ചരിത്ര നിമിഷത്തിന് 31 വയസ്; വിലമതിക്കാത്തവർക്ക് മുന്നിൽ സുസ്മിത സെൻ വിശ്വസുന്ദരി കിരീടം ചൂടിയപ്പോൾ

ഇന്ത്യക്കാരുടെ അഭിമാന ദിനമാണ് 1994 മെയ് 21. വിശ്വസുന്ദരിപ്പടം ആദ്യമായി ഒരു ഇന്ത്യക്കാരിക്ക് ലഭിച്ച ദിനം. സുസ്മിത സെൻ ആണ് ഈ നേട്ടത്തിലൂടെ ചരിത്രത്തിൽ ഇടം പിടിച്ചത്. 18ാം വയസിലാണ് സുസ്മിത മിസ് യൂണിവേഴ്സ് കിരീടം നേടുന്നത്. മറക്കാൻ പറ്റാത്ത ചരിത്ര നിമിഷത്തിന്റെ ഓർമകൾ പങ്കുവെച്ച് കൊണ്ട് ഒരുപിടി ചിത്രങ്ങൾ സുസ്മിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 18 വയസുള്ള പെൺകുട്ടിയെ പ്രപഞ്ചത്തിന് പരിചയപ്പെടുത്തിയ ചരിത്ര നിമിഷമെന്നാണ് സുസ്മിത മിസ് യൂണിവേഴ്സ് കിരീടം ചൂടിയ നിമിഷത്തെ വിശേഷിപ്പിക്കുന്നത്. 31 വർഷങ്ങൾക്കിപ്പുറം തിരിഞ്ഞ് നോക്കുമ്പോൾ സുസ്മിതയുടെ ജീവിതത്തിലും ഇന്ത്യൻ ഫാഷൻ രം​ഗത്തും വലിയ ചലനങ്ങളുണ്ടാക്കിയ ദിനമാണ് 1994 മെയ് 21.

സുസ്മിത അന്ന് കിരീടം ചൂടുമ്പോൾ ഇന്ത്യൻ സമൂഹം പഠിച്ച വലിയൊരു പാഠവുമുണ്ട്. ഐശ്വര്യ റായ് ഇന്ത്യൻ മോഡലിം​ഗ് രം​ഗം ഇളക്കി മറിക്കുന്ന കാലഘട്ടമാണത്. ഐശ്വര്യയുടെ ജ്വലിക്കുന്ന സൗന്ദര്യം ഇന്ത്യയൊട്ടുക്കും സംസാര വിഷയമായി തുടങ്ങുന്ന കാലം. വിശ്വ സുന്ദരിപട്ടം ഐശ്വര്യ റായ് നേടുമെന്നാണ് അക്കാലത്ത് മിക്കവരും കരുതിയത്. സുസ്മിതയെ അന്ന് ആർക്കുമറിയില്ല.

Sushmita Sen

മിസ് യൂണിവേഴ്സ്, മിസ് വേൾഡ് മത്സരങ്ങളിലേക്ക് ചവിട്ട് പടിയായ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ മടിച്ചയാളാണ് സുസ്മിത സെൻ. ഐശ്വര്യ റായ് മത്സരിക്കുന്നുണ്ടെന്ന് അറിഞ്ഞതായിരുന്നു കാരണം. സുന്ദരിയായ ഐശ്വര്യ റായ് മത്സരിക്കുമ്പോൾ തനിക്ക് വിജയിക്കാനാകില്ലെന്ന് സുസ്മിത സെൻ കരുതി. അമ്മ ശുഭ്ര സെൻ ആണ് സുസ്മിതയ്ക്ക് ശ്രമിച്ച് നോക്കാൻ ധെെര്യം നൽകുന്നത്.

ഐശ്വര്യയെ പിന്നിലാക്കി സുസ്മിത സെൻ മിസ് ഇന്ത്യ കിരീടം ചൂടി. ഐശ്വര്യ റായ് ഫസ്റ്റ് റണ്ണർ അപ്പായി. അപ്പോഴും സുസ്മിതയെ അം​ഗീകരിക്കാൻ മടിച്ചവരുണ്ട്. മിസ് യൂണിവേഴ്സ് മത്സരത്തിന് പോകാനിരിക്കെ സുസ്മിതയുടെ പാസ് പോർട്ട് കാണാതെ പോയി. അന്ന് മിസ് ഇന്ത്യ സംഘാടകർ സുസ്മിതയോട് പറഞ്ഞത് മിസ് യൂണിവേഴ്സ് മത്സരത്തിന് ഞങ്ങൾ ഐശ്വര്യ റായിയെ അയക്കാം, നിങ്ങൾ മിസ് വേൾഡ് മത്സരത്തിന് പൊയ്ക്കോ എന്നാണ്. മിസ് യൂണിവേഴ്സ് മത്സരത്തിന് സുസ്മിത സെന്നിന് പോകാൻ പറ്റില്ലെന്ന ഘട്ടം വന്നു.

ഒടുവിൽ സുസ്മിതയുടെ പിതാവ് ഷുബീർ സെൻ അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാജേഷ് പെെലറ്റിനോട് സഹായം ചോദിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പോകുന്ന സുസ്മിതയ്ക്ക് എല്ലാ സഹായവും അദ്ദേഹം ഉറപ്പ് നൽകി. അങ്ങനെയാണ് മിസ് യൂണിവേഴ്സ് മത്സരത്തിനായി ഫിലിപ്പീൻസിലേക്ക് സുസ്മിതയെത്തുന്നത്. കിരീടം ചൂടിയാണ് സുസ്മിത സെൻ തിരികെയെത്തിയത്.

Sushmita Sen

രാജ്യം സുസ്മിതയെ ബഹുമതികളോടെ വരവേറ്റു. അതേ വർഷം തന്നെ ഐശ്വര്യ റായ്ക്ക് മിസ് വേൾഡ് മത്സരത്തിൽ വിജയിക്കാനായി. എന്തുകൊണ്ട് ഐശ്വര്യയെ പിന്നിലാക്കി സുസ്മിത മിസ് യൂണിവേഴ്സ് പട്ടം ചൂടിയെന്ന് പിന്നീട് ഇന്ത്യൻ ജനത മനസിലാക്കി. ജീവിതത്തെക്കുറിച്ചും മാനവിക മൂല്യങ്ങളെക്കുറിച്ചും തുറന്ന കാഴ്ചപ്പാടുള്ള സുസ്മിതയുടെ വാക്കുകൾ ആഴമുള്ളതായിരുന്നു. 18 കാരിയിൽ അത്രയും പക്വത അക്കാലത്ത് പലരും പ്രതീക്ഷിച്ചിരുന്നില്ല.

തന്റെ ചിന്തകളും അഭിപ്രായങ്ങളും ഹൃദ്യമായ ഭാഷയിൽ അഭിമുഖങ്ങളിൽ സുസ്മിത സംസാരിച്ചു. ബോളിവുഡിലെ ​ഗ്ലാമർ ​ഗേൾ മാത്രമായി ഒതുങ്ങാൻ സുസ്മിത സെൻ തയ്യാറായിരുന്നില്ല. താരപകിട്ടും ​ഗോസിപ്പുകളും വഴക്കും പ്രശ്നങ്ങളും നിറഞ്ഞ ബോളിവുഡിൽ സുസ്മിത വ്യത്യസ്തയായി. 18 വയസിൽ തനിക്ക് ലഭിച്ച ഖ്യാതിയുടെ മഹത്വം സുസ്മിത കാത്ത് സൂക്ഷിച്ചു. ​ക്യാറ്റ് ഫെെറ്റുകളുടെ ഭാ​ഗമാകാതിരിക്കാൻ താരം ശ്രദ്ധിച്ചു. സഹ​പ്രവർത്തകരുമായുള്ള വെെര്യത്തിന്റെ പേരിൽ സുസ്മിതയുടെ പേര് ബോളിവുഡ് മാധ്യമങ്ങളിൽ വന്നിട്ടില്ല.

ബോളിവുഡിലെ വർക്കിം​ഗ് അന്തരീക്ഷവുമായി ചേർന്ന് പോകാനും സുസ്മിതയ്ക്ക് ബു​ദ്ധിമുട്ടായിരുന്നു. ഒരിക്കൽ ഇതേക്കുറിച്ച് താരം തുറന്ന് സംസാരിച്ചിട്ടുണ്ട്. തന്റേതായ ചിട്ടവട്ടങ്ങൾ അമിതാഭ് ബച്ചൻ, പരേഷ് റാവൽ, അക്ഷയ് കുമാർ തുട‌ങ്ങിയ താരങ്ങൾക്ക് വേണ്ടി പോലും അവ മാറ്റാൻ തയ്യാറായിരുന്നില്ല. തന്റെ വർക്കിം​ഗ് സമയം കഴിഞ്ഞാൽ കെെ കൂപ്പി സർ, എന്റെ ഈ ദിവസം കഴിഞ്ഞു എന്ന് പറയും. ആരെയും എതിർക്കാനായിരുന്നില്ല അത് തന്റെ അച്ച‌ടക്കം പാലിക്കാൻ വേണ്ടിയായിരുന്നു.

ആക്ടർ ആറ് മണിക്കൂർ വെെകിയാലും കാത്തിരിക്കാൻ തയ്യാറാണ്. എന്നാൽ താൻ അനുവദിച്ച സമയം കഴിഞ്ഞാൽ സെറ്റ് വിടുന്നതായിരുന്നു ശീലമെന്നും സുസ്മിത സെൻ തുറന്ന് പറഞ്ഞു. 90 കളിൽ ഇത് തന്റെ കരിയറിന് തിരിച്ചടിയായിട്ടുണ്ടാകാമെന്നും സുസ്മിത തുറന്ന് പറഞ്ഞിട്ടുണ്ട്. സുസ്മിതയുടെ തുറന്ന കാഴ്ചപ്പാടുകളെ ഉൾക്കൊള്ളാൻ അക്കാലത്ത് ബി ടൗൺ മടിച്ചിരുന്നു. 90 കളിൽ മാ​ഗസിനുകൾ തന്നെ കവർ ചെയ്യാൻ മടിച്ചിരുന്നെന്നാണ് സുസ്മിത പറയുന്നത്.

ഒരു ഘട്ടത്തിൽ സിനിമാ രം​ഗത്ത് നിന്നും സുസ്മിത മാറി നിന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത റോളുകൾ തുടരെ വന്നതും വ്യക്തി ജീവിതത്തിലുണ്ടായ മാറ്റങ്ങളുമായിരുന്നു ഇതിന് കാരണം. 24ാം വയസിൽ ദത്തെടുക്കലിലൂടെ അമ്മയായ ആളാണ് സുസ്മിത സെൻ. സുസ്മിതയുടെ ഈ തീരുമാനത്തിന് ശേഷം ഇന്ത്യയിൽ ദത്തെ‌ടുക്കൽ 45 ശതമാനം കൂടി. റെനി സെൻ എന്നാണ് സുസ്മിതയുടെ മൂത്ത മകളുടെ പേര്. സുസ്മിതയുടെ പ്രായം കാരണം ദത്തെടുക്കൽ പ്രക്രിയ എളുപ്പമായിരുന്നില്ല. ഇതിനെയെല്ലാം നിയമപരമായി സുസ്മിത മറികടന്നു. മകളെ തനിക്ക് നൽകുന്നതിന് മുമ്പ് കോടതിയിൽ ജ‍ഡ്ജ് തന്റെ അച്ഛനോട് ചോദിച്ച ചോദ്യം സുസ്മിത മറന്നിട്ടില്ല. ദത്തെടുക്കലെന്ന തീരുമാനം മകളുടെ വിവാഹമുൾപ്പെടെയുള്ള ഭാവി കാര്യങ്ങളെ ബാധിക്കും. അതിൽ കുഴപ്പമില്ലേ എന്നായിരുന്നു ജഡ‍്ജ് ചോദിച്ചത്.

Sushmita Sen

ഒരു അച്ഛനും അതിൽ കുഴപ്പമില്ലാതിരിക്കില്ല യുവർ ഹോണർ. എന്നാൽ എനിക്കുറപ്പുള്ള ഒരു കാര്യം അവളെ ഞങ്ങൾ വളർത്തിയത് ഒരാളുടെ ഭാര്യ എന്ന ഐഡന്റിറ്റിക്ക് വേണ്ടി മാത്രമല്ല. അവൾ മാതൃത്വം തെരഞ്ഞെടുത്തു. അവൾക്ക് എന്റെ പിന്തുണയുണ്ട്. അവൾക്ക് അമ്മയുണ്ട്, കുടുംബമുണ്ട്. റെനിയെ ഞങ്ങൾക്ക് തരൂ എന്നാണ് സുസ്മിതയുടെ പിതാവ് കോടതിയിൽ പറഞ്ഞത്. അങ്ങനെ റെനിയുടെ അമ്മയായി സുസ്മിത മാറി. പത്ത് വർഷത്തിന് ശേഷം രണ്ടാമതൊരു മകളെയും സുസ്മിത ദത്തെടുത്തു. ഇതിനും നടിക്ക് കോടതി കയറിയിറങ്ങേണ്ടി വന്നു. നിയമപ്രകാരം ഒരു പെൺകുഞ്ഞുള്ളപ്പോൾ മറ്റൊരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ പറ്റില്ല. ഇതിനെതിരെ നടി കോടതിയെ സമീപിച്ചു. താരത്തിന് അനുകൂലമായി വിധിയും വന്നു. അങ്ങനെ അലീഷയും സുസ്മിത സെന്നിന്റെ ജീവിതത്തിന്റെ ഭാ​ഗമായി.

ഒരിടത്തും പതറാത്ത സുസ്മിതയ്ക്ക് ഒരിക്കൽ ജീവിതത്തിന്റെ താളം തെറ്റി. അഡിസൺസ് ഡിസീസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചപ്പോഴായിരുന്നു ഇത്. 2014 ലായിരുന്നു ഇത്. കുറേ നാൾ ചികിത്സയിലായിരുന്നു താരം. ഇന്നും ചികിത്സയുടെ ഭാ​ഗമായി സ്റ്റിറോയ്ഡ് ഉപയോദിക്കുന്നുണ്ട്. ആരോ​ഗ്യം വീണ്ടെടുത്ത സുസ്മിത പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തി. അഭിനയ രം​ഗത്തേക്ക് താരം തിരിച്ചെത്തുന്നത് 2020 ൽ ആര്യ എന്ന സീരീസിലൂടെയാണ്. മികച്ച പ്രതികരണാണ് സീരീസിന് ലഭിച്ചത്. ആര്യയുടെ മൂന്ന് സീസണുകൾ ഇതുവരെ പുറത്തിറങ്ങി. 2023 ൽ താലി എന്ന സീരിസിലൂടെയും സുസ്മിത പ്രേക്ഷകർക്ക് മുമ്പിലെത്തി.

More from Filmibeat

Read more about: sushmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X