അവളെയും കൊണ്ട് ഒളിച്ചോടിയതാണ്, 5 പേര്‍ക്ക് മാത്രമേ സത്യം അറിയുകയുള്ളു! ആദ്യ വിവാഹത്തെ കുറിച്ച് ആമിര്‍ ഖാന്‍
ഇന്ത്യന്‍ സിനിമയിലെ പെര്‍ഫെക്ഷനിസ്റ്റ് എന്ന വിളിപ്പേര് സ്വന്തമാക്കിയ കിംഗ് ഖാന്മാരില്‍ ഒരാളാണ് ആമിര്‍ ഖാന്‍. സൂപ്പര്‍താരമായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണെങ്കിലും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടാണ് നടന്‍ വാര്‍ത്തകളുടെ തലക്കെട്ടായി മാറുന്നത്. ഇന്ന് അറുപതാം ജന്മദിനം ആഘോഷിക്കുന്ന ആമിര്‍ ഖാന്‍ താന്‍ വീണ്ടും പ്രണയത്തിലാണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനാവാന്‍ ഒരുങ്ങുകയാണെന്ന തരത്തില്‍ ഏറെ കാലമായി വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട്. കേട്ട ഊഹാപോഹങ്ങളൊക്കെ സത്യമാണെന്നും ഗൗരി എന്ന പെണ്‍കുട്ടിയുമായി താന്‍ റിലേഷന്‍ഷിപ്പിലാണെന്നുമാണ് നടന്‍ വെളിപ്പെടുത്തിയത്. പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍. അതേ സമയം ആമിറിന്റെ ആദ്യ വിവാഹത്തെ കുറിച്ചുള്ള ചില രസകരമായ കഥകളും ഇതിനൊപ്പം പ്രചരിക്കുകയാണ്.

സിനിമാക്കഥ പോലൊരു പ്രണയമായിരുന്നു ആമിര്‍ ഖാനും ആദ്യ ഭാര്യ റീന ദത്തയും തമ്മില്‍. ഇരുവരും താമസിച്ചിരുന്ന വീടിന്റെ ജനലിലൂടെയാണ് ആദ്യം തമ്മില്‍ കാണുന്നത്. ആ കാഴ്ച പെട്ടെന്ന് പ്രണയത്തിലേക്ക് എത്തി. ആമിറിന് 21 വയസും റീനയ്ക്ക് 19 വയസുമുള്ളപ്പോഴാണ് ആരുമറിയാതെ രഹസ്യമായി വിവാഹം കഴിക്കാന്‍ താരങ്ങള്‍ തീരുമാനിക്കുന്നത്. ഇതേ കുറിച്ച് ആകെ അഞ്ച് പേര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളു എന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ തന്നെ വ്യക്തമാക്കിയത്.
1986 ഏപ്രിലിലായിരുന്നു ആമിര്‍ ഖാനും റീന ദത്തയും വിവാഹിതരാവുന്നത്. തൊട്ടടുത്ത വര്‍ഷം ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ ഒളിച്ചോട്ട കല്യാണത്തെ പറ്റി നടന്‍ വെളിപ്പെടുത്തി. താന്‍ ആദ്യമായി നായകനായി അഭിനയിച്ച ഖയാമത് സെ ഖയാമത് എന്ന സിനിമയുടെ റിലീസ് കഴിയുന്നത് വരെ വിവാഹിതനായ കാര്യം പുറത്ത് പറയാതെ മറച്ച് വെക്കുകയായിരുന്നു.
ഞാനും റീനയും ഒളിച്ചോടി പോവുകയായിരുന്നു. അത് ശരിക്കുമൊരു ഒളിച്ചോട്ട കല്യാണമാണ്. ഞങ്ങളുടെ കല്യാണത്തെ പറ്റി അഞ്ച് പേര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളു. ഞങ്ങളുടെ വിവാഹം കഴിഞ്ഞെന്ന് എന്റെ മാതാപിതാക്കള്‍ക്കോ റീനയുടെ വീട്ടിലുള്ളവര്‍ക്കോ അറിയില്ലായിരുന്നു. പിന്നീട് വീട്ടിലുള്ളവരോട് ഞങ്ങള്‍ കാര്യം പറഞ്ഞെങ്കിലും സിനിമ റിലീസ് ആകുന്നത് വരെ ആരോടും പറയാതെ ഒളിപ്പിച്ച് വെച്ചു.

വിവാഹം കഴിഞ്ഞെന്നുള്ള വാര്‍ത്ത പുറത്ത് വന്നാല്‍ അത് തന്റെ സിനിമയെ ബാധിക്കുമോ എന്ന പേടി ഉണ്ടായിരുന്നു. വിവാഹിതനായ പയ്യനാണ് സിനിമയിലെ നായകനെന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ എങ്ങനെ എടുക്കുമെന്ന ചോദ്യം മനസിലുണ്ടായി. എന്നിരുന്നാലും ആ ചിത്രം വലിയ വിജയമായി. ഇതോടെ ഇനി എന്ത് വന്നാലും പ്രശ്‌നമില്ലെന്നായി. അങ്ങനെയാണ് റീന തന്റെ ഭാര്യയാണെന്ന കാര്യം പുറംലോകത്തോട് വെളിപ്പെടുത്തുന്നത്. ആ സമയത്ത് കരിയറാണോ വലുത് റീനയാണോ എന്ന് ചോദിച്ചാല്‍ റീന എന്ന് തന്നെ ഞാന്‍ പറയുമായിരുന്നു എന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.
റീനയുമായിട്ടുള്ള ദാമ്പത്യ ജീവിതത്തില്‍ രണ്ട് മക്കളും ആമിര്‍ ഖാന് ജനിച്ചിരുന്നു. മകള്‍ ഐറ ഖാന്‍ വിവാഹിതയാവുകയും ചെയ്തിരുന്നു. മാത്രമല്ല പിതാവിന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തിയ മകന്‍ ജുനൈദ് അഭിനയിച്ച ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്.
അതേ സമയം റീനയുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം ആമിര്‍ ഖാന്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. സംവിധായിക കൂടിയായ കിരണ്‍ റാവുവായിരുന്നു ആമീറിന്റെ രണ്ടാമത്തെ ഭാര്യ. ഈ ബന്ധത്തില്‍ നടനൊരു മകന്‍ കൂടിയുണ്ട്. എന്നാല്‍ 2021 ല്‍ ഇരുവരും ദാമ്പത്യം അവസാനിപ്പിച്ചു. ഇതിന് ശേഷമാണ് ഗൗരി എന്ന യുവതിയുമായി നടന്‍ റിലേഷനിലാവുന്നത്. ഇരുവരുടെയും വിവാഹത്തെ കുറിച്ചടക്കം അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകരും.


Click it and Unblock the Notifications











