കാജള്‍ വീണ്ടും
കാജള്‍ വീണ്ടും
മുംബൈ എക്സ്പ്രസ് എന്ന ചിത്രത്തിലൂടെ കാജള്‍ ബോളിവുഡില്‍ മൂന്നാം വരവ് നടത്തുന്നു. മഹേഷ് മഞ്ജരേക്കറാണ് കാജള്‍ മൂന്നാം വരവ് നടത്തുന്ന ചിത്രത്തില്‍ നായകനാവുന്നത്.
വിവാഹത്തിന് ശേഷം സിനിമയിലേക്കുള്ള രണ്ടാം വരവില്‍ കാജളിന് വേണ്ടത്ര തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതോടെ ഇടക്കാലത്ത് കാജള്‍ സിനിമകളില്‍ വീണ്ടും പ്രത്യക്ഷപ്പെടാതായി. ബോളിവുഡിലെ ഒന്നാം നിര നടന്‍മാരുടെ നായികയായിട്ടുള്ള കാജള്‍ ഏതാനും ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള, സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനായ മഹേഷ് മഞ്ജരേക്കറിന്റെ നായികയായാണ് മൂന്നാം വരവ് നടത്തുന്നത് എന്നത് കൗതുകകരം തന്നെ.
തമിഴില്‍ കമലഹാസന്‍ നായകനാവുന്ന മുംബൈ എക്സ്പ്രസ് എന്ന ചിത്രം തന്നെയാണ് ഹിന്ദിയിലും ഒരുക്കുന്നത്. നേരത്തെ തമിഴിലും ഹിന്ദിയിലും കമലഹാസന്‍ തന്നെ അഭിനയിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. അങ്ങനെയാണ് മഹേഷ് മഞ്ജരേക്കറിന് നറുക്ക് വീണത്.
കമലഹാസന്‍ അഭിനയിക്കുന്ന തമിഴ് ചിത്രത്തില്‍ നായികയാവുന്നത് മനീഷ കൊയ്രാളയാണ്. നേരത്തെ പുതിയ ചിത്രത്തില്‍ നായികയാവാന്‍ ഹിന്ദിയിലെ മറ്റ് പ്രമുഖ നടിമാരെ കമലഹാസന്‍ സമീപിച്ചിരുന്നു. മാധുരി ദീക്ഷിത്, ശ്രീദേവി, തബു എന്നിവര്‍ കമല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതോടെയാണ് മനീഷ കൊയ്രാളക്ക് അവസരം കൈവന്നത്.
ശിങ്കിതം ശ്രീനിവാസറാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 22 തിങ്കളാഴ്ചയാണ് മുംബൈ എക്സ്പ്രസിന്റെ ചിത്രീകരണം തുടങ്ങുന്നത്.


Click it and Unblock the Notifications