ശ്രീദേവിയും മാധുരിയും വീണ്ടും ബോളിവുഡില്‍
ബോളിവുഡിലെ സൗന്ദര്യറാണിയായിരുന്ന സാക്ഷാല്‍ ശ്രീദേവി അഭിനയരംഗത്തേയ്‌ക്ക് തിരിച്ചുവരുന്നു.
ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂറിന്റെ ചിത്രത്തിലൂടെയാണ് ശ്രീദേവി വെള്ളിത്തരിയില്‍ തിരിച്ചെത്തുന്നത്. ഭാര്യയുടെ തിരിച്ചുവരവ് ചിത്രം ഒരുക്കുന്നതിനായി നല്ല ലൊക്കേഷനുകള്‍ അന്വേഷിച്ച് ബോണി കപൂര്‍ യുഎസിലും റഷ്യയിലുമായി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
ശ്രീയുടെ തിരിച്ചുവരവിനായി ഞങ്ങള്‍ ഒരുമിച്ചാണ് പുതിയ പ്രൊജക്ട് കൊണ്ടുവരുന്നത്. ആരാധകര്‍ ഇപ്പോഴും ശ്രീയുടെ തിരിച്ചുവരവിന് ആഗ്രഹിയ്‌ക്കുന്നുണ്ട്. അവര്‍ പഴയതുപോലെതന്നെ ശ്രീയുടെ തിരിച്ചുവരവിനെയും സ്വീകരിയ്‌ക്കുമെന്നെനിയ്‌ക്കുറപ്പാണ്- ഭാര്യയുടെ തിരിച്ചുവരവിനെപ്പറ്റി ബോണി കപൂര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
വെള്ളിത്തിരയില്‍ തിളങ്ങിനിന്നിരുന്ന കാലത്ത് മാധുരി ദീക്ഷിതായിരുന്നു ശ്രീദേവിയുടെ പ്രധാന എതിരാളി. വിവാഹിതയായി കുടുംബജീവിതവുമായി മുന്നോട്ടുപോയ മാധുരിയും വെള്ളിത്തിരയില്‍ തിരിച്ചെത്തുകയാണ്.
മാധുരിയുടെ തിരിച്ചുവരവ് ചിത്രമായ ആജാ നാച്‌ലേയുടെ അണിയറ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായതോടെയാണ് ബോണികപൂര്‍ ഭാര്യയുടെ തിരിച്ചുവരവ് ഗംഭീരമാക്കാന്‍ കോപ്പുകൂട്ടിത്തുടങ്ങിയത്.
തിരിച്ചുവരവിലും മാധുരിയും ശ്രീദേവിയും തമ്മില്‍ ഒരു മത്സരം തന്നെയുണ്ടാകുമോയെന്ന ചോദ്യത്തെ മാധുരി ഒരു നല്ലകലാകാരിയാണെന്നും ഞാനും ഭാര്യയും അവരുടെ കഴിവിനെ ആദരിയ്‌ക്കുന്നുവെന്ന ഉത്തരം കൊണ്ട് ബോണി കപൂര്‍ തിരുത്തി.


Click it and Unblock the Notifications