ഇഷ്ടം ഹിന്ദിയിലേക്ക്
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങള്‍ റീമേക്ക് ചെയ്താണ് പ്രിയദര്‍ശന്‍ ബോളിവുഡില്‍ പേരെടുത്തത്. അത് ചിലപ്പോള്‍ പകര്‍പ്പവകാശം വാങ്ങാതെ പോലുമായിരുന്നു. അതിന്റെ പേരില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും പ്രിയദര്‍ശന്‍ ഒന്നിനു പിറകെ ഒന്നായി റീമേക്കുകള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ്.
ഏറ്റവുമൊടുവിലായി മണിച്ചിത്രത്താഴിന്റെ റീമേക്കായ ഭൂല്‍ ഭൂലയ്യയാണ് പ്രിയന്‍ ഹിന്ദിയില്‍ സംവിധാനം ചെയ്തത്. ആ ചിത്രം ഒരു വിധം നന്നായി ഓടുന്നുണ്ട്. അതിന്റെ ആഹ്ലാദങ്ങള്‍ക്കിടയില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള അടുത്ത മലയാള ചിത്രവും പ്രിയന്‍ നോട്ടമിട്ടുകഴിഞ്ഞു. സിബി മലയില്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഇഷ്ടത്തിന്റെ റീമേക്കാണ് പ്രിയന്‍ അടുത്തതായി ഹിന്ദിയിലൊരുക്കുന്നത്. ഈ ചിത്രത്തിന്റെ പകര്‍പ്പവകാശം പ്രിയന് വാങ്ങിക്കഴിഞ്ഞു.
മലയാളത്തില്‍ ദിലീപ് ചെയ്ത വേഷം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറായിരിക്കും. പ്രിയന്റെ ഭൂല്‍ഭൂലയ്യ, ഗരം മസാല തുടങ്ങിയ ചിത്രങ്ങളിലും അക്ഷയ് കുമാറായിരുന്നു നായകന്‍. നേരത്തെ ഇന്നസെന്റിനെയും ജഗതി ശ്രീകുമാറിനെയും ഹിന്ദി സിനിമക്ക് പരിചയപ്പെടുത്തിയ പ്രിയന്‍ ഈ ചിത്രത്തിലൂടെ ഒരു മലയാള നടനു കൂടി ഹിന്ദിയില്‍ അവസരം നല്‍കുകയാണ്.
ഇഷ്ടത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച വേഷം ഹിന്ദിയില്‍ ചെയ്യുന്നത് പി.ശ്രീകുമാറായിരിക്കും. എ.കെ.ജി എന്ന ചിത്രത്തില്‍ എ.കെ.ജിയായി അഭിനയിച്ച പി.ശ്രീകുമാറിന് മികച്ച വേഷമാണ് തന്റെ പ്രഥമ ഹിന്ദി ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. അക്ഷയ് കുമാറിന്റെ അച്ഛനായാണ് പി.ശ്രീകുമാര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications