'ആന്റി' എന്ന് വിളിച്ച് ട്രോളൻ, ചുട്ടമറുപടി നൽകി ജെനീലിയ
ബോളിവുഡിലെ ഏറ്റവും ക്യൂട്ടായ കപ്പിൾ ആരാണെന്ന് ചോദിച്ചാൽ ആരാധകർ ഒറ്റ സ്വരത്തിൽ പറയും അത് താര ദമ്പതികളായ റിതേഷ് ദേശ്മുഖും ജെനീലിയ ദേശ്മുഖും ആണെന്ന്. പരസ്പര ബഹമാനവും സ്നേഹവും എല്ലാം കലർന്ന് മനോഹരമായി വിവാഹ ബന്ധം കൊണ്ടുപോകുന്നവരാണ് ഇരുവരും. 2003ൽ പുറത്തിറങ്ങിയ തുജെ മേരി കസം എന്ന സിനിമയിൽ അഭിനയിച്ച ശേഷം ഇരുവരും പരസ്പരം പ്രണയത്തിലായിരുന്നു.
പ്രണയം ഒമ്പത് വർഷത്തോളം നീണ്ടുനിന്നു. ശേഷമാണ് ഇരുകുടുംബാഗങ്ങളുടേയും സമ്മതത്തോടെ 2012 ഫെബ്രുവരി 3 ന് വിവാഹിതരായി. ഇപ്പോഴും പരസ്പരം നല്ല പിന്തുണ നൽകിയാണ് ഇരുവരും ജീവിക്കുന്നത്. പൊതുവേദികളിലും റിയാലിറ്റി ഷോകളിലും ടോക്ക് ഷോകളിലുമെല്ലാം രണ്ടുപേരും അധികവും ഒരുമിച്ചാണ് എത്താറ്.

എന്നിരുന്നാലും സിനിമാ മേഖലയുടെ ഭാഗമായതിനാൽ മറ്റേതൊരു ദമ്പതികളെയും പോലെ റിതേഷിനേയും ജെനീലിയയും തേടി ധാരാളം ട്രോളുകളും മീമുകളുമെല്ലാം എത്താറുണ്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഏറ്റവും മോശമായ അഭിപ്രായങ്ങൾ അതുകൊണ്ട് ഇവർക്ക് നിരവധി കേൾക്കേണ്ടിയും വന്നിട്ടുണ്ട്. ഇരുവർക്കും മൂന്ന് മക്കളാണുള്ളത്. ജെനീലിയയെ അധികവും ട്രോളന്മാർ കളിയാക്കുന്നത് പ്രായത്തെ ചൊല്ലിയാണ്. മക്കൾ പിറന്നിട്ടുപോലും പക്വതയുള്ള പെരുമാറ്റമില്ലെന്നും കുട്ടിത്തം വിട്ടുമാറാത്ത അമ്മായിയാണ് ജെനീലിയ എന്നുമൊക്കെയാണ് ട്രോളുകൾ പ്രത്യക്ഷപ്പെടുന്നത്.

സെലിബ്രിറ്റികളാകുമ്പോൾ ആളുകൾ ചെറിയ കാര്യത്തിന് പോലും കളിയാക്കുന്നതും വിമർശിക്കുന്നതും സ്ഥിരം സംഭവമാണ്. ആദ്യമായിട്ടല്ല ഇത്തരം ട്രോളുകൾ കാണുന്നത് എന്നതിനാൽ തന്നെ തരംതാഴ്ന്ന വിമർശനങ്ങളെ ഈ താരദമ്പതികൾ പൊതുവെ തള്ളികളയാറാണ് പതിവ്. മറ്റുള്ളവരെ വേദനിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ മാത്രം ഇറക്കുന്ന നിലവാരമില്ലാത്ത ട്രോളുകൾക്ക് തന്റെ ആത്മവിശ്വാസമോ ചിരിയോ മായ്ക്കാൻ കഴിയില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ജെനീലിയ.

അടുത്തിടെ, ബോളിവുഡ് നടൻ അർബാസ് ഖാൻ അവതാരകനാകുന്ന പിഞ്ച് സീസൺ 2 എന്ന ടോക്ക് ഷോയിൽ റിതേഷ് ദേശ്മുഖും ജെനീലിയ ദേശ്മുഖും പങ്കെടുത്തിരുന്നു. ഷോയിൽ പങ്കെടുക്കുന്നതിനിടയിൽ അർബാസ് ജെനീലിയയ്‌ക്കെതിരെ സോഷ്യൽമീഡിയയിൽ വന്ന ഒരു മോശം അഭിപ്രായം വായിച്ചു. കമന്റിൽ വായിച്ചത് 'ഓവർ ആക്ടിങ് ആന്റിയാണ് ജെനീലിയ, ഇത് നിങ്ങളുടെ പ്രായത്തിന് തീരെ യോജിക്കുന്നില്ല. പ്രത്യേകിച്ചും നിങ്ങൾ വിവാഹിതയും കുട്ടികളുടെ അമ്മയുമായിരിക്കുന്ന സാഹചര്യത്തിൽ' എന്നായിരുന്നു. നിങ്ങളുടെ ഓവർ ആക്ടിങ് കുട്ടികളെ പോലും ലജ്ജിപ്പിക്കുന്നതാണെന്നും കമന്റായി ഒരാൾ കുറിച്ചിരുന്നു. കമന്റിന് കൃത്യമായ മറുപടിയും ഉടൻ ജെനീലിയ നൽകി. 'നിങ്ങൾ വീട്ടിൽ ഓകെ ആണല്ലോ... മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കരുതുന്നു' എന്നായിരുന്നു ജെനീലിയ മറുപടിയായി പറഞ്ഞത്.

ഷോയുടെ പത്താമത്തെ എപ്പിസോഡിലാണ് റിതേഷും ജെനീലിയയും പങ്കെടുത്തത്. പ്രൊമോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അർബാസ് കമന്റ് വായിച്ചപ്പോൾ, മറ്റൊരാളോട് ഇത്രയധികം വിദ്വേഷം ഒരാൾക്ക് എങ്ങനെ പ്രകടിപ്പിക്കാൻ കഴിയുമെന്ന് ഓർത്ത് ജെനീലിയ ആശ്ചര്യപ്പെടുന്നുണ്ട്. എന്നിരുന്നാലും ശാന്തവും നർമ്മം കലർന്നതുമായ മറുപടിമാത്രമാണ് താരം നൽകിയത്. കമന്റെഴുതിയ ആൾക്ക് വീട്ടിൽ സുഖകരമായ ജീവിതമില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും ജെനീലിയ മറുപടിയായി പറയുന്നുണ്ട്.
Recommended Video

ജെനീലിയയുടെ ഭർത്താവ് റിതേഷ് ദേശ്മുഖും സോഷ്യൽ മീഡിയ ട്രോളിങിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പരിപാടിക്കിടെ പങ്കുവെച്ചു. ട്രോളുകൾ തങ്ങളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായതിനാൽ കലാകാരന്മാരായ ശേഷം കട്ടിയുള്ള തൊലിയായി തങ്ങളുടെ ചർമ്മത്തെ മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ആളുകൾ അഭിപ്രായപ്രകടനം നടത്തുന്നതിൽ കുഴപ്പമില്ല. മറ്റൊരാളെ ദ്രോഹിക്കണം എന്ന ഉദ്ദേശത്തോടെ അത് നടത്തുമ്പോഴാണ് വിഷമം വരുന്നത്. പരസ്പര സ്നേഹവും അവനവനോട് തന്നെയുള്ള സ്നേഹവുമാണ് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്'. റിതേഷ് പറയുന്നു. 2021 മാർച്ച് 29 ന് റിതേഷ് ദേശ്മുഖിന്റെയും ജെനീലിയ ദേശ്മുഖിന്റെയും ഹോളി ആഘോഷങ്ങളുടെ വീഡിയോ ഇന്റർനെറ്റൽ തരംഗമായിരുന്നു. ഇരുവരും വെള്ള വസ്ത്രത്തിൽ ഇരട്ടകളെ പോലെയെത്തി നിറങ്ങൾ വാരിവിതറുകയും സിനിമാഗാനത്തിനൊപ്പം ചുവടുവെച്ച് തങ്ങളുടെ ആരാധർക്ക് ആശംസകൾ നേരുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











