ലാലിന് ഇത് ജ്വലിക്കുന്ന നേട്ടം
അമിതാഭ് ബച്ചന്‍ വില്ലനാകുന്ന ചിത്രത്തില്‍ നായകനാകാന്‍ ബോളിവുഡില്‍ ഒരു നടനുണ്ടോ? ഇല്ല എന്നായിരുന്നു രാംഗോപാല്‍ വര്‍മ സ്വയം കണ്ടെത്തിയ ഉത്തരം. ബച്ചന്‍ പ്രതിനായകനാകുമ്പോള്‍ നായകന്‍ ഒട്ടും മോശമാകരുതല്ലോ. അങ്ങനനെയാണ് തെന്നിന്ത്യന്‍ സിനിമയിലേക്ക് നീണ്ട തിരച്ചില്‍ മോഹന്‍ലാലിലെത്തി നിന്നത്.
ഷോലെയുടെ റീമേക്കില്‍ രാം ഗോപാല്‍ വര്‍മ നടത്തിയിരിക്കുന്നത് തന്റേതായ വ്യാഖ്യാനങ്ങളാണ്. ഓരോ രംഗത്തെയും പുതിയ കാലത്തോട് ചേര്‍ത്ത് നിര്ത്തി വര്‍മ പുനരാഖ്യാനം ചെയ്യുന്നു. ഇതിനിടയില്‍ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിലെ ഏറ്റക്കുറച്ചിലുകളിലും മാറ്റം വന്നു.
ഷോലെയില്‍ ധര്‍മേന്ദ്രയാണ് നായകനായി വരുന്നതെങ്കില്‍ രാംഗോപാല്‍ വര്‍മ കി ആഗില്‍ ഹീറോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജയ് ദേവ്ഗണ്‍ ഉപനായകന്‍ മാത്രമാണ്. കൊള്ളക്കാരനായ വില്ലന്റെ ക്രൂരതക്കിരയായ ഠാക്കൂര്‍ എന്ന പൊലീസ് ഓഫീസറെയാണ് സഞ്ജയ് കുമാര്‍ ഷോലെയില്‍ അവതരിപ്പിച്ചത്. ആഗില്‍ ഈ കഥാപാത്രം നരസിംഹമാണ്. ഉറ്റവരും സ്വന്തം കൈവിരലുകളും നഷ്ടപ്പെട്ട് തന്നോട് ഈ ക്രൂരത കാണിച്ച ബബ്ബന്‍ സിംഗിനോടുള്ള അടങ്ങാത്ത പകയുടെ തീ മനസില്‍ കൊണ്ടു നടക്കുന്ന നരസിംഹ. പഴയ ഷോലെയിലെ സഞ്ജയ് കുമാറിന്റെ കഥാപാത്രത്തേക്കാള്‍ ഏറെ പ്രാധാന്യം ആഗിലെ നരസിംഹയ്ക്കുണ്ട്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ലാലാണ് ആഗിലെ നായകന്‍.
നായകനും പ്രതിനായകനും ഒരു പോലെ പ്രാധാന്യമുള്ള ചിത്രമാണ് ആഗ്. ബബ്ബന്‍ സിംഗ് എന്ന അതിക്രൂരനായ കൊലയാളിയെ കുറിച്ചുള്ള ഭീതിയാണ് ചിത്രത്തിലുടനീളം നിലനില്‍ക്കുന്നത്. ആളുകളില്‍ ഭീതി നിറയ്ക്കുന്ന ഒരു കെട്ടുകഥ പോലെയാണ് ബബ്ബന്‍ എന്ന കഥാപാത്രം. ബബ്ബന്‍ വിതയ്ക്കുന്ന ഭീതിയുടെ അന്തരീക്ഷം നരസിഹത്തിന്റെ വീക്ഷണത്തിലൂടെയാണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ബബ്ബനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യവും മനസില്‍ പേറി ജീവിക്കുന്ന നരസിംഹം തന്റെ തന്ത്രങ്ങളിലൂടെ അത് സാധിച്ചെടുക്കുന്നതാണ് ആഗിന്റെ പ്രമേയം. മോഹന്‍ലാലിലാണ് ഈ ചിത്രം ആരംഭിക്കുന്നത്. അവസാനിക്കുന്നതും ലാലില്‍ തന്നെ.
അടുത്ത പേജുകള്‍ -


Click it and Unblock the Notifications