വിവേകിനൊപ്പം അഭിനയിയ്ക്കാനില്ലെന്ന് അഭിഷേക്
കനകം മൂലം കാമിനി മൂലം...........എന്നാണല്ലോ.. കനകത്തിന്‍റെ കാര്യമെന്തായാലും കാമിനി മൂലമുണ്ടായേക്കാവുന്ന പ്രശ്നത്തിന് ബോളിവുഡില്‍ നിന്നും ഏറ്റവും ചൂടേറിയ പുതിയ ഒരു ഉദാഹരണം.
കാര്യമെന്തെന്നല്ലേ വിവേക് ഓബ്റോയ്ക്കൊപ്പം അഭിനയിക്കാനുള്ള ക്ഷണം ഇന്ത്യന്‍ സുന്ദരി ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ കണ്ണുടച്ച് തള്ളി.
ഇതിനുള്ള കാരണമെന്തെന്ന് ചോദിച്ചാല്‍ കാമിനിയാണെന്ന ഉത്തരം അഭിഷേകിന്‍റെ പ്രവൃത്തിയില്‍ത്തന്നെയുണ്ട്. മിഷന്‍ ടു ഇസ്താന്‍ബുള്‍ എന്ന ചിത്രത്തിലേയ്ക്കുള്ള ക്ഷണമാണ് അഭിഷേക് വേണ്ടെന്നുവെച്ചത്. അപൂര്‍വ ലാഖിയയാണ് സുന്ദരിയുടെ പൂര്‍വ്വകാമുകനെയും ഭര്‍ത്താവിനെയും വെച്ച് സിനിമ പിടിച്ച് ഹിറ്റാക്കിക്കളയാമെന്ന വ്യാമോഹത്തോടെ അഭിയെ സമീപിച്ചത്.
ഐശ്വര്യയുമായി വിവേകിനുണ്ടായിരുന്ന അടുപ്പം തന്നെയാണത്രേ അഭിയെ ഇത്രയും കടുത്ത ഒരു തീരുമാനമെടുപ്പിച്ചത്. ഇതോടെ മിഷന്‍ ടു ഇസ്‌താന്‍ബുളിന്റെ ഷൂട്ടിങ് ഏതാണ്ട് പ്രതിസന്ധിയിലായിരിക്കുകയാണെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.
അഭിഷേകാണോ വിവേകാണോ സിനിമയില്‍ നിന്ന് പുറത്താവുകയെന്നതാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. അഭിഷേകിന്റെ വളരെ അടുത്ത സുഹൃത്താണ് അപൂര്‍വലാഖിയ. തന്റെ പുതിയ സിനിമയില്‍ അഭിഷേകുണ്ടാകുമെന്ന് അപൂര്‍വ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ വിവേകുമായും അപൂര്‍വയ്ക്ക് നല്ല ബന്ധം തന്നെയാണുള്ളതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അപൂര്‍വയുടെ പുതിയ ചിത്രമായ ഷൂട്ട് ഔട്ട് അറ്റ് ലോഖണ്ഡ്‌വാലയില്‍ വിവേക് അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ വിജയത്തിന്റെ എല്ലാ ബഹുമതിയും അപൂര്‍വ നല്‍കിയിരിക്കുന്നത് വിവേകിനാണ്. വിവേക് തന്റെ ഭാഗ്യ നടനാണെന്നാണ് അപൂര്‍വയുടെ വിശേഷണം.
എന്തായാലും അഭിവേണോ വിവേക് വേണോയെന്ന കാര്യത്തില്‍ അപൂര്‍വ്വയ്ക്ക് തീരുമാനമെടുക്കാം. ഓസ്കാര്‍ അവാര്‍ഡ് നല്‍കാമെന്ന് പറഞ്ഞാലും പുതുമോടി മായുന്നതിന് മുന്പ് അഭിഷേക് വിവേകിനൊപ്പം പ്രത്യക്ഷപ്പെടാനുള്ള സാധ്യത ഒട്ടുമുണ്ടാകില്ലെന്നും ബോളിവുഡ് പറയുന്നു.


Click it and Unblock the Notifications