ഞാനും മകളും തെറാപ്പിയിലാണ്; പ്രൊഫഷണൽ സഹായം തേടൂ; മകൾക്കൊപ്പം തുറന്ന് പറഞ്ഞ് ആമിർ ഖാൻ
കരിയറിലെ തിരക്കുകൾ മാറ്റിവെച്ച് കുടുംബജീവിതത്തിന് ശ്രദ്ധ നൽകുകയാണ് ആമിർ ഖാൻ. ചെറുപ്പകാലം മുതൽ സിനിമാ തിരക്കുകളിലായതിനാൽ കുടുംബത്തോടൊപ്പമുള്ള സമയം ആമിറിന് അധികം ലഭിച്ചിട്ടില്ല. മക്കളുടെ കുട്ടിക്കാലത്ത് ഒപ്പമുണ്ടാകാൻ കഴിഞ്ഞില്ലെന്ന് അടുത്തിടെ നടൻ തുറന്ന് പറയുകയുണ്ടായി. ആദ്യ വിവാഹബന്ധത്തിലെ മക്കളായ ജുനൈദ് ഖാൻ, ഇറ ഖാൻ എന്നിവർക്കൊപ്പം ചെലവഴിക്കാൻ ആമിർ ഇന്ന് സമയം കണ്ടെത്തുന്നു. മകൾ ഇറാ ഖാന്റെ വിവാഹനിശ്ചയ ചടങ്ങിൽ മുഴുനീളെ ആമിറുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ മകളെ ആമിർ ചേർത്ത് പിടിക്കാറുണ്ട്.
വർഷങ്ങളോളം വിഷാദരോഗത്തിന്റെ പിടിയകപ്പെട്ടയാളാണ് ഇറ ഖാൻ. മാനസികമായി തകർന്ന പോയ ഇറ തന്റെ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. സീസണൽ ആയി വരുന്ന വിഷാദരോഗമാണ് തനിക്കെന്ന് അടുത്തിടെ ഇറ ഖാൻ തുറന്ന് പറയുകയുണ്ടായി. ലോക മാനസികാരോഗ്യ ദിനമായ ഇന്ന് ആമിർ ഖാനും ഇറ ഖാനും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

താനും മകളും വർഷങ്ങളായി സൈക്കോളജിസ്റ്റിന്റെ തെറാപ്പിക്ക് പോകുന്നുണ്ടെന്നും ഇതൊരുപാട് ഗുണം ചെയ്യുന്നുണ്ടെന്നും ആമിർ ഖാൻ തുറന്ന് പറഞ്ഞു. എനിക്കും മകൾക്കും വർഷങ്ങളായി തെറാപ്പിയിലൂടെ നേട്ടങ്ങളുണ്ട്. മാനസികമായ പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നുണ്ടെങ്കിൽ നിങ്ങൾക്കും ഒരു പ്രൊഫഷണൽ ഹെൽപ് നേടാം. അതിൽ നാണക്കേട് തോന്നേണ്ടതില്ലെന്നും ആമിർ ചൂണ്ടിക്കാട്ടി.
ഒരു ഡോക്ടറിൽ നിന്നോ ടീച്ചറിൽ നിന്നോ കാർപെന്ററിൽ നിന്നോ സഹായം തേടുന്നത് പോലെ സാധാരണമാണ് തെറാപ്പിസ്റ്റിനെ കാണുന്നത്. മാനസികാരോഗ്യത്തിന് സഹായം വേണമെങ്കിൽ നമ്മൾ മടി കൂടാതെ ഒരു പ്രൊഫണലിൽ നിന്നും സഹായം തേടണമെന്ന് ആമിറിന്റെ മകൾ ഇറ ഖാനും ചൂണ്ടിക്കാട്ടി. വിഷാദരോഗത്തെക്കുറിച്ച് അടുത്തിടെ ഇറ ഖാൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.

പാരമ്പര്യം, സാമൂഹികം, മാനസിക തുടങ്ങി പല ഘടകങ്ങൾ വിഷാദരോഗത്തിന് കാരണമാകും. ഇത്തരം അവസ്ഥകൾ വന്നവർ എന്റെ കുടുംബത്തിൽ ഉണ്ടായിരുന്നു. ഇതിനൊപ്പം അനാരോഗ്യകരമായ സാഹചര്യങ്ങളിലേക്ക് ഞാൻ കടന്ന് ചെന്നു. കഴിഞ്ഞ വർഷം സീസണൽ ഡിപ്രഷൻ വന്നപ്പോൾ മരുന്ന് കഴിക്കാതെ നോക്കി. എന്ത് സംഭവിക്കുമെന്ന് എനിക്കറിയണമായിരുന്നു. എന്നാൽ മരുന്ന് നിർത്തിയപ്പോൾ താൻ വല്ലാതെ ബുദ്ധിമുട്ടിയെന്നും ഇറ ഖാൻ തുറന്ന് പറഞ്ഞു.
തനിക്ക് വിഷാദരോഗം സ്ഥിരീകരിച്ച സമയത്തെക്കുറിച്ചും ഇറ ഖാൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. മാനസികമായി തളർന്നതോടെ നെതർലന്റിലെ പഠിപ്പ് നിർത്തി തിരിച്ച് വന്നു. പരിശോധനകൾക്കൊടുവിൽ സീസണലായി വരുന്ന വിഷാദരോഗമാണ് തനിക്കെന്ന് സ്ഥിരീകരിച്ചു. എട്ടോ പത്തോ മാസങ്ങൾ കൂടുമ്പോൾ താൻ കടുത്ത വിഷാദത്തിൽ അകപ്പെടും. സമയത്ത് ആന്റി ഡിപ്രസന്റുകൾ കഴിക്കാറുണ്ടെന്നും ഇറ ഖാൻ തുറന്ന് പറഞ്ഞു.
കഴിഞ്ഞ വർഷമാണ് ഇറ ഖാന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. കാമുകൻ നുപുർ ശിഖാറിനെയാണ് ഇറ വിവാഹം ചെയ്യുന്നത്. ആമിറിന്റെ മൂത്ത മകൻ ജുനൈദ് ഖാൻ സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. ആമിർ ഖാൻ ഇടവേള അവസാനിപ്പിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. ലാൽ സിംഗ് ഛദ്ദയ്ക്ക് ശേഷം സലാം വെങ്കി എന്ന ചിത്രത്തിൽ ആമിർ അതിഥി വേഷത്തിലെത്തിയിരുന്നു. ഇതിന് ശേഷം നടൻ പുതിയ സിനിമകൾക്കൊന്നും ഒപ്പുവെച്ചിട്ടില്ല.


Click it and Unblock the Notifications