അബ്ബ കരീന കപൂറിനെ വിവാഹം കഴിക്കുകയാണ് എന്നറിഞ്ഞപ്പോള്‍ വിഷമം തോന്നിയോ? സാറയുടെ മറുപടി, വൈറല്‍ കുറിപ്പ്
ബോളിവുഡ് സിനിമ ലോകത്ത് ഏറ്റവും വിവാദങ്ങള്‍ ഉണ്ടാക്കിയ വേര്‍പിരിയലാണ് നടന്‍ സെയിഫ് അലി ഖാന്റെയും മുന്‍കാല നടി അമൃത സിംഗിന്റെയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും രണ്ട് മക്കള്‍ ജനിച്ചതിന് ശേഷമാണ് വേര്‍പിരിയുന്നത്. സെയിഫിനെക്കാളും അമൃതയ്ക്ക് പ്രായം കൂടുതല്‍ ഉണ്ടായിരുന്നതിനെ ചൊല്ലി നിരവധി പരിഹാസങ്ങളും താരദമ്പതിമാര്‍ക്ക്് നേരിടേണ്ടി വന്നിരുന്നു.
റെക്കോര്‍ഡ് തുക ജീവനാംശമായി വാങ്ങിയിട്ടാണ് അമൃത വേര്‍പിരിയലിന് സമ്മതിച്ചതെന്ന കഥയും പ്രചരിച്ചിരുന്നു. പിന്നീട് സെയിഫ് നടി കരീന കപൂറിനെ വിവാഹം കഴിച്ചു. എന്നാല്‍ ഇപ്പോള്‍ മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് സെയിഫിന്റെയും അമൃതയുടെ മൂത്ത മകള്‍ സാറ അലി ഖാന്‍ ഒരു അഭിമുഖത്തില്‍ പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. എഴുത്തുകാരി ശാരദക്കുട്ടി ടീച്ചറാണ് വൈറല്‍ കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്.

'വി.കെ. ദീപയുടെ ഈ പോസ്റ്റ് എല്ലാവരും വായിക്കണം. തലക്ക് വെളിവുണ്ടാവട്ടെ... 'ഒരു ഭാര്യയും ഭര്‍ത്താവും വിവാഹമോചനം നടത്തിയാല്‍ ആരാണ് തെറ്റുകാര്‍ എന്ന് നമ്മുടെ കാഴ്ചപ്പാടിന് അനുസരിച്ച് വിധിക്കാഞ്ഞാല്‍ നമുക്ക് ഉറക്കം വരില്ല. ആ വ്യക്തികള്‍ നയിച്ച സ്വകാര്യ ജീവിതത്തെക്കുറിച്ച് യാതൊരു വിധ ധാരണയും ഇല്ലെങ്കിലും സര്‍വ്വമാന ബന്ധുക്കളും നാട്ടുകാരും അയല്‍ക്കാരും പരിചയക്കാരും തുടങ്ങി അതില്‍ ഇടപെടാത്ത, അഭിപ്രായം പറയാത്ത കാക്കയും പൂച്ചയും പട്ടിയും ഉണ്ടാവില്ല. ഇതാണ് പോസ്റ്റ് എന്ന് പറഞ്ഞാണ് ശാരദക്കുട്ടി ടീച്ചര്‍ വൈറലാവുന്ന എഴുത്ത് ഷെയര്‍ ചെയ്തിരിക്കുന്നത്.
'സെയ്ഫ് അലിഖാനും അദ്ദേഹത്തിന്റെ ആദ്യവിവാഹത്തിലെ മകള്‍ സാറാ അലി ഖാനും ഒരുമിച്ചുള്ള ഇന്റര്‍വ്യൂ കാണുകയായിരുന്നു ..
അവതാരകന്‍ സാറയോട് ചോദിക്കുന്നു,
'താങ്കളുടെ അബ്ബ, കരീന കപൂറിനെ വിവാഹം കഴിക്കുകയാണ് എന്നറിഞ്ഞപ്പോള്‍ വിഷമം തോന്നിയോ..?'
