ആരാധ്യയിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചിരുന്നു, മകളെക്കുറിച്ച് അഭിഷേക്; 'ഇന്നത്തെ കുട്ടികൾ നമ്മളെ പോലെയല്ല'
ബോളിവുഡിലെ പ്രിയ താര ജോഡിയാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ലോകം ആരാധിക്കുന്ന ഐശ്വര്യ അഭിഷേകിന്റെ ഭാര്യയായപ്പോൾ പല താരതമ്യങ്ങളും വന്നു. താരമൂല്യത്തിൽ അഭിഷേകിനേക്കാൾ എത്രയോ മുകളിലാണ് ഇന്നും ഐശ്വര്യ. സിനിമകളിൽ സജീവമല്ലെങ്കിലും ഇന്നും ഈ താരമൂല്യം നിലനിൽക്കുന്നു. ആരാധകരുടെ ഈ താരതമ്യവും പ്രശസ്തിയിലെ അന്തരവും ഐശ്വര്യ-അഭിഷേക് ബന്ധത്തെ ബാധിക്കുമെന്ന് വാദിച്ചവർ ഏറെയാണ്. എന്നാൽ ഇന്നും സന്തോഷകരമായ വിവാഹ ജീവിതം ഇവർ നയിക്കുന്നു.
അടുത്തിടെ ഇവർ അകൽച്ചയിലാണെന്ന് ബി ടൗണിൽ സംസാരമുണ്ടായെങ്കിലും താരദമ്പതികൾ ഒരുമിച്ച് പൊതുവേദികളിലെത്തിയതോടെ ഈ അഭ്യൂഹം അവസാനിച്ചു. മകൾ ആരാധ്യയാണ് ഇന്ന് ഐശ്വര്യയുടെ ലോകം. അമ്മയായ ശേഷം കരിയറിലെ തിരക്കുകളെല്ലാം മകൾക്ക് വേണ്ടി മാറ്റി വെക്കാൻ ഐശ്വര്യ തയ്യാറായി. ആരാധ്യയുടെ ജനന ശേഷം വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമേ ഐശ്വര്യ ചെയ്തിട്ടുള്ളൂ.

ആയമാരെ വെക്കാതെ മകളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഐശ്വര്യയാണ്. അഭിഷേക് സിനിമാ രംഗത്ത് സജീവമാണ്. മകളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഐശ്വര്യയാണെന്ന് അഭിഷേക് ബച്ചൻ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകളെക്കുറിച്ചും പാരന്റിംഗിനെക്കുറിച്ചും സംസാരിക്കുകയാണ് അഭിഷേക് ബച്ചൻ. മാതാപിതാക്കൾ മക്കൾക്ക് മാതൃകയായി വളരണം. എന്റെ മാതാപിതാക്കളിൽ നിന്നും ഞാൻ പഠിച്ചതും ഉൾക്കൊണ്ടതുമെല്ലാം അവർ പെരുമാറുന്ന രീതി കണ്ടാണ്.
അവർ എന്നെ പറഞ്ഞ് പഠിപ്പിച്ചതിൽ നിന്നുമല്ല. എന്റെതായ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം അവരെനിക്ക് തന്നു. ഇപ്പോഴും എന്തെങ്കിലും തടസം തോന്നിയാൽ ഈ സാഹചര്യത്തിൽ പിതാവ് എന്ത് ചെയ്യുമായിരുന്നെന്ന് ഞാൻ ചിന്തിക്കും. അമ്മ എന്ത് ചെയ്യുമെന്നും ആലോചിക്കും. പ്രതിരോധിക്കുകയെന്നത് ഒരു മനുഷ്യന് അനിവാര്യമാണ്. ജീവിതം എളുപ്പമല്ലെന്നും അഭിഷേക് ബച്ചൻ പറഞ്ഞു.

ഇന്നത്തെ തലമുറ പഴയ തലമുറയിൽ നിന്നും വ്യത്യസ്തരാണെന്ന് അഭിഷേക് ബച്ചൻ പറയുന്നു. പുതുതലമുറയിൽ നമ്മളെ പോലെ ഹൈറാർക്കിയില്ല. ഞങ്ങളുടെ തലമുറയിൽ എല്ലാവരും അച്ഛനമ്മമാർ എന്തെങ്കിലും പറഞ്ഞാൽ അത് കേൾക്കും. എന്നാൽ പുതുതലമുറയ്ക്ക് ചോദ്യങ്ങളുണ്ട്. എന്തുകാെണ്ടെന്ന് അവർക്കറിയണം. മാതാപിതാക്കൾ പറഞ്ഞത് കൊണ്ട് മാത്രം അവരൊരു കാര്യം ചെയ്യാൻ പോകുന്നില്ല. പ്രായമുണ്ടെന്ന് കരുതി നമ്മൾക്ക് എല്ലാത്തിനും ശരിയായ ഉത്തരമുണ്ടാകണമെന്നില്ല. ഇന്ന് അവർക്ക് ഗൂഗിളുണ്ട്. മാതാപിതാക്കളോട് ചോദ്യങ്ങൾ ചോദിക്കേണ്ടതില്ല.
പുതുതലമുറ അച്ഛനമ്മമാരെ ആശ്രയിക്കുന്നവരല്ല. നമ്മൾ അറിവിന് മുതിർന്നവരെ സമീപിച്ചിരുന്നു. ഇന്നത്തെ കുട്ടികളുടെ കെെവെള്ളയിൽ അതുണ്ട്. എന്തെങ്കിലും ചെയ്യുന്നതിന് ഒരു ന്യായം അവർക്ക് വേണം. അത് നല്ലതാണ്. ആരാധ്യയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്കറിയാമായിരുന്നു. കാരണം സഹോദരിയുടെ മക്കൾ വളരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതേസമയം ഇവരാരും ഒരിക്കലും പരുക്കരല്ലെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി. കരിയറിലെ തിരക്കുകളിലാണ് അഭിഷേക് ബച്ചനിപ്പോൾ. മറുവശത്ത് ഐശ്വര്യ സിനിമകൾ തുടരെ ചെയ്യുന്നില്ല. പൊന്നിയിൻ സെൽവനാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications