മാറി താമസിക്കാൻ ഞാനില്ല; കാരണം വ്യക്തമാക്കി അഭിഷേക് ബച്ചൻ; അന്ന് ഐശ്വര്യ റായ് പറഞ്ഞത്
വൻ ജനശ്രദ്ധ ലഭിക്കുന്ന താര കുടുംബമാണ് അഭിഷേക് ബച്ചന്റേത്. അച്ഛൻ അഭിഷേക് ബച്ചൻ, അമ്മ ജയ ബച്ചൻ, ഭാര്യ ഐശ്വര്യ റായ് തുടങ്ങി എല്ലാവരും ഇന്ത്യയിൽ അങ്ങിങ്ങോളം അറിയപ്പെടുന്ന താരങ്ങൾ. മുംബൈയിൽ ആഡംബര ജീവിതമാണ് നയിക്കുന്നതെങ്കിലും തങ്ങളുടെ പാരമ്പര്യത്തിനും കുടുംബ മൂല്യങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്നവരാണ് ബച്ചൻ കുടുംബത്തിലെ അംഗങ്ങൾ.
വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും അഭിഷേക് ബച്ചൻ ഇപ്പോഴും മാതാപിതാക്കളോടൊപ്പം ഒരു വീട്ടിലാണ് കഴിയുന്നത്. ഭാര്യ ഐശ്വര്യ റായും എതിർപ്പൊന്നും പറയാതെ ഭർത്താവിന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുന്നു. പൊതുവെ വിവാഹം കഴിഞ്ഞാൽ താരങ്ങൾ പങ്കാളിക്കൊപ്പം ജീവിക്കാൻ പുതിയ ഫ്ലാറ്റിലേക്ക് മാറുന്നതാണ് മുംബൈ സിനിമാ ലോകത്ത് കണ്ട് വരുന്ന രീതി. എന്നാൽ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കാൻ അഭിഷേകും ഐശ്വര്യയും തീരുമാനിച്ചു.

ഇപ്പോഴിതാ ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിഷേക് ബച്ചൻ. അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കാനാണ് കുടുംബസമേതം ജീവിക്കാനാണ് താൻ എന്നും ആഗ്രഹിച്ചതെന്നും പ്രത്യേകിച്ചും ഈ പ്രായത്തിൽ അവരെ വിട്ട് മറ്റൊരു വീട്ടിലേക്ക് താമസം മാറാൻ താൽപര്യമില്ലെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി.
സമൂഹവും സംസ്കാരവും മൂല്യങ്ങളും മാറുന്നത് ഞാൻ മനസ്സിലാക്കുന്നു. മുംബൈ പോലൊരു സിറ്റിയിലാണ് ജീവിക്കുന്നതെങ്കിൽ കുടുംബത്തോടൊപ്പം വളരെ കുറച്ച് സമയം മാത്രമേ ലഭിക്കൂ. പക്ഷെ മാതാപിതാക്കൾക്കൊപ്പമല്ലാത്ത ജീവിതം എനിക്ക് ആലോചിക്കാൻ പോലും പറ്റില്ല. പ്രത്യേകിച്ചും അവരുടെ ഈ പ്രായത്തിൽ. അച്ഛന് 81 വയസ്സായി. അമ്മയ്ക്ക് 75 വയസും.

അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനാണ് എനിക്കാഗ്രഹം. അച്ഛനും അമ്മയ്ക്കും അവരുടെ കാര്യങ്ങൾ നോക്കാൻ അറിയാം. പക്ഷെ എങ്കിൽ പോലും നമ്മൾക്ക് സ്വന്തം കാര്യം നോക്കാൻ പറ്റാത്തപ്പോൾ ശ്രദ്ധിച്ചവരാണ് മാതാപിതാക്കളെന്ന് അഭിഷേക് ബച്ചൻ ചൂണ്ടിക്കാട്ടി.
കുട്ടികൾക്ക് വേണ്ടി അച്ഛനമ്മമാർ മൗനമായി ഒരുപാട് ത്യാഗങ്ങൾ ചെയ്യുന്നുണ്ട്. ഒരു വീട്ടിലാണെങ്കിലും എല്ലാവർക്കും തിരക്കുള്ളതിനാൽ ആഴ്ചകളോളം പരസ്പരം കണ്ടില്ലെന്ന് വരും. പക്ഷെ ചിലപ്പോൾ മാതാപിതാക്കൾക്ക് മക്കൾ ഒരു വീട്ടിലാണ് കഴിയുന്നതെന്ന് മാത്രം അറിഞ്ഞാൽ മതിയെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി.
കുടുംബ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന ആളാണ് അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായും. അന്താരാഷ്ട്ര വേദികളിൽ ഉൾപ്പെടെ ഐശ്വര്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2005 ൽ ഒരു ഇംഗ്ലീഷ് അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പമാണോ ഇപ്പോഴും കഴിയുന്നതെന്ന അർത്ഥം വെച്ചുള്ള ചോദ്യം ഐശ്വര്യക്ക് നേരിടേണ്ടി വന്നു.
അച്ഛനും അമ്മയും മക്കളും ഒരു വീട്ടിൽ കഴിയുന്നത് ഇന്ത്യയിൽ സാധാരണമാണ്, മാതാപിതാക്കളെ കാണാൻ അപ്പോയ്മെന്റ് എടുക്കേണ്ട സാഹചര്യം ഇന്ത്യയിൽ ഇല്ലെന്നും ഐശ്വര്യ റായ് അന്ന് തുറന്നടിച്ചു. ജീവിതത്തെക്കുറിച്ച് ഐശ്വര്യക്കും അഭിഷേകിനും ഒരേ കാഴ്ചപ്പാടാണെന്ന് ആരാധകർ വാഴ്ത്തുന്നു. പതിനാറ് വർഷമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ആരാധ്യ എന്നാണ് മകളുടെ പേര്.
അടുത്തിടെ ഐശ്വര്യയാണ് വീട്ടിലെ കാര്യങ്ങൾ നോക്കുന്നതെന്ന് അഭിഷേക് ബച്ചൻ പറഞ്ഞിരുന്നു. നിസ്വാർത്ഥമായാണ് അവളെല്ലാം ചെയ്യുന്നത്. ഐശ്വര്യയോട് തനിക്ക് വളരെയധികം കടപ്പാടുണ്ടെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി.
സിനിമാ തിരക്കുകൾ ഉണ്ടെങ്കിലും ഒരു നടിയായത് കൊണ്ട് അവൾക്കത് മനസ്സിലാകും. ഞങ്ങളുടേത് സാധാരണ കുടുംബമാണ്. തീർത്തും സാധാരണമായി സമയം ചെലവഴിക്കാനാണ് എനിക്കിഷ്ടം. സിനിമ കാണാൻ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ. മിക്കപ്പോഴും ഒരുമിച്ചിരുന്ന് സിനിമകൾ കാണുമെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി.


Click it and Unblock the Notifications