'എന്തിന്? ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന അണ്‍കംഫര്‍ട്ടബിള്‍ ആയ ഒരു വീടിന് പകരം എനിക്കും അനിയനും സന്തോഷത്തോടെ ജീവിക്കാനും കയറിച്ചെല്ലാനും ഉള്ള രണ്ട് വീടുകളാണ് ആ വിവാഹമോചന തീരുമാനത്തോടെ ഉണ്ടായത്. അതില്‍ എന്തിനാണ് വേദനിക്കുന്നത്.?' സാറ ചിരിയോടെ തിരിച്ച് ചോദിക്കുന്നു.
അവതാരകന്‍ നമ്മളില്‍ ഒരാള്‍ ആയത് കൊണ്ട് പിന്നേം ചോദിക്കുന്നു. 'അബ്ബയുടെ വിവാഹ ദിവസത്തെക്കുറിച്ച് നിങ്ങള്‍ക്ക് അത്ര നല്ല ഓര്‍മ്മയായിരിക്കില്ല അല്ലേ..?' 'അതൊരു മനോഹരമായ ദിവസമായിരുന്നു. അമ്മയാണ് ബോളിവുഡിലെ ഏറ്റവും നല്ല ഫാഷന്‍ ഡിസൈനറെ കൊണ്ട് ലെഹങ്ക തുന്നിപ്പിച്ച് ഇട്ട ുതന്ന് എന്നെ അബ്ബയുടെ കല്യാണത്തിന് പറഞ്ഞയച്ചത്. അവിടെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ഞാനും അനിയനും ആയിരിക്കുമെന്നും, ഏറ്റവും നന്നായി സന്തോഷത്തോടെ പെരുമാറണം, അബ്ബയെ ശല്യം ചെയ്യരുത് എന്നും അമ്മ പറഞ്ഞിരുന്നു...'
'കരീനയെ അമ്മ എന്നാണോ ആന്റീ എന്നാണോ വിളിക്കുന്നത്?' അവതാരകന്റെ അടുത്ത കൂറ ചോദ്യം.
'എനിക്ക് സ്വന്തമായി അമ്മയുള്ളപ്പോള്‍ ഞാനെന്തിനാണവരെ അമ്മ എന്ന് വിളിക്കുന്നത്? പിന്നെ അത്രയും യംഗ് ആയ അവരുടെ മുഖത്ത് നോക്കി ആന്റി എന്ന് വിളിക്കാന്‍ മാത്രം മോശക്കാരിയാണോ ഞാന്‍. എല്ലാവരും വാത്സല്യത്തോടെ വിളിക്കുന്ന ചെല്ലപ്പേരായ ബേബോ എന്ന് തന്നെയാണ് ഞാനും വിളിക്കുന്നത്. ഷീ ഈസ് മൈ ബെസ്റ്റ് ഫ്രണ്ട്. അമ്മയും അബ്ബയും കഴിഞ്ഞാല്‍ ഞങ്ങളുടെ കുടുംബ കാര്യങ്ങള്‍ സംസാരിക്കാന്‍ എനിക്ക് പറ്റുന്ന മികച്ച സുഹൃത്ത്. ഞങ്ങള്‍ രണ്ടും ഒരുമിച്ച് യാത്രകള്‍ക്കും ഷോപ്പിംഗിനും പോവാറുമുണ്ട്...'

അവതാരകന്‍ നമുക്കൊക്കെ വേണ്ടി ആ മറ്റേ ചോദ്യം ചോദിക്കുന്നു. 'അമ്മ ഇപ്പോഴും അബ്ബയെ വിളിക്കാറുണ്ടോ?'
