'എനിക്ക് എന്റെ ജോലികൾ ചെയ്യാം മറ്റെല്ലാം അവളാണ് നോക്കുന്നത്, ചോദ്യങ്ങൾക്ക് ഉത്തരം മാത്രം പറഞ്ഞാൽ മതി'; അഭിഷേക്
അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് ജോഡികൾ എല്ലാക്കാലവും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. ഇരുവരുടെയും ഒറ്റ മകൾ ആരാധ്യ ബച്ചന് അച്ഛനേയും അമ്മയേയും കടത്തിവെട്ടുന്ന തരത്തിലാണ് ആരാധകർ. താരപുത്രി എന്നതിലുപരിയായി ബച്ചൻ കുടുംബത്തിലെ രാജകുമാരിയാണ് ആരാധ്യ ബച്ചൻ എന്നാണ് ആരാധകർ പറയാറുള്ളത്.
മകളില്ലാതെ ഒരു ആഘോഷവും യാത്രവും ഒന്നും ഐശ്വര്യയ്ക്കില്ല. എവിടെ പോയാലും മകളെയും ഒപ്പം കൂട്ടും. എന്നാൽ എവിടെപ്പോയാലും മകളെയും കൂട്ടുന്ന ഐശ്വര്യ ഓവർ പ്രൊട്ടക്ടീവാണ് മകളുടെ കാര്യത്തിൽ എന്നാണ് വിമർശകർ പറയാറുള്ളത്.
അതിന്റെ പേരിൽ നിരന്തരം താരം ട്രോൾ ചെയ്യപ്പെടാറുമുണ്ട്. മറ്റുള്ള താരപുത്രിമാരെ അപേക്ഷിച്ച് വളരെ വ്യത്യസ്തയാണ് ആരാധ്യ. ഒരിക്കൽ പോലും ഗ്ലാമറസ് വേഷത്തിൽ ആരാധ്യ പാപ്പരാസികൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ചിരിച്ച മുഖമാണ് താരപുത്രിക്ക് എപ്പോഴും. ഐശ്വര്യ ആരാധ്യയെ വളർത്തുന്ന രീതിയോട് ആരാധകർക്ക് എന്നും നല്ല അഭിപ്രായമാണ്.

ഇപ്പോഴിതാ അഭിഷേക് തന്റേയും ഐശ്വര്യയുടെയും രക്ഷാകർതൃ ശൈലിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ കൗമാരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ള പാരന്റിങ് ടിപ്സ് അഭിഷേക് പങ്കുവെച്ചു.
ഇന്നത്തെ കുട്ടികൾ നല്ല അറിവുള്ളവരായതിനാൽ മാതാപിതാക്കൾ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതില്ലെന്നും പകരം കുട്ടികളോട് ഇടപഴകി ഒപ്പം നിന്നാൽ മതിയെന്നും അഭിഷേക് പറയുന്നു. കുട്ടികളുടെ ചോദ്യങ്ങളിൽ ക്ഷമയോടെയിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അഭിഷേക് പറയുന്നു. 'പുതിയ തലമുറ വേഗത്തിൽ പക്വത പ്രാപിക്കുന്നവരാണ്.'
'ഒരുപക്ഷെ നമ്മൾ കുട്ടികളായിരുന്നപ്പോൾ നമ്മുടെ മാതാപിതാക്കൾക്കും ഇതേ തോന്നൽ ഉണ്ടായിരുന്നിരിക്കാം. നമ്മൾ ഇന്നുള്ള നിലയിൽ എത്താൻ എത്രത്തോളം കഷ്ടപ്പെട്ടുവെന്നത് മനസിലാക്കാനുള്ള ഒരു അവസരം ഇന്നത്തെ പുതുതലമുറയ്ക്ക് ലഭിക്കുന്നില്ല. പുതിയ തലമുറയ്ക്ക് അധികാരശ്രേണി ഉണ്ടെന്ന് ഞാൻ കരുതുന്നില്ല.'
'നമ്മൾ വളർത്തിയെടുത്ത ഒന്നായിരുന്നു അത്. നിങ്ങൾ എന്റെ അമ്മയായതിനാൽ ഞാൻ എന്തിന് നിങ്ങളെ ശ്രദ്ധിക്കണം? എന്നൊക്കെയുള്ള ചോദ്യങ്ങളും അവരിൽ നിന്നും ഉണ്ടായേക്കാം. അവർ കൂടുതൽ വിവരമുള്ളവരാണ്. അവർ വിവരത്തിന്റെയും സാങ്കേതികവിദ്യയുടെയും കാലഘട്ടത്തിലാണ് ജനിച്ചിരിക്കുന്നത്. അതുകൊണ്ട് നമ്മൾ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ചെയ്യേണ്ടതെന്നും', അഭിഷേക് പറയുന്നു.

