27 വര്ഷത്തിന്ശേഷം ബച്ചനും രേഖയും ഒന്നിയ്ക്കുന്നു
27 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമിതാഭ് ബച്ചനും രേഖയും ഒന്നിച്ച് വീണ്ടും വെള്ളിത്തിരയിലെത്തുന്നു. സുജോയ് ഘോഷിന്റെ 'അലാദിന്‍' എന്ന ചിത്രത്തിലാണ് 80കളിലെ പ്രണയജോഡികള്‍ വീണ്ടും ഒന്നിക്കുന്നത്.
1981-ല്‍ ഇറങ്ങിയ സില്‍സില എന്ന ചിത്രത്തിലാണ് ബച്ചനും രേഖയും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ബച്ചനുമായി രേഖയ്‌ക്കുണ്ടായിരുന്ന അടുപ്പം തന്നെയായിരുന്നു യാഷ്‌ചോപ്രയുടെ സില്‍സിലയുടെ പ്രമേയം.
ചിത്രത്തില് ബച്ചന്റെ കാമുകിയുടെ വേഷം രേഖ അവതരിപ്പിച്ചപ്പോള്‍ ഭാര്യയായി അഭിനയിച്ചത് ജയഭാദുരി യായിരുന്നു. സില്‍സിലയ്‌ക്കുശേഷം ഇതുവരെ ബോളിവുഡിന് ഹരമായ ഈ കൂട്ടുകെട്ട് ഉണ്ടായില്ല. ശശികപൂര്‍, സഞ്‌ജീവ് കുമാര്‍ എന്നിവരായിരുന്നു സില്‍സിലയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അലാദിനില്‍ രേഖയും ബച്ചനും അഭിനയിക്കുന്ന കാര്യം സുജോയ് ഘോഷ് പുറത്തുവിട്ടെങ്കിലും താരങ്ങള്‍ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സഞ്‌ജയ്‌ദത്ത്, റിതേഷ് ദേശ്‌മുഖ്, ജൂഹി ചാവ്‌ല എന്നിവരും പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാര്ച്ചില് ആരംഭിക്കുമെന്നാണ് സൂചന.
ബച്ചന് ജിന്നിന്റെ വേഷത്തില് എത്തുന്ന ചിത്രത്തില് അലാവുദ്ദീന്റെ വേഷം അവതരിപ്പിക്കുന്നത് റിതേഷ് ദേശ്‌മുഖ് ആണ്.


Click it and Unblock the Notifications











