മകൾ ആഴ്ചയിൽ നാല് ദിവസം എനിക്കൊപ്പം; ആയയില്ല; ഡിവോഴ്സിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഇമ്രാൻ ഖാൻ
ബോളിവുഡിൽ സെൻസേഷനായിരുന്നു ഒരു കാലത്ത് നടൻ ഇമ്രാൻ ഖാൻ. കരിയറിലെ തുടക്ക കാലത്ത് ഹിറ്റ് സിനിമകൾ ലഭിച്ച ഇമ്രാന് വലിയ ആരാധക വൃന്ദം ഉണ്ടായി. നടൻ ആമിർ ഖാന്റെ ബന്ധു കൂടിയാണ് ഇമ്രാൻ ഖാൻ. രൺബീർ കപൂർ, ഷാഹിദ് കപൂർ തുടങ്ങിയ താരങ്ങൾക്ക് ഒപ്പത്തിനൊപ്പം നിന്ന ഇമ്രാന് പക്ഷെ പിന്നീട് കരിയറിൽ കാലിടറി. തുടരെ പരാജയ സിനിമകൾ വന്നു. ഒരേ തരത്തിലുള്ള കഥാപാത്രങ്ങളിലേക്ക് ഇമ്രാൻ സ്റ്റീരിയോ ടൈപ് ചെയ്യപ്പെട്ടു. വിജയങ്ങളിൽ നടനെ വാഴ്ത്തിയ ബോളിവുഡ് പരാജയങ്ങൾ വന്നപ്പോൾ കൈവിട്ടു.
മീഡിയകളിലെ വിമർശനവും മറ്റുമായതോടെ ഇമ്രാൻ ഖാന് പിടിച്ച് നിൽക്കാൻ സാധിച്ചില്ല. കടുത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ട ഇമ്രാൻ സിനിമകളിൽ നിന്ന് അകന്നു. ലൈം ലൈറ്റിൽ ഇമ്രാൻ ഖാനെ കാണാതെയായി. നിറപ്പകിട്ടുകൾക്കപ്പുറം ബോളിവുഡിൽ നിലനിൽക്കുകയെന്നത് എത്ര മാത്രം ബുദ്ധിമുട്ടാണ് എന്നതിന്റെ ഉദാഹരണമാണ് ഇദ്ദേഹത്തിന്റെ കരിയർ ഗ്രാഫ്. കടുത്ത വിഷാദത്തിലായ ഇമ്രാന് പിന്നീട് ഇതിൽ നിന്നും പുറത്ത് കടക്കാനായി. സിനിമാ ലോകത്തേക്കുള്ള തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് ഇമ്രാൻ ഖാൻ.

കരിയറിനൊപ്പം താരത്തിന്റെ വ്യക്തി ജീവിതത്തിലും ഇക്കാലയളവിനിടെ ചില സംഭവങ്ങൾ നടന്നു. ബാല്യകാല സുഹൃത്തായിരുന്ന അവന്തിക മാലിക്കിനെയാണ് ഇമ്രാൻ വിവാഹം ചെയ്തത്. 2011 ലായിരുന്നു വിവാഹം. ഒരു മകളും പിറന്നു. 2019 ൽ ഇമ്രാനും അവന്തികയും വേർപിരിയുകയാണുണ്ടായത്. പിരിഞ്ഞ ശേഷവും മകളുടെ കാര്യത്തിൽ രണ്ട് പേരും തുല്യ ഉത്തരവാദിത്വം കാണിക്കുന്നു. ഇമാര എന്നാണ് മകളുടെ പേര്.
മകളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഇമ്രാൻ ഖാൻ. ആയയെ വെക്കാതെ മകളുടെ കാര്യങ്ങൾ താൻ തന്നെയാണ് നോക്കുന്നതെന്ന് ഇമ്രാൻ ഖാൻ പറയുന്നു. രാവിലെ അവളെ സ്കൂളിലേക്ക് അയക്കുന്നത് ഞാനാണ്. തിരിച്ച് കൊണ്ട് വരികയും ചെയ്യുന്നു. എനിക്ക് ചെയ്യാൻ പറ്റുന്ന ചെറിയ പാചകങ്ങളും അവൾക്ക് വേണ്ടി ചെയ്യുന്നു. അവളെ ഉറക്കുന്നതും ഞാനാണ്.

ഞാനത് ബോധപൂർവം എടുത്ത തീരുമാനമാണ്. ഡിപ്രഷനിയിലായിരിക്കെ സിനിമകളിൽ അഭിനയിക്കുന്നതിന് പകരം മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ താൻ തീരുമാനിച്ചെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി. തനിക്ക് ബാല്യ കാലത്തുണ്ടായത് പോലുള്ള അനുഭവങ്ങളും ഓർമകളും മകൾക്ക് വേണം. തന്നെ സ്കൂളിലേക്ക് ഡ്രെെവ് ചെയ്തിരുന്നത് അച്ഛനായിരുന്നെന്നും ഇമ്രാൻ ഖാൻ ഓർത്തു. മകൾക്ക് പത്ത് വയസാകാൻ പോകുന്നു.
മകളുടെ കസ്റ്റഡി ഞങ്ങൾ പങ്കുവെച്ചു. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ മകൾ എനിക്കൊപ്പം ഉണ്ടാകും. എല്ലാം സെറ്റിൽ ചെയ്തതാണെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. നടി ലേഖ വാഷിംഗ്ടണാണ് ഇമ്രാൻ ഖാന്റെ ഇപ്പോഴത്തെ കാമുകി. നടൻ ഭാര്യയുമായി പിരിയാൻ കാരണം അവന്തികയാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായി. എന്നാൽ ലേഖയല്ല വിവാഹ മോചനത്തിന് കാരണമെന്ന് ഇമ്രാൻ ഖാൻ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. അവന്തികയുമായി പിരിഞ്ഞ് ഒന്നര വർഷത്തിന് ശേഷമാണ് താൻ ലേഖയെ ഡേറ്റ് ചെയ്യാൻ തുടങ്ങിയതെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.


Click it and Unblock the Notifications











