അമ്മ മുകളിലത്തെ നിലയിലാണ്, ആരാണ് നിങ്ങളെ തടയുന്നതെന്ന് കിരൺ; 35 വർഷം ശ്രദ്ധ കൊടുത്തത് ഒന്നിൽ മാത്രം; ആമിർ
ആമിർ ഖാനും മുൻ ഭാര്യ കിരൺ റാവുവും ഇപ്പോഴും തുടരുന്ന സൗഹൃദം പലർക്കും കൗതുകമാണ്. സുഹൃത്തുക്കൾ എന്നതിനപ്പുറം കുടുംബാംഗം തന്നെയായാണ് ഇവർ ഇപ്പോഴും പരസ്പരം കാണുന്നത്. പരസ്പരം പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരെയും എന്നും ചേർത്ത് നിർത്തിയത് സിനിമകളാണ്. ആമിറിന്റെ കരിയറിൽ കിരണിനും കിരണിന്റെ കരിയറിൽ ആമിറിനും വലിയ സ്വാധീനമുണ്ട്. വേർപിരിഞ്ഞ ശേഷവും ഇതിൽ മാറ്റം വന്നിട്ടില്ല. ആമിറിന്റെ കുടുംബാംഗങ്ങളുമായുള്ള അടുപ്പവും കിരൺ റാവു ഇന്നും തുടരുന്നു. നടന്റെ അമ്മയും സഹോദരിയുമെല്ലാം കിരണിന് പ്രിയപ്പെട്ടവരാണ്.
ആസാദ് എന്നാണ് ഇരുവർക്കും പിറന്ന മകന്റെ പേര്. വിവാഹിതരായിരുന്ന കാലത്ത് കിരൺ തന്നിലുണ്ടാക്കിയ തിരിച്ചറിവിനെക്കുറിച്ച് കഴിഞ്ഞ ദിവസം ആമിർ ഖാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വ്യക്തി ജീവിതത്തിന് സമയം നൽകാത്തതിനെക്കുറിച്ച് കിരൺ തനിക്ക് മനസിലാക്കി തന്നെന്നാണ് ആമിർ പറഞ്ഞത്.

ഫിസിക്കലി നിങ്ങൾ ഇവിടെയുണ്ട്. പക്ഷെ മാനസികമായി ഇവിടെയില്ലെന്ന് ഞാൻ മനസിലാക്കുന്നു. അമ്മയെ കാണാൻ പറ്റുന്നില്ലെന്ന് നിങ്ങൾ ഇടയ്ക്കിടെ പറയുന്നു.. നിങ്ങൾക്ക് രണ്ട് നില മുകളിലാണ് താമസിക്കുന്നത്. ആരാണ് നിങ്ങളെ തടയുന്നതെന്ന് കിരൺ ചോദിച്ചു. തന്റെ കരിയറിലെ 35 വർഷങ്ങളിൽ വർക്കിനെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത്. താൻ ഒരു വർക്ക്ഹോളിക് ആയിരുന്നെന്നും ആമിർ ഖാൻ തുറന്ന് പറഞ്ഞു.
പഴയത് പോലെ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ ആമിർ ഖാൻ ഇന്ന് താൽപര്യപ്പെടുന്നില്ല. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാതിരുന്നതിൽ തനിക്ക് ഖേദമുണ്ടെന്ന് കഴിഞ്ഞ വർഷവും ആമിർ ഖാൻ തുറന്ന് പറയുകയുണ്ടായി. ലാൽ സിംഗ് ഛദ്ദ എന്ന സിനിമയ്ക്ക് ശേഷം ആമിറിന്റെ പുതിയ സിനിമകളൊന്നും പുറത്ത് വന്നിട്ടില്ല. ഇടവേള സമയം മക്കൾക്കൊപ്പം ചെലവഴിക്കാനാണ് ആമിർ ഇന്ന് താൽപര്യപ്പെടുന്നത്.

രണ്ട് വിവാഹ ബന്ധങ്ങളിലായി മൂന്ന് മക്കളാണ് ആമിർ ഖാനുള്ളത്. റീന ദത്തയെന്നാണ് നടന്റെ ആദ്യ ഭാര്യയുടെ പേര്. ഇറ ഖാൻ, ജുനൈജ് ഖാൻ എന്നിവരാണ് ഇരുവർക്കും പിറന്ന മക്കൾ. 1986 ലായിരുന്നു വിവാഹം. വീട്ടുകാർ എതിർത്തത് മൂലം ഒളിച്ചോടി പോവുകയായിരുന്നു ഇവർ. എന്നാൽ 2002 ൽ ആമിറും റീനയും വേർപിരിഞ്ഞു. വേർപിരിയൽ തന്നെ തകർത്തിരുന്നെന്ന് ആമിർ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും രണ്ട് പേരും സുഹൃത്തുക്കളാണ്. മക്കളുടെ വിശേഷങ്ങൾക്ക് ഇരുവരും ഒരുമിച്ചെത്താറുണ്ട്.
മകൾ ഇറ ഖാന്റെ വിവാഹത്തിന് രണ്ട് പേരും ഒരുമിച്ച് ക്യാമറകൾക്ക് മുന്നിലെത്തി. കിരൺ റാവുവുമായും റീന ദത്തയ്ക്ക് അടുത്ത സൗഹൃദമുണ്ട്. താനും ആമിറും റീനയുമെല്ലാം ഇടയ്ക്കിടെ കാണാറുണ്ടെന്നും ഒരുമിച്ച് ഭക്ഷണം കഴിക്കാറുണ്ടെന്നും കിരൺ റാവു പറയുകയുണ്ടായി. ലാപത ലേഡീസ് എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് കിരൺ റാവു. ഏറെക്കാലത്തിന് ശേഷം കിരൺ റാവു സംവിധാനം ചെയ്ത സിനിമയാണിത്.


Click it and Unblock the Notifications