'പരസ്പരം മടുത്ത് ഇനിയൊരു നിമിഷം ഒരുമിച്ച് ജീവിക്കണ്ട എന്ന് തോന്നി പിരിഞ്ഞവര്‍ പിന്നെന്തിനാണ് പരസ്പരം വിളിക്കുന്നത്?' സാറ ചിരിയോടെ തിരിച്ച് ചോദിക്കുന്നു. പിന്നെ കൂട്ടിച്ചേര്‍ക്കുന്നു. 'മറ്റൊരു സ്ത്രീ അബ്ബയുടെ ജീവിതത്തില്‍ വരുമ്പോള്‍ അമ്മ വീണ്ടും അബ്ബയെ വിളിക്കുന്നത് ആ സ്ത്രീയ്ക്ക് ബുദ്ധിമുട്ടാവും എന്ന് തിരിച്ചറിയാനുള്ള വിവേകം അമ്മയ്ക്ക് ഉണ്ട്.'
ന്നാലും.. അങ്ങനെയല്ലല്ലോ കാര്യങ്ങള്‍ വേണ്ടത് എന്ന നിലയ്ക്ക് അവതാരകന്റെ അടുത്ത ചോദ്യം വരുന്നു.
'അബ്ബയുടെ വിവാഹത്തെ പറ്റി അമ്മ എന്തെങ്കിലും സ്വകാര്യ വേദനകള്‍ മക്കളായ നിങ്ങളോട് പങ്കുവെച്ചിരുന്നോ...?'
'എന്തിനാണ് അമ്മ വേദനിക്കുന്നത്? അമ്മയ്ക്ക് വേണ്ടാഞ്ഞിട്ടല്ലേ ബന്ധം അവസാനിപ്പിച്ചത്. പിരിഞ്ഞ ആ നിമിഷം തൊട്ട് അബ്ബ അമ്മയ്ക്ക് മറ്റേതൊരു വ്യക്തിയും പോലെ മറ്റൊരു സാധാരണ ആള്‍ ആണ്. ആ ആള്‍ പിന്നെ എന്തു ചെയ്താല്‍ അമ്മയ്ക്ക് എന്താണ്. എന്നാല്‍ ഞങ്ങള്‍ മക്കള്‍ക്ക് അബ്ബയോടും അബ്ബയ്ക്ക് തിരിച്ചു ഞങ്ങളോടും ഉള്ള ബന്ധത്തെ അമ്മ ബഹുമാനിക്കുകയും അതില്‍ ഞങ്ങള്‍ക്ക് സര്‍വ്വസ്വാതന്ത്യവും അനുവദിക്കുകയും ചെയ്തു.'
സെയ്ഫിന്റെ അമ്മയായ ഷര്‍മ്മിള ടാഗോറിനോടും 'മകന്റെ വിവാഹമോചനത്തില്‍ വിഷമം തോന്നിയോ ?' എന്ന് ഒരു അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്..
'തീര്‍ച്ചയായും, എങ്കിലും ഞാനതില്‍ ഇടപെട്ടിട്ടില്ല. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ ജീവിച്ച ജീവിതം അവര്‍ക്കല്ലേ അറിയൂ. നമുക്കതില്‍ പങ്കില്ല. അവരുടെ തീരുമാനത്തെ ബഹുമാനിക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ. ജീവിതം മനോഹരമായി ജീവിക്കാന്‍ ഏതാണോ നല്ലത് അത് ചെയ്യുക എന്നതാണ് ശരി. ' അവരും ഒരു ഞൊടിപോലും ആലോചിക്കാതെ മനോഹരമായ ഉത്തരം നല്‍കുന്നു.
അവര്‍ പിരിയാനുള്ള കാരണം എന്ത്? അമൃതാ സിംഗ് വീണ്ടും വിവാഹം കഴിക്കാതിരുന്നത് എന്തുകൊണ്ട്? ഇത്യാദി ചോദ്യങ്ങള്‍ ഒക്കെ വരുന്നുണ്ട്.
