സംഗതി കൊളളാമെന്ന് ഐശ്വര്യ
ചെന്നൈ : ഐശ്വര്യയുടെ കണ്ണുകള്‍ക്ക് തിളക്കം അല്‍പം കൂടിയിട്ടുണ്ട്. കവിളുകള്‍ പഴയതിലും തുടുത്തിരിക്കുന്നു. വശ്യമോഹനമായ ആ ചിരിക്ക് ഇപ്പോള്‍ പ്രകാശമേറെയാണ്. ഇത്രയും കാണുമ്പോള്‍ തന്നെ അറിയാം, ഐശ്വര്യ വിവാഹജീവിതം എന്തുമാത്രം ആസ്വദിക്കുന്നുവെന്ന്.
അതുതന്നെയാണ് ചെന്നൈയില്‍ കഴിഞ്ഞ ദിവസം ഒരു ജുവലറി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവരെ സൗന്ദര്യറാണി പറഞ്ഞതും. വിവാഹജീവിതം അടിപൊളിയാണെന്ന്. അവിസ്മരണീയമായ അനുഭവങ്ങളാണ് വിവാഹം തനിക്ക് നല്‍കിയതെന്ന്.
വിവാഹം എന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവാണ്. അതിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു. ആ ജീവിതത്തെ പൂര്‍ണമനസോടെ ഞാന്‍ ആശ്ലേഷിക്കുകയാണ്. വിവാഹജീവിതത്തിന്റെ മാധുര്യം ആരും നുകരാതെ പോവരുത് ഐശ്വര്യയുടെ വാക്കുകളില്‍ പ്രണയവും സന്തോഷവും തുടിക്കുന്നു.
അമിതാബ് ബച്ചനെപ്പോലെ, ജയാ ബച്ചനെപ്പോലെ ഭാവിയില്‍ ഒരു രാഷ്ട്രീയവേഷം കൈകാര്യം ചെയ്യാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തോട് ഐശ്വര്യ പ്രതികരിച്ചത് ഇങ്ങനെയാണ്.
"ഒന്നും മുന്‍കൂട്ടി തീരുമാനിച്ചതു പോലെയല്ല എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത്. ജീവിതം വരുമ്പോലെ നേരിടുക. ഒന്നിനെക്കുറിച്ചും ഇപ്പോള്‍ ആലോചിക്കുന്നില്ല". രാഷ്ട്രീയത്തില്‍ കടക്കാന്‍ ഇപ്പോഴേതായാലും ആഗ്രഹമൊന്നുമില്ലെന്നും അവര്‍ തുടര്‍ന്നു.
അശുതോഷ് ഗൗരീകറിന്റെ ജോദാ അക്ബര്‍ എന്ന ഇതിഹാസ പ്രണയകഥയാണ് ഐശ്വര്യയുടെ അടുത്ത മെഗാ പ്രോജക്ട്.
മുഗള്‍ ചക്രവര്‍ത്തി അക്ബറും അദ്ദേഹത്തിന്റെ ഹിന്ദു പത്നി ജോദയും തമ്മിലുളള ഗാഢപ്രണയത്തിന്റെ കഥയാണ് ജോദാ അക്ബര്‍. ജോദയായി ഐശ്വര്യയും അക്ബറായി ഹൃത്വിക് റോഷനുമാണ് വേഷമിടുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ജനുവരി 25ന് ചിത്രം റിലീസ് ചെയ്യും.


Click it and Unblock the Notifications











