'വിജയ് എനിക്ക് സഹോദരനെ പോലെ'; നടനെക്കുറിച്ച് ആമിർ ഖാന്റെ വാക്കുകൾ
ബോളിവുഡ് നടൻ ആമിർ ഖാന്റെ പുതിയ ചിത്രം ലാൽ സിംഗ് ഛദ്ദ റിലീസിന് ഒരുങ്ങുകയാണ്. ആഗസ്റ്റ് 12 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് ആമിറിന്റെ ആരാധകർക്കുള്ളത്. ഒരിടവേളയ്ക്ക് ശേഷം ആമിർ നായകനാവുന്ന സിനിമ, ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് തുടങ്ങി ആമിർ ഖാൻ ആരാധകർക്ക് പ്രതീക്ഷകളേറെയാണ്.
തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകളിലും ചിത്രം മൊഴി മാറ്റി റിലീസ് ചെയ്യുന്നു. ഉദനനിധി സ്റ്റാലിനാണ് ലാൽ സിംഗ് ഛദ്ദയുടെ തമിഴ്നാട്ടിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ചിത്രത്തിന്റെ റിലീസിന് മുമ്പായി ചെന്നെെയിൽ നടത്തിയ പ്രത്യേക സ്ക്രീനിംഗിൽ മാധ്യമങ്ങളോട് സംസാരിച്ചിരിക്കുകയാണ് ആമിർ. തമിഴ് സൂപ്പർ താരങ്ങളായ വിജയും അജിത്തും തനിക്ക് പ്രിയപ്പെട്ടവരാണെന്ന് ആമിർ ഖാൻ പറയുന്നു.
'വിജയ് സർ ഒരു മികച്ച നടനാണ്. അദ്ദേഹത്തെ കാണുമ്പോൾ എനിക്ക് ഒരു സഹോദരനെ പോലെ തോന്നും. രജനി സാറെ കാണുമ്പോഴും എനിക്ക് അത് തന്നെ തോന്നും,' ആമിർ ഖാൻ പറഞ്ഞു. ലാൽ സിംഗ് ഛദ്ദയുടെ തമിഴ് പതിപ്പിന്റെ സ്ക്രീനിംഗിന് ഉദയ് സ്റ്റാലിൻ, ശിവകാർത്തികേയൻ, ഖുശ്ബു തുടങ്ങിയവരും പങ്കെടുത്തിരുന്നു.

നടൻ അജിത്തിനെ പറ്റിയും ആമിർ ഖാൻ സംസാരിച്ചു. 'അജിത്തിനുള്ളിലും പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്ന ആന്തരിക ശക്തി ഉണ്ട്. അദ്ദേഹത്തിന് ആ വ്യക്തിത്വമുണ്ട്,' ആമിർ ഖാൻ പറഞ്ഞു. തെന്നിന്ത്യൻ നടനായ നാഗചൈതന്യയും ലാൽ സിംഗ് ഛദ്ദയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇദ്ദേഹവും ചെന്നെെയിലെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്തു.

ബോളിവുഡ് സിനിമാ ലോകവും ഏറെ പ്രതീക്ഷയോടെയാണ് ലാൽ സിംഗ് ഛദ്ദയുടെ റിലീസ് കാത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡിലിറങ്ങിയ ബിഗ് ബജറ്റ് സിനിമകളെല്ലാം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. മറുവശത്ത് പുഷ്പ, ആർആർആർ, കെജിഎഫ് തുടങ്ങിയ തെന്നിന്ത്യൻ സിനിമകൾ ഹിന്ദിയിൽ മൊഴി മാറ്റിയെത്തിയപ്പോൾ വൻ ഹിറ്റാവുകയും ചെയ്തു.
Recommended Video

ആമിറിന്റെ തന്നെ ദംഗൽ എന്ന സിനിമയുടെ ഇന്ത്യയിലെ ബോക്സ് ഓഫീസ് റെക്കോഡ് തകർത്തത് കെജിഎഫ് ചാപ്റ്റർ 2 വിന്റെ ഹിന്ദി പതിപ്പാണ്. ബോളിവുഡിന്റെ ഖ്യാതി ഇല്ലാതായി തെന്നിന്ത്യൻ സിനിമകൾ ഉത്തരേന്ത്യയിലെ തിയറ്ററുകൾ ഭരിക്കുന്ന കാലം വരുമോയെന്നാണ് ബി ടൗണിലെ വമ്പൻമാർ ആശങ്കപ്പെടുന്നത്.
ഹിന്ദി സിനിമകളുടെ മോശം സമയത്ത് ഈ പ്രതിസന്ധി അകറ്റാൻ ഇന്ത്യയൊട്ടുക്കും ആരാധകരുള്ള ആമിറിന് പറ്റുമെന്നാണ് ഇവർ കരുതുന്നത്. ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ, പികെ തുടങ്ങിയ ആമിർ ചിത്രങ്ങളുണ്ടാക്കിയ അലയൊലികൾ ലാൽ സിംഗ് ഛദ്ദയ്ക്കും ഉണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications