അമീര്‍ ഖാന്‍റെ നായയുടെ പേര് ഷാരൂഖ്!!
ബിസ്‌കറ്റിനായി ഷാരൂഖ് എന്റെ കാല്‍ നക്കുന്നുവെന്ന് അമീര്‍ ഖാന്‍ പറയുകയോ എഴുതുകയോ ചെയ്‌താല്‍ വശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ സംഗതി സത്യമാണ്. ബിസ്‌കറ്റിന് വേണ്ടിയെന്നല്ല ഇഷ്ടപ്പെട്ട എന്തിന് വേണ്ടിയും ഷാരൂഖ് അമീറിന്റെ കാലുകള്‍ നക്കും, മുട്ടിയുരുമ്മും എന്നാല്‍ ഈ ഷാരൂഖ് നമ്മുടെ സാക്ഷാല്‍ കിംഗ് ഖാനാണെന്ന് തെറ്റിദ്ധരിയ്‌ക്കരുത്.
ഇത് അമീറിന്റെ വളര്‍ത്തുനായയായ ഷാരൂഖ്. ഗജിനി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വിശ്രമിക്കുന്ന അമീര്‍ തന്റെ ബ്ലോഗിലാണ് പാഞ്ചഗണിലെ വീട്ടിലുള്ള ഷാരൂഖ് എന്ന വളര്‍ത്തുനായയെക്കുറിച്ച് എഴുതുന്നത്.
അമീറിന്റെ നായയ്‌ക്ക് ഷാറൂഖ് എന്നാണ് പേരെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ബോളിവുഡില്‍ ഇരുവരും തമ്മില്‍ നിലനില്‍ക്കുന്ന ചെറിയ ഭാഗമായിരിക്കുമിതെന്നേ ആരും ചിന്തിയ്‌ക്കൂ. സാക്ഷാല്‍ ഷാരൂഖ് ഖാനോടുള്ള ദേഷ്യം തീര്‍ക്കാന്‍ അമീര്‍ നായയ്‌ക്ക് അദ്ദേഹത്തിന്റെ പേരിട്ടുവെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി.
നായയുടെ പേര് ഷാറൂഖ് എന്നിട്ടതിനെക്കുറിച്ചും ബ്ലോഗില്‍ അമീര്‍ വിശദീകരണം നല്‍കുന്നുണ്ട്. അമീര്‍ ഈ വീടുവാങ്ങിയപ്പോള്‍ അവിടെയുണ്ടായിരുന്ന കാര്യസ്ഥന്മാര്‍ക്കൊപ്പമുണ്ടായിരുന്ന നായയാണത്രേ ഇത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വീട്ടില്‍ നടന്ന പരസ്യ ചിത്രീകരണത്തില്‍ അഭിനയിക്കാന്‍ ഷാരൂഖ് ഖാന്‍ എത്തിയ ദിവസമാണത്രേ വീട്ടിലെ കാര്യസ്ഥന്‍ ഈ നായയെ കൊണ്ടുവന്നത്. ഷാരൂഖ് വീട്ടില്‍ വന്നതിന്റെ ഓര്‍മ്മയ്‌ക്കായി അദ്ദേഹം നായ്‌ക്കുട്ടിക്ക് ഷാരൂഖ് എന്നുപേരിടുകയും ചെയ്‌തു-അമീര്‍ എഴുതുന്നു.
ഈ നായ ഉള്ളതുകൊണ്ടാണ് ഞാന്‍ ഈ വീടുവാങ്ങിയതെന്ന് എന്റെ ചില കൂട്ടുകാര്‍ പറയാറുണ്ട്. അങ്ങനെ ചെയ്യണമെങ്കില്‍ ഞാന്‍ ഷാരൂഖിന്റെ കടുത്ത ആരാധകനായിരിക്കണം- ഇങ്ങനെ പോകുന്നു ബ്ലോഗിലെ നായവൃത്താന്തം.


Click it and Unblock the Notifications