ലൈംഗിക വിവാദം: സോനു നിഗത്തിനെതിരെ ഭീഷണി
സ്വവര്‍ഗ്ഗാനുരാഗിയായ മാധ്യമപ്രവര്‍ത്തകന്റെ ലൈംഗിക ചൂഷണ ശ്രമങ്ങള്‍ പുറംലോകത്തെയറിയിച്ചതിന് പിന്നാലെ ഗായകന്‍ സോനു നിഗത്തിനെതിരെ ഭീഷണി സന്ദേശങ്ങള്‍.
ചൊവ്വാഴ്‌ച രാത്രിയാണ് ഇപ്പോള്‍ യുഎസിലുള്ള സോനുവിന് ഫോണിലൂടെ ഭീഷണി വന്നത്. അമേരിക്കയില്‍ സോനു താമസിക്കുന്ന കൂട്ടുകാരന്റെ വീട്ടിലെ ലാന്റ് ഫോണിലേയ്‌ക്കാണത്രേ ഭീഷണിപ്പെടുത്തിക്കൊണ്ട് വിളി വന്നത്.
വിളിച്ചയാളുടെ ശബ്ദം വളരെ പരുപരുത്തതായിരുന്നു. അയാള്‍ ആരാണെന്ന് സ്വയം പരിചയപ്പെടുത്താന്‍ തയ്യാറായില്ല. ഫോണ്‍ എടുത്തയുടന്‍ മോശമായ രീതിയില്‍ അസഭ്യം പറഞ്ഞു തുടങ്ങുകയായിരുന്നു- സോനു പറയുന്നു.
ഇപ്പോള്‍ തുറന്നുപറഞ്ഞ കാര്യങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനെങ്കില്‍ സോനുവിനെ ഒരു പാഠം പഠിപ്പിക്കുമെന്നാണത്രേ വിളിച്ചയാള്‍ പറഞ്ഞത്. ഒപ്പം സോനു ഇന്ത്യയിലേയ്‌ക്ക് തിരിച്ചെത്തിയാലുടന്‍ ഇതിന്റെ ഫലം അനുഭവിയ്‌ക്കുമെന്നും തങ്ങള്‍ അതിനുവേണ്ടികാത്തിരിക്കുകയാണെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ടത്രേ.
ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് അസ്വസ്ഥനായ സോനു മുംബൈയിലുള്ള പിതാവ് ആഗം നിഗത്തെ വിളിച്ച് പൊലീസില്‍ പരാതി നല്‍കാന്‍ പറയുകയായിരുന്നു. സോനുവിന്റെ ആവശ്യപ്രകാരം മുംബൈ വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ പിതാവ് പരാതി നല്‍കിക്കഴിഞ്ഞു.
ഇതിന് പുറമേ ഈ കഥ പുറത്തറിയിച്ചപ്പോള്‍ തന്റെ പ്രേക്ഷകരില്‍ നിന്നും ശക്തമായ പിന്തുണയാണ് തനിയ്‌ക്ക് കിട്ടിയിരിക്കുന്നതെന്നും ഇത് സന്തോഷകരമാണെന്നും ഗായകന്‍ പറഞ്ഞു.


Click it and Unblock the Notifications