തന്റെ കുടുംബത്തിൽ നടന്ന ചില സംഭവങ്ങളും ഉദാഹരണമായി അഭിഷേക് പറഞ്ഞു. തന്റെ ചേച്ചിയുടെ മക്കളായ അഗസ്ത്യയ്ക്കും നവ്യയ്ക്കും അവർക്ക് വെറും പത്ത് വയസ് മാത്രം പ്രായമുള്ളപ്പോൾ ഫോൺ കയ്യിൽ കിട്ടിയെന്നും അഭിഷേക് പറഞ്ഞു.
'താജ്മഹൽ ആദ്യമായി കണ്ടപ്പോൾ അത് എനിക്ക് വലിയ ഒരു അത്ഭതവും ആശ്വാസവും സന്തോഷവും തന്നതായി ഞാൻ ഓർക്കുന്നു. പക്ഷെ ഇന്നത്തെ തലമുറ അത് ഇന്റർനെറ്റിൽ കണ്ടിട്ടുള്ളതിനാൽ നേരിട്ട് അത് കാണുമ്പോൾ അമിതമായി ആഹ്ലാദിക്കുമെന്ന് ഞാൻ കരുതുന്നില്ല. അവർ കൂടുതൽ വിവരമുള്ളവരാണ്. അതിനാൽ അവരുടെ അത്ഭുതം നമ്മുടേത് പോലെയല്ലെന്നും', അഭിഷേക് കൂട്ടിച്ചേർത്തു.
മകൾ ആരാധ്യയെ വളർത്തിക്കൊണ്ടുവരുന്നതിൽ തനിക്ക് അധികം ഭാരം അനുഭവിക്കേണ്ടി വരാറില്ലെന്നും അതെല്ലാം കൂടുതൽ ചെയ്യുന്നത് ഐശ്വര്യയാണെന്നും അഭിഷേക് വിവരിച്ചു. 'ഞാൻ വീട്ടിൽ വലിയ ഭാരിച്ച ചുമതലകൾ പാരന്റിങിൽ ചെയ്യേണ്ടി വരാറില്ല. അത് പൂർണ്ണമായും എന്റെ ഭാര്യയാണ് ചെയ്യുന്നത്.'
'എന്റെ ജോലി ചെയ്യാൻ അവൾ എന്നെ അനുവദിച്ചിട്ടുണ്ട്. അതുപോലെ തന്നെ കുട്ടിയുടെ ഡിഗ്നിറ്റിയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ചിലപ്പോൾ അവരെ ശാസിക്കാൻ നമുക്ക് തോന്നും. കാരണം നമ്മൾ അങ്ങനെയാണ് വളർന്നത്. എന്നാൽ ഈ തലമുറ കൂടുതൽ സെൻസിറ്റീവാണ്. ശാസിക്കുന്നതിനിടയിൽ നിങ്ങൾ അവരുടെ ഡിഗ്നിറ്റിയെ കുറിച്ച് കൂടി ബോധവാന്മാരായിരിക്കണമെന്നും', അഭിഷേക് പറയുന്നു.


Click it and Unblock the Notifications