ബച്ചന്‍ കുടുംബത്തിനായി ഒരു സിനിമ
ബച്ചന്‍ കുടുംബത്തിനായി ഒരു സിനിമ ഒരുക്കുകയാണ് രാം ഗോപാല്‍ വര്‍മ. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യാറായി എന്നിവര്‍ വേഷമിടുന്ന സര്‍ക്കാരിന്റെ രണ്ടാം ഭാഗം. അമിതാഭ് ബച്ചന്റെ മകനായി അഭിഷേക് ബച്ചനും അഭിഷേകിന്റെ ഭാര്യയായി ഐശ്വര്യാറായിയും വേഷമിടും.
ഫ്രാന്‍സിസ് ഡി കപ്പോളയുടെ വിഖ്യാത ചിത്രമായ ഗോഡ് ഫാദറിന്റെ പ്രമേയത്തെ ആസ്പദമാക്കി രാംഗോപാല്‍ വര്‍മ ഒരുക്കിയ ചിത്രമാണ് സര്‍ക്കാര്‍. ആ ചിത്രത്തില്‍ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും അച്ഛനും മകനുമായാണ് പ്രത്യക്ഷപ്പെട്ടത്. കപ്പോളയുടെ ഗോഡ് ഫാദര്‍ രണ്ടാം ഭാഗം പോലെ സര്‍ക്കാരിനും രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ മകന്റെ ഭാര്യ കൂടി ചിത്രത്തിലെത്തുന്നു.
സര്‍ക്കാരില്‍ അമിതാഭ് ബച്ചന്‍ അധോലോക നായകനായാണ് വേഷമിട്ടത്. ഒരു പ്രത്യേക ഘട്ടത്തില്‍ അച്ഛന്‍ വഹിച്ച നായകത്വം മകന്‍ ഏറ്റെടുക്കുന്നു. സര്‍ക്കാരിന്റെ രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ അധോലോക നായകനായി തുടരുന്ന അഭിഷേകിന് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്ന വൃദ്ധനായ പിതാവായി അമിതാഭ് തുടരുന്നു. അധോലോകത്തിന്റെ സങ്കീര്‍ണമുഖങ്ങള്‍ക്കു മുന്നില്‍ പകച്ചുപോകുന്ന അമിതാഭിന് ധൈര്യം നല്‍കുന്നത് പലപ്പോഴും ഭാര്യയാണ്. കുടുംബം നേരിടുന്ന പല പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഐശ്വര്യയുടെ കഥാപാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്.
മുമ്പും അമിതാഭും അഭിഷേകും ഐശ്വര്യയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ബണ്ടി ഔര്‍ ബബ്ലി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് മൂവരും ഒന്നിച്ചഭിനയിച്ചത്. ബച്ചന്‍ കുടുംബം ഒരു കുടുംബമായി തന്നെ പ്രത്യക്ഷപ്പെടുന്ന സര്‍ക്കാര്‍-2 വിവാഹത്തിനു ശേഷം ഐശ്വര്യയും അഭിഷേകും ഒന്നിച്ചഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും.


Click it and Unblock the Notifications