»   » നിശബ്ദ പ്രണയവുമായി ഗുസാരിഷ്

നിശബ്ദ പ്രണയവുമായി ഗുസാരിഷ്

Posted By:
Subscribe to Filmibeat Malayalam
Ash And Hrithik in Guzarish
വ്യത്യസ്തമായ ഒരു പ്രണയകഥയുമായി സഞ്ജയ് ബന്‍സാലി ചിത്രം ഗുസാരിഷ് പ്രദര്‍ശനത്തിനെത്തി. പ്രണയത്തിന്റെ വ്യത്യസ്തതലത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന 'ഗുസാരിഷിനെക്കുറിച്ച് മോശമല്ലാത്ത റിപ്പോര്‍ട്ടുകളാണ് വരുന്നത്.

ഐശ്വര്യറായിയും ഹൃത്വിക്‌റോഷനും നായികാനായകന്മാരാകുന്ന ചിത്രം അപകടത്തില്‍ പരിക്കേറ്റ് ശയ്യാവലംബിയായ യുവാവിനും അവനെ വര്‍ഷങ്ങളായി പരിചരിക്കുന്ന നഴ്‌സിനും ഇടയില്‍ ഇതള്‍ വിരിയുന്ന നിശ്ശബ്ദ പ്രണയമാണ് ചിത്രീകരിക്കുന്നത്.

അവശതകളെ അതിജീവിക്കാനുള്ള കരുത്തും പ്രേരണയും നല്‍കുന്ന ചിത്രം, ദയാവധത്തിന്റെ വിവിധ വശങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.

മജീഷ്യനായ എതന്‍ മസ്‌കരീഞ്ഞ എന്ന ഗോവക്കാരനെയാണ് ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അപകടമേറിയ ഒരു ഇനം അവതരിപ്പിക്കുന്നതിനിടെ അദ്ദേഹത്തിന് പിഴവ് പറ്റുന്നു. ആ പിഴവ് അവന്റെ ജീവിതത്തെത്തന്നെ തകര്‍ക്കുന്നു. നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായതോടെ എതന്റെ മാജിക് കരിയര്‍ അവസാനിക്കുന്നു.

എന്തിനും ഏതിനും പരസഹായം വേണ്ട എതാനെ ശുശ്രൂഷിക്കുന്ന നഴ്‌സായ സോഫിയ ഡിസൂസയുടെ വേഷമാണ് ഐശ്വര്യ റായിയുടേത്.

പന്ത്രണ്ട് വര്‍ഷമായുള്ള ഇവരുടെ ബന്ധം മനസ്സുകള്‍ തമ്മിലുള്ള തീവ്രപ്രണയമായി മാറുന്നു.സോഫിയയുടെ പ്രേരണയാല്‍ എതാന്‍ ഒരു റേഡിയോ ജോക്കിയാകുന്നു. മനോഹരമായ ശബ്ദവും നര്‍മബോധവും വാചാലതയുംകൊണ്ട് അവന്‍ ജനങ്ങളുടെ പ്രിയങ്കരനായി മാറുന്നു.

ഒടുവില്‍ അപകടത്തിന്റെ 14ാം വാര്‍ഷികദിവസം ഏവരെയും ഞെട്ടിച്ച് എതാന്‍ ദയാവധത്തിനായുള്ള അപേക്ഷ(ഗുസാരിഷ്)യുമായി കോടതിയെ സമീപിക്കുന്നു. സോഫിയയുടെ മനസ്സില്‍ ഇതുണ്ടാക്കിയ ആഘാതം ഏറെ വലുതായിരുന്നു. പിന്നീടുണ്ടാകുന്ന സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ കഥ വികസിക്കുന്നു.

ചിത്രത്തിന്റെ നിര്‍മാണത്തിലും തിരക്കഥാ രചനയിലും പങ്കാളിയായ സംവിധായകന്‍ സഞ്ജയ്‌ലീലാബന്‍സാലിതന്നെയാണ് ഇതിലെ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്.

ഐശ്വര്യയും ബന്‍സാലിയും ഒന്നിച്ച മുന്‍ ചിത്രങ്ങളായ 'ഹം ദില്‍ ദെ ചുകെ സനം', 'ദേവദാസ്' എന്നിവ വിജയമായിരുന്നു. ഹൃത്വിക്കിനോടൊപ്പം ഐശ്വര്യ അഭിനയിച്ച 'ധൂം', 'ജോധാ അക്ബര്‍' എന്നിവയും വിജയമായിരുന്നു.

ഹൃത്വിക്കിനാകട്ടെ 'കൈറ്റ്‌സി'ന്റെ പരാജയശേഷം ഇറങ്ങുന്ന ചിത്രമെന്നനിലയില്‍ വിജയം കൂടിയേ തീരൂ.എല്ലാതരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ ചിത്രത്തിലുണ്ടെന്നും അതിനാല്‍ പ്രേക്ഷകര്‍ കൈവിടില്ലെന്ന ശുഭപ്രതീക്ഷയിലാണ് ബന്‍സാലിയും.

English summary
Just released, Bollywood film, Guzaarish gets good reviews from different review portals and entertainment sites. Guzarish Movie stars Hrithik Roshan, Aishwarya Rai, among others. The movie is directed by none other than Sanjay Leela Bhansali who is also directing the music of the movie,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam