57 കാരനായ ആമിറിന്റെ അമ്മയുടെ വേഷം ചെയ്യുന്നത് 40 കാരിയായ നടി; വിമർശനം
ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ആമിർ ഖാൻ ചിത്രം ലാൽ സിംഗ് ഛദ്ദ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിനെതിരെ വ്യാപകമായ ബഹിഷ്കരണാഹ്വാനവും ഒരു വശത്ത് നടക്കുന്നുണ്ട്. ആമിറിന്റെ മുൻകാല പ്രസ്താവനകളും മറ്റും ചൂണ്ടിക്കാട്ടിയാണ് ഈ ആഹ്വാനം. ഇപ്പോഴിതാ ചിത്രത്തിനെതിരെ മറ്റൊരു വിമർശനവും ഉയർന്നിരിക്കുകയാണ്.
57 കാരനായ ആമിർ ഖാന്റെ അമ്മയായി സിനിമയിൽ അഭിനയിച്ചിരിക്കുന്നത് 40 കാരിയായ മോണ സിംഗ് എന്ന നടിയാണ്. പുരുഷ താരങ്ങൾക്ക് ഒരിക്കലും പ്രായമാവുന്നില്ലെന്ന് അമ്മ കഥാപാത്രങ്ങൾ അവരേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകൾ ചെയ്യേണ്ട സ്ഥിയാണെന്നുമാണ് വിമർശർ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോഴിതാ വിമർശനത്തിന് മറുപടിയുമായി നടി മോണ സിംഗ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഞാൻ ആമിർ ഖാന്റെ അമ്മയുടെ വേഷമല്ല ചെയ്യുന്നതെന്നും ചിത്രത്തിലെ ലാൽ എന്ന ആമിർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയാണെന്നുമാണ് നടി ചൂണ്ടിക്കാണിക്കുന്നത്.
ഇത് ആമിർ ഖാന്റെ ബയോപിക് അല്ല. അവിടെ അദ്ദേഹത്തിന് 57 വയസ്സും എനിക്ക് 40 വയസ്സുമാണ്. ഞാനൊരു തെറ്റായ കാര്യമാണ് ചെയ്യുന്നതെന്ന് ഒരിക്കലും തോന്നിയിട്ടില്ല. സിനിമ കണ്ട ശേഷം പ്രായവ്യത്യാസത്തെ ആരും ചോദ്യം ചെയ്യില്ലെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു, മോണ സിംഗ് പറഞ്ഞു.

2009 ൽ ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ മോണ സിംഗ് ആമിറിനൊപ്പം അഭിനയിച്ചിരുന്നു. ചിത്രത്തിലെ നായിക ആയിരുന്ന കരീനയുടെ സഹോദരിയുടെ വേഷമായിരുന്നു മോണ ചെയ്തത്. ലാൽ സിംഗ് ഛദ്ദയിലും കരീന ആണ് നായിക.


Click it and Unblock the Notifications