അതിന് ഉത്തരം സെയ്ഫ് അലി ഖാനാണ് നല്‍കുന്നത്..' അത് വ്യക്തിപരമായ ഒന്നാണ്. എന്റെയും അമൃതയുടേയും തീരുമാനങ്ങളിലും കാഴ്ച്ചപ്പാടുകളിലും വിയോജിപ്പുകള്‍ പ്രകടമായത് കുടുംബാന്തരീക്ഷത്തെ മുറുക്കമുള്ളതാക്കി. കുട്ടികള്‍ പിരിമുറുക്കമുള്ള അന്തരീക്ഷത്തില്‍ വളരേണ്ട എന്ന് ഞങ്ങള്‍ക്ക് തോന്നി.
അമൃത വീണ്ടും വിവാഹം കഴിക്കാത്തതിനെ കുറിച്ച് ചോദിക്കുമ്പോള്‍ സാറ പറയുന്നത് 'അമ്മ യാത്രകളും വായനയും ചിത്രം വരയും ഇഷ്ടപ്പെടുന്ന സ്ത്രീയാണ്. സമയത്തിനും സ്വാതന്ത്ര്യത്തിനും വലിയ വിലകൊടുക്കുന്ന ഒരാള്‍.. അതായിരിക്കാം കാരണം. നാളെ അവര്‍ക്ക് മറ്റൊരാളോട് ഹൃദയബന്ധം തോന്നിയാല്‍ ഏറ്റവും സന്തോഷിക്കുന്നതും ഞാനായിരിക്കും. '
അഭിമുഖ ഭാഷണം അങ്ങനെ ചോദ്യവും ഉത്തരവുമായി തുടര്‍ന്ന് പോവുന്നു. ഒരു കുടുംബം രണ്ടായി പിരിഞ്ഞ നേരത്ത് ആ കുടുംബങ്ങളിലെ നാല് സ്ത്രീകള്‍ തുറന്ന മനസ്സോടെ ജീവിതത്തെ കൈകാര്യം ചെയ്തപ്പോള്‍ എത്ര മനോഹരമായി അവര്‍ ഓരോരുത്തരുടേയും വ്യക്തി ജീവിതങ്ങള്‍ എന്നാണ് ഞാന്‍ ആലോചിച്ചത്.
എത്ര പേര്‍ക്ക് ഇത്ര വിശാലത ഹൃദയത്തില്‍ ഉണ്ടാകുമെന്ന് അറിയില്ല. വെള്ളിത്തിരയിലെ ജീവിതത്തിനപ്പുറം ഹിമാലയമടക്കമുള്ള സ്ഥലങ്ങളിലേക്ക് ഏകാന്തയാത്രകള്‍ നടത്തുകയും ധാരാളം വായിക്കുകയും ചെയ്യുന്ന ശീലമുള്ളവരാണ് ഈ പറഞ്ഞ നാലു സ്ത്രീകളും എന്ന് തുടര്‍സംസാരങ്ങളില്‍ നിന്ന് മനസ്സിലാവുന്നുണ്ട്...

എനിക്ക് തോന്നുന്നത് യാത്രയും വായനയും തരുന്ന തുറസ്സ് ഈ സ്ത്രീകള്‍ ജീവിതത്തിനകത്തും കൊണ്ടു വന്നപ്പോള്‍ ജീവിതവും ഒരു യാത്ര പോലെ അവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നാണ്. എന്നാല്‍ അന്തരിച്ചുപോയ നടി ശ്രീദേവി തന്റെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മക്കളെ അവരുടെ പിതാവിനെ കാണാന്‍ പോലും അനുവദിച്ചിരുന്നില്ലത്രേ. തന്റെ മക്കള്‍ അവരുമായി കൂട്ടു ചേരുന്നതും വിലക്കി. കുട്ടിക്കാലത്ത് അനുഭവിച്ച ആ ഒറ്റപ്പെടലിന്റെ ട്രോമയാണ് തന്റെയും അനുജത്തിയുടേയും ജീവിതം തകര്‍ത്തത് എന്ന് അര്‍ജ്ജുന്‍ കപൂര്‍ പറയുന്നുണ്ട്..
