അച്ഛനും അമ്മയും ബോധപൂർവം എടുത്ത തീരുമാനം; വീട്ടിൽ ഒരു കാര്യം അനുവദിച്ചിട്ടില്ല; അഭിഷേക് ബച്ചൻ
ബോളിവുഡിലെ ജനപ്രിയ താരങ്ങളിൽ ഒരാളാണ് അഭിഷേക് ബച്ചൻ. അച്ഛൻ അമിതാഭ് ബച്ചനെ പോലെ സൂപ്പർസ്റ്റാർ ആയില്ലെങ്കിലും ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ അഭിഷേക് ബച്ചന് കഴിഞ്ഞു. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് അഭിഷേക് ബച്ചൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് കൈ നിറയെ അവസരങ്ങൾ അഭിഷേകിനെ തേടി വന്നു. നായക നടനായി മാത്രം നിൽക്കാതെ സഹ നായക വേഷങ്ങളും ചില സിനിമകളിൽ അഭിഷേക് ബച്ചൻ ചെയ്തു.
വിജയ പരാജയങ്ങൾ ഒരുപോലെ അഭിഷേകിന്റെ കരിയറിലുണ്ടായി. ഗൂമർ ആണ് നടന്റെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് അഭിഷേക് ബച്ചൻ. ഹ്യൂമൺസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭിഷേക് പങ്കുവെച്ച ഓർമ്മകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്തെ അനുഭവങ്ങൾ അഭിഷേക് പങ്കുവെച്ചു.

അച്ഛൻ ഒരിക്കലും വർക്ക് വീട്ടിൽ ചർച്ചയാക്കിയിട്ടില്ല. സിനിമകളെ പറ്റി സംസാരിക്കുന്നത് കുട്ടിക്കാലത്തെ എന്റെ ഓർമ്മയിലില്ല. ഫിലിം മാഗസിനുകൾ വീട്ടിൽ അനുവദിച്ചിരുന്നില്ല. അച്ഛനും അമ്മയും ബോധപൂർവം എടുത്ത തീരുമാനമാണത്. എനിക്ക് പതിനെട്ടോ പത്തൊൻപതോ വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ഒരു ഫിലിം മാഗസിൻ വായിക്കുന്നത്. പക്ഷെ അച്ഛന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും വീട്ടിലേക്ക് വരുന്നത് എനിക്കോർമ്മയുണ്ട്.
അന്ന് അതൊരു പ്രിവിലേജ് ബബിൾ ആയിരുന്നു. എല്ലാവരും സിനിമാ താരങ്ങളാണെന്ന് ഞാൻ കരുതി. സിനിമാ ചുറ്റുപാടുകളിലാണ് ഞാൻ വളർന്നത്. അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് മാതാപിതാക്കളോട് പറയാൻ ഞാൻ ഭയന്നു. അമ്മയോടാണ് ആദ്യം പറഞ്ഞത്. അച്ഛനോട് പറഞ്ഞപ്പോൾ സാധാരണ പോലെയാണ് എടുത്തത്. ഓക്കെ എന്ന് പറഞ്ഞു. സിനിമയിലേക്ക് വരുന്നതിന് മുമ്പ് അച്ഛൻ സിനിമാ ലോകത്ത് എങ്ങനെ നിൽക്കണം, എന്തൊക്കെ പ്രതീക്ഷിക്കണം എന്നതിനെയൊക്കെ സംബന്ധിച്ച് തുറന്ന് സംസാരിച്ചു. അതിപ്പോഴും തനിക്ക് മറക്കാനാകാത്ത നിമിഷങ്ങളാണെന്നും അഭിഷേക് ബച്ചൻ പറഞ്ഞു.

കുറച്ച് മാസങ്ങൾക്കുള്ളിൽ അച്ഛന് 81 വയസ് പൂർത്തിയാകും. ആഴ്ചയിൽ ആറ് ദിവസവും അദ്ദേഹം ജോലി ചെയ്യുന്നു. കുറച്ച് സമയം മുമ്പ് അദ്ദേഹത്തോട് സംസാരിച്ചിരുന്നു. കോൻ ബനേഗ ക്രോർപതിയുടെ ഷൂട്ടിംഗിലാണ് അദ്ദേഹം. ഷൂട്ടിന് ശേഷം ജിമ്മിൽ പോകണം. മൊബിലിറ്റി വ്യായാമത്തിന് ശേഷം വീട്ടിലെത്തണം, അപ്പോഴേക്കും ക്ഷീണിക്കും എന്ന് അച്ഛൻ പറഞ്ഞു. പക്ഷെ അദ്ദേഹം ക്ഷീണിക്കില്ല. രാത്രി വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ച ശേഷം ബ്ലോഗ് നോക്കും, ട്വിറ്ററിലെ മെസേജുകൾക്ക് മറുപടി നൽകും.
കോൻ ബനേഗാ ക്രോർപതിയുടെ എപ്പിസോഡ് ഷൂട്ട് ചെയ്യുക രാവിലെ 11 മണിക്കാണ്. ഒരു ദിവസം രണ്ട് എപ്പിസോഡുകൾ പക്ഷെ രാവിലെ 7.30 ന് എത്തി അച്ഛൻ റിഹേഴ്സൽ ചെയ്യും. 20 വർഷത്തോളമായി ഇത് ചെയ്യുന്നു. ഇനിയും റിഹേഴ്സൽ വേണോ എന്ന് ഞാൻ ചോദിക്കും. വേണം, ഒരുപക്ഷെ മറന്ന് പോയാലോ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ജോലി അദ്ദേഹത്തിന് വളരെ പ്രധാനമാണെന്നും അഭിഷേക് ചൂണ്ടിക്കാട്ടി.
അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായും അമ്മ ജയ ബച്ചനും ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെയാണ് നാല് വർഷത്തെ ഇടവേള ഐശ്വര്യ ഇടവേള അവസാനിപ്പിച്ചത്. റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിലൂടെ ജയ ബച്ചനും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തി.
കഴിഞ്ഞ ദിവസം ഐശ്വര്യയെയും ജയ ബച്ചനെയും കുറിച്ച് അഭിഷേക് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഇരുവരും സിനിമാ രംഗത്ത് കൂടുതൽ സജീവമാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അഭിഷേക് ബച്ചൻ തുറന്ന് പറഞ്ഞു.


Click it and Unblock the Notifications