റാണി-ആദിത്യ വിവാഹ നിശ്ചയം കഴിഞ്ഞു?
ബോളിവുഡില്‍ മറ്റൊരു താരവിവാഹത്തിന് അരങ്ങൊരുങ്ങുകയാണോ? ബണ്ടി ഔര്‍ ബബ്ലി എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചതോടെ റാണി മുക്കര്‍ജിയും അഭിഷേക് ബച്ചനും പ്രണയത്തിലായെന്നും അവര്‍ ഉടന്‍ വിവാഹിതരാവുമെന്നും ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ അഭിഷേക് വിവാഹം ചെയ്തത് ഐശ്വര്യാറായിയെ. റാണി മുക്കര്‍ജിയാവട്ടെ സംവിധായകനും നിര്‍മാതാവുമായ ആദിത്യ ചോപ്രയുമായി വിവാഹ നിശ്ചയം നടത്തിയെന്നാണ് പുതിയ വാര്‍ത്ത.
തിങ്കളാഴ്ച ആദിത്യയുടെ ജൂഹുവിലെ ബംഗ്ലാവില്‍ വച്ച് ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങ് നടന്നെന്നും ഇതില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തുവെന്നുമായിരുന്നു വാര്‍ത്ത. വിവാഹ നിശ്ചയ വാര്‍ത്ത പരന്ന അതേ വേഗത്തില്‍ ആദിത്യ ചോപ്രയുടെ കുടുംബം അത് നിഷേധിച്ചെങ്കിലും അതുകൊണ്ടൊന്നും ഈ അഭ്യൂഹത്തിന് എരിവ് കുറഞ്ഞിട്ടില്ല. ആറ് വര്‍ഷം മുമ്പ് വിവാഹിതനായ ആദിത്യ ചോപ്ര ഈ വര്‍ഷമാദ്യം ഭാര്യ പായല്‍ ഖന്നയുമായുള്ള വിവാഹമോചനത്തിന് പെറ്റീഷന്‍ നല്‍കിയിരിക്കുകയാണ്. റാണി മുക്കര്‍ജിയുമായുള്ള വിവാഹത്തിന് മുന്നോടിയായാണ് ഈ വിവാഹമോചന നീക്കമെന്നാണ് സൂചന.
അതേ സമയം ആദിത്യ ചോപ്രയുടെ പിതാവ് യാഷ് ചോപ്രയും കുടുംബവും റാണി മുക്കര്‍ജിയുമായുള്ള വിവാഹത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നാണ് അറിയുന്നത്. റാണിയെ വിവാഹം ചെയ്യുന്നതില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ യാഷ് രാജ് ഫിലിംസിന്റെ സിനിമകള്‍ മറ്റൊരാള്‍ക്ക് കൈമാറുമെന്ന് യാഷ് ചോപ്ര ആദിത്യ ചോപ്രക്ക് താക്കീത് നല്‍കിയത്രെ.
അതേ സമയം റാണിയും ആദിത്യയും ഇതേ കുറിച്ചൊന്നും പ്രതികരിച്ചിട്ടില്ല. സാത്തിയ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് യാഷ് രാജ് ഫിലിംസിന്റെ എല്ലാ ചിത്രങ്ങളിലും റാണി അഭിനയിച്ചിരുന്നു. പൊതുവെ അന്തര്‍മുഖനായ ആദിത്യ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് വിരളമായാണ്. അതുകൊണ്ടുതന്നെ ആദിത്യയും റാണിയും ഇതുവരെ ഒന്നിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
യാഷ് രാജ് ഫിലിംസിന്റെ സിനിമകളുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മസ്തിഷ്കം ആദിത്യയുടേതാണ്. തന്റെ കരിയറില്‍ ഇതുവരെ ആദിത്യ നല്‍കിയത് ഒരു അഭിമുഖം മാത്രമാണ്. മാധ്യമങ്ങളോട് അകലം പാലിക്കാന്‍ ശ്രദ്ധിക്കാറുള്ള ആദിത്യ ഈ വിവാദത്തോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്. ബോളിവുഡിലെ ഒന്നാം നിര നടിയായി വാഴുന്ന റാണി മുക്കര്‍ജിയുടെ കരിയറിനെ തന്നെ സ്വാധീനിക്കുന്ന ഈ വാര്‍ത്തയോട് അവരെങ്ങനെ പ്രതികരിക്കുന്നുവെന്നതും ആരാധകര്‍ കൗതുകത്തോടെ കാത്തിരിക്കുന്ന കാര്യമാണ്.


Click it and Unblock the Notifications