കത്രീനയ്ക്കും ഹിന്ദി വഴങ്ങിത്തുടങ്ങി!
ഇപ്പോഴാണ് എനിയ്‌ക്ക് അഭിനയിച്ചുവെന്ന തോന്നലുണ്ടാകുന്നത്. ഇതുവരെ ഞാന്‍ അഭിനയിയ്‌ക്കുകയും മറ്റുള്ളവര്‍ എനിയ്‌ക്കുവേണ്ടി ശബ്ദം നല്‍കുകയുമാണ് ചെയ്‌തുകൊണ്ടിരുന്നത്.
അതുകൊണ്ട് തന്നെ എന്റെ ജോലി പൂര്‍ണ്ണമായിരുന്നില്ല- പറയുന്നത് മറ്റാരുമല്ല ഹിന്ദി കേട്ടാല്‍ നെറ്റിചുളിക്കുന്നുവെന്ന് ബോളിവുഡ് ആരോപിയ്ക്കുന്ന കത്രീന കൈഫ് തന്നെ.
ഭാഷയുടെ പേരില്‍ ബോളിവുഡ് തനിയ്‌ക്കെതിരെ തൊടുത്തുവിടുന്ന ആരോപണങ്ങളുടെ മുനയൊടിക്കാന്‍ തന്നെയാണ് കത്രീന തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നമസ്‌തേ ലണ്ടന്‍, അപനേ തുടങ്ങിയ രണ്ടുചിത്രങ്ങളില്‍ താരം സ്വന്തം ശബ്ദം തന്നെയാണ് നല്‍കിയിരിക്കുന്നത്.
ലണ്ടനില്‍ ജനിച്ചുവളര്‍ന്ന കത്രീനയ്‌ക്ക് ഹിന്ദിയില്‍ വഴക്കം കുറവാണ്. ബ്രിട്ടീഷ് ചുവയുള്ള കത്രീനയുടെ ഹിന്ദി പലപ്പോഴും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. എങ്കിലും പിന്നോട്ടു പോകാമോ? പുതിയ ചിത്രങ്ങളില്‍ സ്വന്തം ശബ്ദം നല്‍കിയപ്പോള്‍ ഇതുവരെയില്ലാത്ത സംതൃപ്‌തി നേടിയെന്ന് കത്രീന സമ്മതിയ്‌ക്കുന്നു.
ഇപ്പോള്‍ മണിമണിപോലെയാണത്രേ കത്രീന ഹിന്ദി പറയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമം കൊണ്ടാണ് ഹിന്ദിയെന്ന കടമ്പ കത്രീന മറികടന്നത്. മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചെങ്കിലും കത്രീനയ്‌ക്ക് പ്രിയം ഹിന്ദി തന്നെയാണത്രേ.
ഹിന്ദിയില്‍ അമിതാബ് ബച്ചനാണ് കത്രീനയുടെ ആരാധ്യ താരം. ബിപാഷയ്‌ക്കും സെയ്‌ഫ് അലിഖാനുമൊപ്പമുള്ള ചിത്രീകരണ വേളകള്‍ ഏറ്റവും ഹൃദ്യമാണ്. ഹൃത്വിക് റോഷനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹമുണ്ട്- താരം പറയുന്നു.
അക്ഷയ്‌കുമാറിനൊപ്പമുള്ള ഹം കോ ദീവാനാ കര്‍ഗയേ, സണ്ണിഡിയോള്‍, ബോബി ഡിയോള്‍, ധര്‍മ്മേന്ദ്ര എന്നിവര്‍ക്കൊപ്പമുള്ള അപ്‌നേ, രാംഗോപാല്‍ വര്‍മ്മയുടെ ഷോലെ എന്നിവയാണ് കത്രീനയുടെ പുതിയ ചിത്രങ്ങള്‍.


Click it and Unblock the Notifications