'പികെ'യ്ക്ക് മികച്ച പ്രതികരണം; നിരൂപകര്‍ വാഴ്ത്തുന്നു
മുംബൈ: വിവാദങ്ങളും പ്രതിവാദങ്ങളുമായി പുറത്തിറങ്ങുംമുന്‍പ് തന്നെ ഏറെ ചര്‍ച്ചയായ ആമിര്‍ ഖാന്‍ ചിത്രം 'പികെ'യ്ക്ക് പ്രതീക്ഷിച്ചതുപോലെ മികച്ച പ്രതികരണം. സിനിമ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം സിനിമയെക്കുറിച്ചുള്ള നിരൂപണങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. മിക്ക മാധ്യമങ്ങളും പ്രശംസകൊണ്ട് മൂടുകയാണ് ആമിറിന്റെ അഭിനയത്തെയും സിനിമയെയും.
26.3 കോടി രൂപ നേടി ആദ്യദിനം നേടിയ കലക്ഷനിലും സിനിമ പുതിയ റെക്കോര്‍ഡിട്ടു. ആദ്യദിനം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രം എന്ന ബഹുമതി ഇനി പികെയ്ക്കാണ്. ആമിറിന്റെ ധൂം3 ആണ് ഇതിനുമുന്‍പ് ഏറ്റവും കൂടുതല്‍ രൂപ ആദ്യദിനം തന്നെ നേടിയ മറ്റൊരു സിനിമ. ഇന്ത്യയില്‍ നിന്നുമാത്രം 25 കോടിയിലധികം രൂപ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.

ആദ്യ ഷോയ്ക്കുശേഷം സിനിമയെക്കുറിച്ച് നല്ല പ്രതികരണം വന്നതിനാല്‍ വരും ദിവസങ്ങളിലും കോടികള്‍ കൊയ്യുമെന്നുതന്നെയാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. സിനിമ 300 കോടി കലക്ഷന്‍ നേടുമെന്ന് ഉറപ്പിച്ചിരിക്കുകയാണെന്ന് അണിയറക്കാര്‍ പറയുന്നു. വിധു വിനോദ് ചോപ്രയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് രാജ്കുമാര്‍ ഹിരാനി ചിത്രം തിയേറ്ററിലെത്തിച്ചിരിക്കുന്നത്. എക്കാലത്തെയും മികച്ച ബോളിവുഡ് ഹിറ്റുകളില്‍ ഒന്നായ 3 ഇഡിയറ്റ്‌സ് എന്ന ചിത്രത്തിനുശേഷം ആമിര്‍ഖാനും ഹിരാനിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പികെ. ആമിറിന്റെ കരിയറിലെ മികച്ച കഥാപാത്രമായി വിലയിരുത്തപ്പെടുന്ന ചിത്രത്തില്‍ അനുഷ്‌കാ ശര്‍മയാണ് നായിക.


Click it and Unblock the Notifications











