ബിഗ് ബി കൂടുതൽ ചെറുപ്പമായോ? മകനോടൊപ്പമുളള ചിത്രം പങ്കുവെച്ച് സൂപ്പർ താരം...
ബോളിവുഡിൽ മാത്രമല്ല ലേകമെമ്പാടും ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. താരങ്ങൾ പോലും ഇദ്ദേഹത്തിന്റെ ആരാധകരാണ്. സഹപ്രവർത്തകരുമായും ആരാധകരുമായും വളരെ അടുത്ത ബന്ധമാണ് ബച്ചൻ പുലർത്താറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം അദ്ദേഹത്തിന്റെ സിനിമ വിശേഷങ്ങളും വീട്ടിലെ സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ബച്ചന്റേയും ജൂനിയർ ബച്ചന്റേയും ഒരു ചിത്രം വൈറലാവുകയാണ്. മകനും നടനുമായ അഭിഷേക് ബച്ചനോടൊപ്പം വീട്ടിൽ നിന്ന് ഇറങ്ങി വരുന്നതിന്റെ ചിത്രമാണ് ബിഗ് ബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു പോലെ വസ്ത്രം ധരിച്ചു കൊണ്ടായിരുന്നു ഇരുവരുടേയും വരവ്. വെള്ള പൈജാമയും കുര്‍ത്തയും ചുവപ്പ് കോട്ടുമാണ് ഇവരുടെ വേഷം.
ചിത്രത്തിനോടൊപ്പം ബഡെ മിയാൻ, ചോട്ടെ മിയാൻ എന്ന് അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്. നിങ്ങളുടെ വസ്‍ത്രങ്ങള്‍ മകൻ ധരിച്ചു തുടങ്ങുന്നത് എപ്പോഴാണോ അപ്പോള്‍ അവൻ നിങ്ങളുടെ സുഹൃത്തായി മാറിയിരിക്കുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്. ബിഗ് ബി യുടെ ചിത്രം സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൻ ചർച്ചയായിട്ടുണ്ട്. താരങ്ങൾ ഉൾപ്പെടെ കമന്റ് ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. രണ്ടുപേരെയും കണ്ടാല്‍ സഹോദരങ്ങളെ പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അമിതാഭ് ബച്ചനും നടൻ ഗോവിന്ദും ഒന്നിച്ച് എത്തിയ ചിത്രമാണ് ബഡെ മിയാൻ, ചോട്ടെ മിയാൻ. ചിത്രത്തിൽ അമിതാഭ് ബച്ചൻ ബഡെ മിയാനും ഗോവിന്ദ ചോട്ടെ മിയാനുമായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം സിനിമയിൽ സജീവമല്ല അമിതാഭ് ബച്ചൻ. എങ്കിലും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട് താരം.


Click it and Unblock the Notifications











