ഭര്‍ത്താവിന്റെ രണ്ടാമത്തെ ഭാര്യയാവാന്‍ പോവുന്ന ആള്‍ക്കാണ് കമ്മല്‍ വാങ്ങിയതെന്ന് അറിഞ്ഞില്ല! ആമിറിന്റെ പ്രണയകഥ
നടന്‍ ആമിര്‍ ഖാനും മുന്‍ഭാര്യ കിരണ്‍ റാവുവും തമ്മിലുണ്ടായിരുന്ന ദാമ്പത്യ ജീവിതത്തെ കുറിച്ച് പല കഥകളും പുറത്ത് വന്നിട്ടുണ്ട്. 2005 ഡിസംബറിലായിരുന്നു താരങ്ങള്‍ വിവാഹിതരാവുന്നത്. ശേഷം 15 വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചെങ്കിലും 2021-ല്‍ വേര്‍പിരിഞ്ഞു. അതിന് ശേഷവും കിരണ്‍ റാവുവും ആമിര്‍ ഖാനും അവരുടെ മകന്‍ ആസാദ് ഖാന്റെ മാതാപിതാക്കളായി ഇടയ്ക്കിടെ ഒരുമിച്ച് കൂടാറുണ്ട്.
ദമ്പതിമാരായിരുന്നു എന്നതിനപ്പുറം പരസ്പരം ബഹുമാനം നല്‍കുന്നവരാണ് ഇരുവരും. ഇപ്പോഴുള്ള സൗഹൃദത്തിലൂടെ അത് വ്യക്തമാണ്. അതേ സമയം അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹ ജീവിതത്തെ കുറിച്ചും ഭര്‍ത്താവായിരുന്നപ്പോഴുള്ള ആമിര്‍ ഖാനെ കുറിച്ചുമൊക്കെ കിരണ്‍ റാവു തുറന്ന് സംസാരിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് താരങ്ങളെ പറ്റിയുള്ള ചില രസകരമായ കാര്യങ്ങള്‍ കൂടി പ്രചരിക്കുകയാണിപ്പോള്‍.

ആമിര്‍ ഖാന്റെ ജീവിതത്തെക്കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍ പ്രദീപ് ചന്ദ്ര ഒരു പുസ്തകം എഴുതിയിരുന്നു. അതിലാണ് ആദ്യ ഭാര്യയെ കുറിച്ചും രണ്ടാമത്തെ ഭാര്യയെ പറ്റിയുമൊക്കെ സൂചിപ്പിച്ചിരിക്കുന്നത്. ലഗാന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.
ചിത്രീകരണത്തിനിടയില്‍, ആമിര്‍ ഖാന്‍ തന്റെ 'ഭുവന്‍' എന്ന കഥാപാത്രത്തിന് വേണ്ടി കിരണില്‍ നിന്നും ഒരു ജോടി കമ്മലുകള്‍ കടമായി വാങ്ങിയിരുന്നു. പിന്നീട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി എല്ലാവരും പൊടിയും തട്ടി പോയെങ്കിലും ആമിര്‍ ഖാന്‍ ആ കമ്മലുകള്‍ കിരണിന് തിരികെ കൊടുത്തില്ല. പിന്നീട് ദില്‍ ചാഹ്താ ഹേ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് അവര്‍ വീണ്ടും കണ്ടുമുട്ടുന്നത്.

കിരണ്‍ ആമിറിനെ കണ്ടതും തന്റെ കമ്മലുകളുടെ ഒരു കടമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തി. ഇതോടെ അവള്‍ക്കായി പുതിയൊരു കമ്മല്‍ വാങ്ങി കൊടുക്കാമെന്ന് താരം പറഞ്ഞു. ആ സമയത്ത് ആമിര്‍ ഖാനും ഭാര്യ റീന ദത്തയും ഒരുമിച്ച് ജീവിക്കുകയാണ്. ഭാര്യയായ റീനയെയും കൂട്ടിയാണ് അന്ന് കിരണിന് കമ്മല്‍ വാങ്ങാന്‍ ആമിര്‍ പോയത്. തന്റെ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയാകാന്‍ പോകുന്ന ആളെന്നന്ന യാഥാര്‍ത്ഥ്യം അറിയാതെ അന്ന് കിരണിന് വേണ്ടി കമ്മലുകള്‍ വാങ്ങിയത് റീനയായിരുന്നു.
പിന്നീടൊരിക്കല്‍ ഒരു പരസ്യത്തിന്റെ ഷൂട്ടിംഗിനിടെയാണ് ആമിറും കിരണും വീണ്ടും കണ്ടുമുട്ടുന്നത്. ഇതോടെ അവര്‍ക്കിടയില്‍ പുതിയൊരു ബന്ധം തുടങങി. ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയതോടെ കിരണ്‍ ആമിറുമായി ഭ്രാന്തമായി പ്രണയത്തിലായി. റീന ദത്തയുമായുള്ള വിവാഹമോചനത്തിന് ശേഷം ആമിര്‍ ഖാന്‍ കിരണ്‍ റാവുവുമായി സീരിയസായിട്ടുള്ള ബന്ധത്തിന് തയ്യാറായിരുന്നില്ല. എന്നാല്‍ തന്നോട് പ്രണയത്തിലായിരുന്ന കിരണുമായി ലിവിംഗ് റിലേഷന്‍ഷിപ്പ് തുടരാന്‍ തീരുമാനിച്ചു.
ഒരു വര്‍ഷത്തോളം ലിവിംഗ് ടുഗദറായി ജീവിച്ചതിന് ശേഷം മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരമായിരുന്നു താരങ്ങള്‍ വിവാഹിതരാവുന്നത്. ആ സമയത്ത് ആമിറിന്റെ മക്കളായ ജുനൈദിനോടും ഐറയോടും വിവാഹത്തിനുള്ള അനുവാദം ഇരുവരും വാങ്ങുകയും ചെയ്തിരുന്നു. ഇതിനും ശേഷമാണ് താരങ്ങള്‍ മാറി താമസിക്കുന്നത്.
ആറ് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2011-ല്‍ ആമിറും കിരണും ഐവിഎഫ് വഴി ആസാദ് എന്ന കുഞ്ഞിനെ സ്വീകരിച്ചു. സാധാരണ പോലെ ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സാധിക്കാതെ വന്നതോടെയാണ് താരങ്ങള്‍ ചികിത്സ നടത്തിയതെന്ന് മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.
അഭിനയവുമായി ബന്ധപ്പെട്ട് തിരക്കുകളിലായിരുന്ന ആമിര്‍ ഖാന് മക്കളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ സാധിച്ചിരുന്നില്ല. ഇളയമകന്‍ ആസാദിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ കിരണ്‍ സൂചിപ്പിച്ചത്.


Click it and Unblock the Notifications