പൊതുവില്‍ കണ്ടു വരുന്ന ഒരു രീതിയും അതാണ്. ഒരു ഭാര്യയും ഭര്‍ത്താവും വിവാഹമോചനം നടത്തിയാല്‍ ആരാണ് തെറ്റുകാര്‍ എന്ന് നമ്മുടെ കാഴ്ചപ്പാടിന് അനുസരിച്ച് വിധിക്കാഞ്ഞാല്‍ നമുക്ക് ഉറക്കം വരില്ല എന്നതാണ് മറ്റൊന്ന്. ആ വ്യക്തികള്‍ നയിച്ച സ്വകാര്യ ജീവിതത്തെക്കുറിച്ച് യാതൊരു വിധ ധാരണയും ഇല്ലെങ്കിലും സര്‍വ്വമാന ബന്ധുക്കളും നാട്ടുകാരും അയല്‍ക്കാരും പരിചയക്കാരും തുടങ്ങി അതില്‍ ഇടപെടാത്ത, അഭിപ്രായം പറയാത്ത കാക്കയും പൂച്ചയും പട്ടിയും ഉണ്ടാവില്ല
സ്വന്തം വീട്ടിലെ പ്രശ്‌നങ്ങളില്‍ പതുങ്ങി നടക്കുന്നവനൊക്കെ കണ്ടവന്റെ പ്രശ്‌നത്തില്‍ പുലിയായി ഇടപെടും. തമ്മില്‍ പിരിഞ്ഞ ഭാര്യാ ഭര്‍ത്താക്കന്മാരാവട്ടെ പരസ്പരം കുറ്റം പറഞ്ഞും ആരോപണങ്ങള്‍ ഉന്നയിച്ചും മതിയാവാതെ ശ്വാസം മുട്ടും. 'അവന്‍/ അവള്‍ ഒരിക്കലും നന്നാവില്ല മുടിഞ്ഞ് പോവേ ഉള്ളൂ എന്ന പരസ്പര പ്രാക്ക് വേറെ.
'മക്കളെ അന്യോനം വിട്ടുകൊടുക്കില്ല, കാണിച്ചു കൊടുക്കില്ല തുടങ്ങിയ കലാപരിപാടികള്‍ വേറെയും. വേര്‍പിരിഞ്ഞാലും നരകം വേര്‍പിരിഞ്ഞില്ലെങ്കിലും നരകം എന്ന മട്ടില്‍. തലയ്ക്കകത്ത് തുറസ്സും പ്രാക്റ്റിക്കാലിറ്റിയുടെ വെളിച്ചവും ഉള്ള ചില മനുഷ്യര്‍ ഡിവോഴ്‌സിന് ശേഷം മുന്‍ പങ്കാളിയുടെ കാര്യങ്ങളില്‍ ഇടപെടാതെ കഴിഞ്ഞ കാലം മായ്ച്ചിട്ട് ജീവിതത്തില്‍ ഒന്നൂടെ പുനര്‍ജ്ജിച്ച് ബാക്കിയുള്ള ജീവിതം സുഖസുന്ദരമായി ജീവിക്കുന്നുണ്ട് താനും...
ഒരു ജീവിത നരകം കഴിഞ്ഞ്, നാം കൊതിയോടെ വീണ്ടെടുക്കുന്ന പുതു ജീവിതത്തെ പിന്നീട് നമ്മള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നിടത്താണ് അതിജീവനത്തിന്റെ ആനന്ദം. അല്ലാതെ വീണ്ടുമാ ചെളിച്ചതുപ്പില്‍ പുതഞ്ഞു കിടക്കലല്ല എന്ന് പറയുന്ന, പ്രാക്റ്റിക്കലായി ജീവിച്ച് കാണിച്ചു തരുന്ന, സാറയ്ക്കും കരീനയ്ക്കും അമൃതയ്ക്കും ഷര്‍മിളയ്ക്കും സ്‌നേഹം..'


Click it and Unblock the Notifications











