'ഞാൻ ഉപേക്ഷിച്ച് പോകുമോ എന്ന ഭയം അദ്ദേഹത്തിന് ഉണ്ടായിരുന്നു'; ഇർഫാൻ ഖാനെ കുറിച്ച് ഭാര്യ സുദാപ
താരപരിവേഷം അണിയാതെ പൂർണതയുടേയും മികവിന്റേയും വേറിട്ട മുഖമായിരുന്ന നടൻ ഇർഫാൻ ഖാൻ വിടവാങ്ങിയിട്ട് രണ്ട് വർഷം പിന്നിട്ടിരിക്കുന്നു. ഗോഡ്ഫാദർമാരില്ലാതെ ബോളിവുഡിൽ മേൽവിലാസം സൃഷ്ടിച്ച ഇർഫാൻ ഖാൻ ഹിന്ദി സിനിമയിലെ നവതരംഗ സിനിമകളുടെ പ്രതീകമായിരുന്നു. മീരാ നായരുടെ സലാം ബോംബെയാണ് ഇർഫാന്റെ ആദ്യ ചിത്രം. 2003ൽ പുറത്തിറങ്ങിയ ഹാസിൽ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് ഇർഫാന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. മക്ബൂൽ, ലെെഫ് ഇൻ എ മെട്രോ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധ നേടുകയും ഇർഫാൻ ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാകുകയും ചെയ്തു.
സൂപ്പർതാര പരിവേഷത്തിൽ താൽപര്യമില്ലാത്ത ഇർഫാൻ സമാന്തര സിനിമകളിലും കച്ചവട സിനിമകളിലും ഒരുപോലെ വേഷമിട്ടു. ദ ലഞ്ച് ബോക്സ്, പാൻ സിങ് തോമർ, തൽവാർ, ഹിന്ദി മീഡിയം, ഫേവറേറ്റ്, ദ ഡേ, മുംബെെ മേരി ജാൻ, കർവാൻ, മഡാരി, ലെെഫ് ഇൻ എ മെട്രോ, പീകു, ബ്ലാക്ക് മെയിൽ, ഹെെദർ, യേ സാലി സിന്ദഗി, ഖരീബ് ഖരീബ് സിംഗിൾ, ദ വാരിയർ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങൾ. അംഗ്രേസി മീഡിയമാണ് അവസനം പുറത്തിറങ്ങിയ സിനിമ.

ബോളിവുഡിൽ ഹേറ്റേഴ്സില്ലാത്ത നടൻ ഉണ്ടെങ്കിൽ അത് ഇർഫാൻ ഖാനായിരിക്കും. അതുകൊണ്ട് തന്നെ വെറും സിനിമകളിലൂടെ കണ്ട് മാത്രം പരിചയമുള്ള നടൻ ഇർഫാൻ ഖാൻ മരിച്ചുവെന്ന് ബ്രേക്കിങ് പോയപ്പോൾ കടുത്ത സിനിമാ ആസ്വാദകരല്ലാത്തവർ പോലും കണ്ണുനിറച്ചു. നമുക്കിടയിൽ ഇർഫാൻ ചെയ്ത കഥാപാത്രങ്ങൾ ഇപ്പോഴും അലയുന്ന കൊണ്ടാണ് ആ മഹാനടന്റെ മരണം ഇപ്പോഴും സിനിമാപ്രേമികൾക്ക് ഉൾക്കൊള്ളാനാകാത്തത്. 2018ലാണ് ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് യുകെയിലായിരുന്നു ചികിത്സ. പക്ഷെ 2020ൽ വൻ കുടലിൽ അണുബാധയുണ്ടായതോടെ അവസ്ഥ മോശമായി മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് അദ്ദേഹത്തിന്റെ അമ്പത്തിയഞ്ചാം പിറന്നാളാണ്. അദ്ദേഹം ഇന്ന് നമുക്കൊപ്പമില്ലെങ്കിലും എല്ലാ സിനിമാപ്രേമികളുടെ മനസിലും അദ്ദേഹത്തിന്റെ ഓർമകളും കഥാപാത്രങ്ങളും ജീവൻ തുടിച്ച് നിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ഭാര്യ സുദാപ സിക്ദർ ഇർഫാനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തങ്ങളുടെ വിവാഹം കഴിഞ്ഞ ശേഷം താൻ അദ്ദേഹത്തെ ഉപേക്ഷിച്ച് പോകുമോയെന്ന ഭയം ഇർഫാനെ അലട്ടിയിരുന്നുവെന്നാണ് സുദാപ ഒരു അഭിമുഖത്തിൽ പറഞ്ഞത്. 'നല്ലൊരു ഭർത്താവ് മെറ്റീരിയൽ ആയിരുന്നില്ല ഇർഫാൻ. എന്ന എപ്പോഴും സ്പെഷ്യലായി കൊണ്ടുനടന്നിട്ടുമില്ല. അതേസമയം അദ്ദേഹത്തിന് ഞാനില്ലാതെയുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ ബോറടിച്ചിട്ട് അദ്ദേഹത്തെ ഉപേക്ഷിച്ച് പോകുമോ എന്ന ഭയം വർഷങ്ങളോളം ഇർഫാനെ അലട്ടിയിരുന്നു' സുദാപ പറയുന്നു.
Recommended Video

'ഞങ്ങളുടെ ബന്ധത്തെ വെറുമൊരു വിവാഹമെന്ന് വിശേഷിപ്പിക്കാൻ എനിക്ക് താൽപര്യമില്ല. ഒരു വിവാഹത്തിനും പൊരുത്തവും ധാരണയും ഒരുമിച്ച് നിൽക്കാനുള്ള സന്നദ്ധതയും മുഴുവനായും ഉറപ്പാക്കാൻ കഴിയില്ല. അതിനാൽ ഞാൻ വിവാഹത്തിനെ ഒരു യൂണിയൻ എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. വിവാഹം എന്നത് ഒരു സാമൂഹിക മാനദണ്ഡമാണ്. അതേസമയം തങ്ങളുടെ ജീവൻ പണയപ്പെടുത്താനും സ്വയം ആയിരിക്കാനും ഒരുമിച്ച് നിൽക്കാനും തയ്യാറുള്ള രണ്ട് ആളുകൾ തമ്മിലുള്ള ഐക്യമാണ് വിവാഹം. തുടക്കത്തിൽ ഞങ്ങളുടെ ദാമ്പത്യത്തിൽ ഒരുപാട് പോരായ്മകൾ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ ദാമ്പത്യ ജീവിതം പിന്നീടങ്ങോട്ട് വിജയമായിരുന്നു. മരണം അടുത്തപ്പോഴും അദ്ദേഹം ആകുലപ്പെട്ടിരുന്നത് എന്നെ കുറിച്ച് ഓർത്താണ്' സുദാപ കൂട്ടിച്ചേർത്തു. 1995ൽ ആണ് സുദാപയും ഇർഫാൻ ഖാനും വിവാഹിതരായത്. 2020 ഏപ്രിൽ 29ന് ആണ് ഇർഫാൻ ഖാൻ അന്തരിച്ചത്.


Click it and Unblock the Notifications











