'ബോളിവുഡ് പാർട്ടികൾക്കില്ല, ഒരുപാട് പേരെ അഭിമുഖീകരിക്കാനാവില്ല'; സോനു സൂദ്
49ാം പിറന്നാൾ നിറവിലാണ് ബോളിവുഡ് നടൻ സോനു സൂദ്. തെന്നിന്ത്യൻ സിനിമകളിൽ വില്ലൻ വേഷങ്ങളിലുൾപ്പെടെ തിളങ്ങിയ നടന് എപ്പോഴും തന്റേതായ ഒരു ആരാധക വൃന്ദം ഉണ്ടായിരുന്നു. കൊവിഡ് കാലത്ത് നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയാണ് നടൻ അടുത്ത കാലത്ത് വാർത്തകളിൽ നിറഞ്ഞത്. ലോക്ഡൗൺ സമയത്ത് സഹായമഭ്യർത്ഥിച്ച നിരവധി പേർക്ക് സോനു സൂദ് സഹായം നൽകി.
ഇത് വലിയ തോതിൽ വാർത്താ പ്രധാന്യം നേടിയിരുന്നു. സിനിമാ താരമെന്ന പേരിനപ്പുറത്ത് സാധാരണക്കാരോട് അനുകമ്പയുള്ള താരമാണ് സോനു സൂദ് എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. അതേസമയം സിനിമകളിൽ കാണാമെങ്കിലും ബോളിവുഡിലെ മറ്റ് പരിപാടികളിലൊന്നും നടനെ പൊതുവെ കാണാറില്ല.

പിറന്നാൾ ദിനമായിട്ടും നടൻ പാർട്ടിയൊന്നും സംഘടിപ്പിച്ചിട്ടില്ല. തനിക്ക് അടുപ്പമുള്ളവരോടൊപ്പം വീട്ടിലിരിക്കാനാണ് താൽപര്യമെന്നും ബോളിവുഡ് പാർട്ടികളോട് താൽപര്യമില്ലെന്നും സോനു സൂദ് പറയുന്നു. ഞാൻ ഒരു പാർട്ടി പേഴ്സണല്ല. കുറേ ആളുകൾ ചുറ്റും കൂടുമ്പോൾ ഞാൻ കുറച്ച് ലോസ്റ്റ് ആവും.
നിരവധി പേർ എന്നോട് പാർട്ടി നടത്താൻ പറഞ്ഞു. പ്രത്യേകിച്ചും ബർത്ത് ഡേയ്ക്ക്. പക്ഷെ ഞാൻ വളരെ ഷൈ ആണ്. ജീവിതത്തിന് രണ്ട് ഘട്ടമുണ്ട്. ഒന്ന് നിങ്ങൾ കുട്ടിയാരിക്കുമ്പോൾ ബർത്ത് ഡേയ്ക്ക് വളരെ ആവേശഭരിതരാവും. ഇപ്പോൾ എനിക്കത് സമ്മർദ്ദമാണ് സോനു സൂദ് പറഞ്ഞു.

ബോളിവുഡ് പാർട്ടികളെയും നടൻ പരോക്ഷമായി വിമർശിച്ചു. പാർട്ടി നടത്തുന്ന ആളുടെ കാര്യത്തിൽ ഇവരൊക്കെ എത്ര സന്തുഷ്ടരാണ് എന്നെനിക്ക് അറിയില്ല. ചിലർക്ക് പുറമേക്ക് കാണണമെന്ന് മാത്രമേ ഉണ്ടാവുള്ളൂ. അത് ദുഖകരമാണ്. ഈ ദിവസം നിങ്ങളെ സംബന്ധിച്ച് സ്നേഹിക്കുന്നവരോടും കുടുംബത്തിനോടൊപ്പവും ചെലവഴിക്കാനുള്ളതാണെന്നും സോനു സൂദ് പറഞ്ഞു.


Click it and Unblock the Notifications











