ആമിര്‍ ഖാനും മുന്‍ഭാര്യ കിരണും ഒരുമിച്ച് വരുന്നു! കരണ്‍ ജോഹറിന്റെ പരിപാടിയില്‍ താരങ്ങളെത്തുന്നതായി റിപ്പോർട്ട്
ബോളിവുഡിലെ ജനപ്രിയ ഷോ ആണ് കോഫി വിത്ത് കരണ്‍. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന പരിപാടിയില്‍ ഹിന്ദി സിനിമയിലെ മുന്‍നിര താരങ്ങളാണ് പങ്കെടുക്കാറുള്ളത്. എട്ട് സീസണുകളോളം പൂര്‍ത്തിയാക്കിയ ഷോ വീണ്ടും സജീവമായിരിക്കുകയാണ്.
സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയുമായി പ്രമുഖ താരങ്ങള്‍ ഇതിനകം പങ്കെടുത്ത് കൊണ്ടിരിക്കുകയാണ്. അടുത്തിടെ കരീന കപൂറും ആലിയ ഭട്ടും ഒരുമിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്. അതേ സമയം ഇനി കരണുമായി ചാറ്റിനെത്തുന്നത് ആമിര്‍ ഖാനും അദ്ദേഹത്തിന്റെ മുന്‍ഭാര്യയുമായ കിരണ്‍ റാവുവുമാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്.

ബോളിവുഡിലെ പെര്‍ഫെഷനിസ്റ്റായി അറിയപ്പെടുന്ന ആമിര്‍ ഖാന്റെ ദാമ്പത്യ ജീവിതം വളരെ പരാജയമായിരുന്നു. രണ്ട് തവണ വിവാഹിതനായ താരം ആ രണ്ട് ബന്ധവും പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഫിലിംമേക്കര്‍ കൂടിയായ കിരണ്‍ റാവുവുമായി ആമിര്‍ വേര്‍പിരിയുന്നത്. ഇതിന് ശേഷം താരങ്ങള്‍ നല്ല സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ താരങ്ങളുടെ കൂടുതല്‍ വിവരങ്ങളറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകരും.
കോഫി വിത്ത് കരണ്‍ 8 ന്റെ ഇനി വരാനിരിക്കുന്ന എപ്പിസോഡുകളില്‍ ആമിര്‍ ഖാനും അദ്ദേഹത്തിന്റെ മുന്‍ ഭാര്യ കിരണ്‍ റാവുവും പ്രത്യക്ഷപ്പെടുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ച ഇരുവരും മുംബൈയിലെ വൈആര്‍എഫ് സ്റ്റുഡിയോയില്‍ എപ്പിസോഡ് ചിത്രീകരിച്ചുവെന്നാണ് വിവരം. മാത്രമല്ല പരിപാടിയ്ക്ക് എത്തിയ താരങ്ങള്‍ അവിടെ നല്ല രീതിയിലുള്ള സൗഹൃദമാണ് കാഴ്ച വെച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതോടെ ആമിറും കിരണും വിവാഹബന്ധം അവസാനിപ്പിച്ചതിനെ കുറിച്ചും ദാമ്പത്യത്തിലെ പ്രശ്‌നങ്ങളെ പറ്റിയും ആരാധകര്‍ അറിയാന്‍ കാത്തിരുന്ന പലതിനും ഉത്തരം ലഭിച്ചേക്കും. വിവാഹമോചനത്തെ കുറിച്ച് പറഞ്ഞെങ്കിലും അതിന്റെ കാരണം താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ പലതരത്തില്‍ കഥകള്‍ പ്രചരിച്ചെങ്കിലും അതൊന്നും വാസ്തവമായിരുന്നില്ലെന്നാണ് വിവരം.
ഇതാദ്യമായിട്ടല്ല കരണ്‍ ജോഹറിന്റെ ടോക്ക് ഷോയില്‍ ആമിര്‍ ഖാനും കിരണും പങ്കെടുക്കുന്നത്. മുന്‍പ് സീസണ്‍ 4-ന്റെ ഒരു എപ്പിസോഡില്‍ ദമ്പതിമാര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് ഇരുവരും ഭാര്യ-ഭര്‍ത്താക്കന്മാരായിരുന്നു. എന്നാല്‍ ഇപ്പോഴങ്ങനെയല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

കിരണിന് പുറമേ ആമിര്‍ ഖാന്‍ ദംഗല്‍ സിനിമയിലെ സഹതാരങ്ങളായി അഭിനയിച്ചിരുന്ന ഫാത്തിമ സന ഷെയിഖ്, സന്യ മല്‍ഹോത്ര, നടി കരീന കപൂര്‍ ഖാന്‍ എന്നിവരോടൊപ്പമൊക്കെ മുന്‍ സീസണുകളില്‍ പങ്കെടുത്തിരുന്നു.
വേര്‍പിരിഞ്ഞതിന് ശേഷം പലപ്പോഴും താരങ്ങള്‍ കണ്ടുമുട്ടിയിരുന്നു. മകന്‍ ആസാദിന്റെ ആവശ്യങ്ങള്‍ക്കെല്ലാം മാതാപിതാക്കള്‍ ഒരുമിച്ചെത്താറുണ്ട്. അതുപോലെ ആമിര്‍ ഖാന്റെ ആദ്യ ബന്ധത്തിലുള്ള മകള്‍ ഐറ ഖാന്റെ വിവാഹനിശ്ചയത്തിനും കിരണ്‍ റാവു പങ്കെടുത്തിരുന്നു. പരസ്പരം വിശ്വാസവും ബഹുമാനവും പുലര്‍ത്തുന്ന നല്ല സുഹൃത്തുക്കളാണ് ഇരുവരുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.
ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടിയാണ് കോഫി വിത്ത് കരണ്‍. സെലിബ്രിറ്റികളുടെ ജീവിതത്തിലെ പല ഗോസിപ്പുകളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുമായ കാര്യങ്ങളൊക്കെ കരണ്‍ ചോദിക്കാറുണ്ട്. രസകരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് പിന്നീട് പ്രശ്‌നത്തിലായ നിരവധി താരങ്ങളും ഉണ്ട്. അത്രത്തോളം കുഴപ്പിക്കുന്ന ചോദ്യങ്ങളുമായിട്ടാണ് കരണ്‍ എത്താറുള്ളത്.
എന്തായാലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റികള്‍ വരികയാണെങ്കില്‍ അവരുടെ ജീവിതത്തിലേ കാര്യങ്ങള്‍ അടുത്ത് അറിയാമല്ലോ എന്ന സന്തോഷത്തിലാണ് ആരാധകര്‍. വൈകാതെ ആകര്‍ഷകവും ഉള്‍ക്കാഴ്ചയുള്ളതുമായ മറ്റൊരു എപ്പിസോഡ് കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications











