ശ്രീദേവിയെ വിവാഹം ചെയ്ത് തരാൻ നടിയുടെ അമ്മ ആഗ്രഹിച്ചു; അന്ന് നടന്നതെന്തെന്ന് മുരളി മോഹൻ
ഇന്ത്യൻ സിനിമയിൽ ശ്രീദേവിക്ക് പകരക്കാരിയായി മറ്റൊരാളെ കാണാൻ ഇന്നും ആരാധകർ തയ്യാറായിട്ടില്ല. മരിച്ചിട്ട് അഞ്ച് വർഷങ്ങൾ പിന്നിട്ടിട്ടും നടിയുടെ പേര് സിനിമാ ലോകത്ത് പ്രസക്തമാണ്. മറ്റൊരു നായിക നടിക്കും അവകാശപ്പെടാൻ കഴിയാത്ത കരിയർ ഗ്രാഫായിരുന്നു ശ്രീദേവിക്ക്. തെന്നിന്ത്യൻ സിനിമകളിൽ വിജയം കൊയ്ത ശേഷമാണ് ഹിന്ദി സിനിമാ രംഗത്തേക്ക് നടി കടന്ന് വരുന്നത്. ബോളിവുഡിന്റെ ഗ്ലാമർ ജീവിതവുമായി ശ്രീദേവി വളരെ പെട്ടെന്ന് പൊരുത്തപ്പെട്ടു.
പിന്നീടിങ്ങോട്ട് സൂപ്പർഹിറ്റ് നായിക നടിയായി ശ്രീദേവി കരിയറിൽ കുതിച്ചു. ചാന്ദ്നി, ലംഹേ, നാഗിൻ, മിസ്റ്റർ ഇന്ത്യ തുടങ്ങിയ സിനിമകളിലെ നടിയുടെ പ്രകടനം ഇന്നും അനശ്വരമായി നിലനിൽക്കുന്നു. ഹിന്ദി സിനിമാ രംഗത്തേക്ക് വന്നതോടെ ശ്രീദേവിയുടെ ജീവിതവും മാറിമറിഞ്ഞു. ഗോസിപ്പുകളും വിവാദങ്ങളും നടിയെ തേടി നിരന്തരം വന്നു.

ബോണി കപൂറുമായുള്ള വിവാഹസമയത്ത് ശ്രീദേവിക്ക് കടുത്ത കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിരുന്നു. ബോണിയുടെ ആദ്യ വിവാഹബന്ധം തകർത്തു എന്ന ആക്ഷേപമാണ് ശ്രീദേവിക്ക് നേരെ വന്നത്. അമ്മ രാജേശ്വരിയുടെ അസുഖ കാലത്താണ് ശ്രീദേവി ബോണി കപൂറുമായി കൂടുതൽ അടുക്കുന്നത്.
മകളെ പെട്ടെന്ന് വിവാഹം കഴിപ്പിച്ചയക്കാൻ ആഗ്രഹിച്ചിരുന്ന രാജേശ്വരി വിവാഹ ആലോചനകളും നടത്തിയിരുന്നു. ശ്രീദേവിയുടെ അമ്മയെക്കുറിച്ച് പഴയകാല നടൻ മുരളി മോഹൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. എന്റെ ജീവിതം തുറന്ന പുസ്തകം പോലെയാണ്. സിനിമാ രംഗത്തെ ആരുമായും എനിക്ക് പ്രണയ ബന്ധങ്ങൾ ഉണ്ടായിട്ടില്ല. തന്റെ മാന്യതയെ എൻടി രാമറാവു വരെ അഭിനന്ദിച്ചിട്ടുണ്ടെന്ന് അഭിമുഖത്തിൽ മുരളി മോഹൻ പറഞ്ഞു.

എന്നാൽ ശ്രീദേവിയുമായി വിവാഹത്തിനൊരുങ്ങുന്നു എന്ന വാർത്തകൾ അക്കാലത്ത് വന്നിരുന്നല്ലോ എന്ന് അവതാരകൻ ചോദിച്ചു. ഇതിനും മുരളി മോഹൻ മറുപടി നൽകി. ശ്രീദേവിയുടെ അമ്മയ്ക്ക് എന്നെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. ഇവൻ വിവേകമുള്ളവനാണ്, ദുശ്ശീലങ്ങൾ ഒന്നുമില്ലെന്ന് അവർക്ക് മനസ്സിലായി. മകളെ എനിക്ക് വിവാഹം ചെയ്ത് തരാം എന്ന് അവർ കരുതിയിരിക്കാം. അതിൽ കൂടുതൽ ഒന്നുമില്ലെന്നും മുരളി മോഹൻ മറുപടി നൽകി.
മുമ്പൊരിക്കൽ നടൻ രാജശേഖരനും ശ്രീദേവിയുടെ വിവാഹാലോചന വന്ന കാര്യം പറഞ്ഞിരുന്നു. അകന്ന ബന്ധുക്കളാണ് ഇരുവരും. ശ്രീവേദിയെ തന്നെക്കാെണ്ട് വിവാഹം ചെയ്യിക്കണമെന്ന് കുടുംബം ആഗ്രഹിച്ചിരുന്നു. നടിയുടെ അമ്മയ്ക്ക് തന്നെക്കുറിച്ച് മതിപ്പുണ്ടായിരുന്നു. എന്നാൽ തന്റെ കുടുംബം ഈ ആലോചന നിരസിച്ചെന്നും രാജശേഖരൻ അന്ന് പറഞ്ഞു. കുടുംബം കണ്ടെത്തിയ വരൻമാർക്ക് പകരം ശ്രീദേവി തന്നെ പിന്നീട് ജീവിത പങ്കാളിയെ കണ്ടെത്തി. നിർമാതാവ് ബോണി കപൂറുമായി ശ്രീദേവി അടുക്കുമ്പോൾ ഇദ്ദേഹം വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്.
മോണ ശൗരി കപൂർ ആയിരുന്നു ബോണി കപൂറിന്റെ ആദ്യ ഭാര്യ. ശ്രീദേവിയുടെ സുഹൃത്ത് കൂടിയായിരുന്നു മോണ. എന്നാൽ ബോണി കപൂറുമായുള്ള ബന്ധം അറിഞ്ഞതോടെ ഇരുവരും ശത്രുതയിലായി. പ്രശ്നങ്ങൾക്കിടെ മോണ കപൂറും ബോണിയും വിവാഹബന്ധം അവസാനിപ്പിക്കുകയും ചെയ്തു. അന്ന് ഈ സംഭവം ഏറെ ചർച്ചയായിരുന്നു.
മോണ കപൂറിനും ബോണി കപൂറിനും പിറന്ന മക്കളാണ് അർജുൻ കപൂറും അൻഷുള കപൂറും. ശ്രീദേവിക്കും ബോണിക്കും ജാൻവി, ഖുശി എന്നീ മക്കളും പിറന്നു. അർജുനും ജാൻവിയും സിനിമാ രംഗത്ത് സജീവമാണ്. ഖുശി കപൂറും സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു.


Click it and Unblock the Notifications