ഷാഹിദും കരീനയും വീണ്ടും പ്രണയിക്കുന്നു
ഷാഹിദ് കപൂറും കരീനയും വീണ്ടും പ്രണയിക്കുന്നു. ജീവിതത്തില്‍ വഴി പിരിഞ്ഞ ഇവര്‍ വെള്ളിത്തിരയിലാണ് വീണ്ടും പ്രണയിക്കുന്നത്. വരുന്ന വാലന്‍ന്റൈന്‍സ് ദിനത്തില്‍ ഇരുവരും ഒന്നിച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടും. സതീഷ് കൗശിക് സംവിധാനം ചെയ്യുന്ന 'മിലേംഗെ മിലേംഗെ' എന്ന ചിത്രത്തിലൂടെയാണ് വേര്‍പിരിഞ്ഞ കമിതാക്കള്‍ വീണ്ടും ഒന്നിക്കുന്നത്. ചിത്രം ഫിബ്രവരി 14ന് പ്രദര്‍ശനത്തിനെത്തും. ''ഷാഹിദും കരീനയും ഒന്നിക്കുന്ന ഏറ്റവും മികച്ച പ്രണയചിത്രം അവരുടെ പ്രണയബന്ധം വേര്‍പ്പെട്ടതിനു ശേഷമാണ് തിയേറ്ററുകളിലെത്തുകയെന്നത് ഒരു വിധിയായിരിക്കാം'' - നിര്‍മാതാവ് ബോണികപൂര്‍ ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടതിനങ്ങനെ. ഷാഹിദും കരീനയും പ്രധാന വേഷത്തിലഭിനയിച്ച 'ജബ് വി മെറ്റ്' എന്ന ചിത്രത്തിന്റെ വിജയമാണ് ഈ ചിത്രത്തിന് ബോണികപൂരിനെ പ്രേരിപ്പിച്ചതെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പക്ഷേ, ചിത്രീകരണം പൂര്‍ത്തീകരിക്കും മുമ്പ് തന്നെ ഇരുവരും ബന്ധം മതിയാക്കിയിരുന്നു. ചിത്രത്തിന് ഡബ് ചെയ്യാന്‍ ഇവര്‍ വിസമ്മതിച്ചുവെന്ന വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും ബോണികപൂറും സംവിധായകന്‍ സതീഷ് കൗശിക്കും അതു നിഷേധിച്ചു. കരീനയ്‌ക്ക് ബോളിവുഡില്‍ ഒരു ബ്രേക്ക് നല്‍കിയത് സതീഷ് കൗശികിന്‍റെ 'മുഛെ കുഛ് കഹനാ ഹൈ' എന്ന ചിത്രമാണ്. പ്രണയം വേണ്ടെന്നുവെച്ചെങ്കിലും ഷാഹിദ് ഇപ്പോഴും തന്‍റെ നല്ല കൂട്ടുകാരനാണെന്ന് കരീന ഈയിടെ പറഞ്ഞിരുന്നു.


Click it and Unblock the Notifications