ദീപാവലിക്ക് പ്രിയന്റെ രണ്ട് ഹിന്ദി ചിത്രങ്ങള്‍
ദീപാവലിക്ക് പ്രിയന്റെ രണ്ട് ഹിന്ദി ചിത്രങ്ങള്‍
വിരാസത്ത്, ഹംഗാമ, ഹല്‍ ചല്‍ തുടങ്ങിയ ചിത്രങ്ങളുടെ വന്‍വിജയത്തിലൂടെ ബോളിവുഡിലെ സംവിധായകരുടെ മുന്‍നിരയിലേക്ക് ഉയര്‍ന്ന പ്രിയദര്‍ശന്‍ ഈ ദീപാവലിക്ക് ഹിന്ദി സിനിമയില്‍ ചരിത്രം സൃഷ്ടിക്കുകയാണ്. ഇത്തവണത്തെ ദീപാവലി ചിത്രങ്ങളില്‍ രണ്ടെണ്ണം പ്രിയദര്‍ശന്റേതാണ്.
പ്രിയന്റെ ഗരംമസാല, ക്യോന്‍കി എന്നീ ചിത്രങ്ങളാണ് ദീപാവലിക്കെത്തുന്നത്. ഇതിനു മുമ്പ് ഹിന്ദിയില്‍ ഒരേ ദിവസം രണ്ട് ചിത്രങ്ങള്‍ റിലീസിംഗിനെത്തിച്ചത് ഡേവിഡ് ധവാന്‍ മാത്രമാണ്. 1992ല്‍ മിസ്റര്‍ ആന്റ് മിസിസ് ഖിലാഡി, ദിവാന മസ്താന എന്നീ രണ്ട് ഡേവിഡ് ധവാന്‍ ചിത്രങ്ങളാണ് ഒരേ ദിവസം റിലീസ് ചെയ്തത്. ഡേവിഡ് ധവാനു ശേഷം പ്രിയദര്‍ശന്‍ ആ ചരിത്രം ആവര്‍ത്തിക്കുകയാണ്.
പതിവു പ്രിയന്‍ ചിത്രങ്ങള്‍ പോലെ ഗരംമസാല, ക്യോന്‍കി എന്നിവയും റീമേക്കുകളാണ്. പ്രശസ്തമായ ഹോളിവുഡ് ചിത്രം ബോയിംഗ് ബോയിംഗ് അതേ പേരില്‍ മലയാളത്തില്‍ റീമേക്ക് ചെയ്തിട്ടുള്ള പ്രിയദര്‍ശന്‍ ഗരംമസാല എന്ന പേരില്‍ അത് ഹിന്ദിയിലും പുന:സൃഷ്ടിച്ചിരിക്കുകയാണ്. മലയാളത്തിലെ മോഹന്‍ലാലിന്റെയും മുകേഷിന്റെയും വേഷങ്ങളില്‍ അക്ഷയ്കുമാറും ജോണ്‍എബ്രഹാമുമാണെത്തുന്നത്.
മലയാളചിത്രത്തില്‍ സുകുമാരി അവതരിപ്പിച്ച വേഷം ഹിന്ദിയിലെത്തുമ്പോള്‍ പുരുഷ കഥാപാത്രമായി മാറിയിട്ടുണ്ട്. പരേഷ് റാവലാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിമിസെന്‍, ഡെയ്സി ബൊപ്പെണ്ണ, നര്‍ഗീസ് നീതുചന്ദ്രന്‍ എന്നിവരാണ് നായികമാര്‍.
ഗരംമസാല മുഴുനീള കോമഡി ചിത്രമാണെങ്കില്‍ കോമഡിയ്ക്കൊപ്പം വൈകാരിക രംഗങ്ങളും ഇഴചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണ് താളവട്ടത്തിന്റെ റീമേക്കായ ക്യോന്‍കി. മോഹന്‍ലാല്‍ അവതരിപ്പിച്ച വേഷത്തില്‍ ഹിന്ദിയില്‍ വേഷമിടുന്നത് സല്‍മാന്‍ഖാനാണ്. കരീനകപൂറാണ് നായിക. മലയാളത്തില്‍ കാര്‍ത്തിക അവതരിപ്പിച്ച വേഷത്തിലാണ് കരീനയെത്തുന്നത്.
ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ റിമിസെന്‍ ആണ് മറ്റൊരു നായിക. ഓംപുരിയും ജാക്കി ഷെറോഫുമാണ് ചിത്രത്തില്‍ വേഷമിടുന്ന മറ്റ് പ്രമുഖതാരങ്ങള്‍.


Click it and Unblock the Notifications