച്ഛനായ ഇനായത് ഖാനെന്ന സത്യം. അന്ന് അവന്റെ മനസ്സില്‍ ഒരു പോരാളി ഉടലെടുത്തു. വീടുവിട്ടിറങ്ങിയ അല്‍ത്താഫ് ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഭൂപടം മാറ്റിമറിക്കാനുള്ള മിഷന്‍ കശ്മീര്‍ എന്ന രഹസ്യപദ്ധതിയില്‍ പങ്കാളിയായി.

  ഗറില്ലാ നേതാവ് ഹിലാല്‍ കോഹിസ്താനിയുടെ നേതൃത്വത്തിലുള്ള ഭീകരസംഘത്തിന്റെ മുന്നണി പോരാളിയായാണ് അല്‍ത്താഫ് വീണ്ടും കശ്മീര്‍ താഴ്വരയില്‍ എത്തുന്നത്. അവിടെവെച്ച് അവന്‍ തന്റെ ബാല്യകാലസഖി സൂഫിയെ കണ്ടെത്തി. ഇതിനകം ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറായിക്കഴിഞ്ഞിരുന്നു സൂഫി. അവളുടെ സൗന്ദര്യത്തിലും ശുഭാപ്തിവിശ്വാസത്തിലും അല്‍ത്താഫ് വീണ്ടും സ്നേഹവും പ്രതീക്ഷയും കണ്ടെത്തി.

  പക്ഷെ ഇനായത് ഖാനോടുള്ള പകയെ തണുപ്പിക്കാന്‍ ഈ ബന്ധത്തിനും സാധ്യമായിരുന്നില്ല. മിഷന്‍ കശ്മീര്‍ പ്രാവര്‍ത്തികമാക്കാനുള്ള ദിനമെത്തി. അല്‍ഫാത്തും ഇനായത് ഖാനും നേര്‍ക്കു നേര്‍ കണ്ടുമുട്ടി. പോരാട്ടത്തിന്റെ ജയപരാജയങ്ങള്‍ ചിത്രത്തിന്റെ അവസാനരംഗങ്ങളിലേക്കായി വിധു ചോപ്ര മാറ്റിവെക്കുന്നു.

  അല്‍ഫാത്തായി എത്തുന്നത് ഹൃതിക് റോഷനാണ്. കാമുകി സൂഫിയായി പ്രീതി സിന്റയും. ഇനായത് ഖാനെന്ന ഉരുക്കുമനുഷ്യന്‍ സഞ്ജയ് ദത്ത്. ഗറില്ലാ നേതാവ് ഹിലാല്‍ കോഹിസ്താനിയെ ജാക്കി ഷ്റോഫ് അവതരിപ്പിക്കുന്നു. സോനാലി കുല്‍ക്കര്‍ണ്ണിയാണ് നീലിമ.

  ചിത്രത്തിലെ ഇന്‍ഡോര്‍-ഔട്ട്ഡോര്‍ സീനുകള്‍ക്കായി കശ്മീരിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത് മുംബൈ ഫിലിം സിറ്റിയില്‍ വെച്ചാണ്. കശ്മീരിന്റെ മനം മയക്കുന്ന സൗന്ദര്യം ഒപ്പിയെടുത്തിട്ടുള്ള ചിത്രത്തിലെ ഗാനങ്ങളും ഹൃദയഹാരിയാണ്. റാഹത്ത് ഇന്‍ഡോരി, സമീര്‍ എന്നിവര്‍ രചിച്ച ഏഴു പാട്ടുകളാണ് മിഷന്‍ കശ്മീരില്‍ ഉള്ളത്. ശങ്കര്‍ മഹാദേവനും ഇശാല്‍ ലോയിയും സംഗീതം നല്‍കി. പാട്ടുകളില്‍ രണ്ടെണ്ണം കശ്മീരി നാടോടി നൃത്തത്തിന്റെ ചുവടുപിടിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.

  സംവിധായകന്‍ വിധു ചോപ്രയുടെ ജന്മനാടാണ് കശ്മീര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മിഷന്‍ കശ്മീരിന്റെ ഷൂട്ടിംഗിന് ചോപ്ര ശ്രീനഗറില്‍ തുടക്കമിട്ടത്. ഗ്രനേഡുകളുടെ സ്ഫോടന ശബ്ദത്തിനിടയിലും തോക്കിന്‍ മുനകളിലും നിന്നാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതെന്ന് ചോപ്ര പറയുന്നു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X