സുശാന്തിന്റെ കുടുംബത്തെ തേടി മറ്റൊരു ദുഃഖം കൂടി, താരത്തിന്റെ സഹോദരപത്നി അന്തരിച്ചു
നടൻ സുശാന്ത് രജ്പുത്തിന്റ വിയോഗം അംഗീകരിക്കാൻ ഇനിയും കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴിത മറ്റൊരു വേർപാട് കൂടി ആ കുടുംബത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സുശാന്തിന്റെ മരണം സംഭവിച്ച് മണിക്കൂറുകൾ മാത്രം കഴിയുമ്പോഴാണ് മറ്റൊരു ദുരന്തം ആ കുടുംബത്തെ തേടിയെത്തിയിരിക്കുന്നത്. നടന്റെ സഹോദരന്റെ ഭാര്യ സുഷാ ദേവിയാണ് സുശാന്തിന്റെ വിയോഗത്തിൽ മനംനൊന്ത് മരിച്ചത്. താരത്തിന്റെ ശവസംസ്കാരം മുംബൈയിൽ നടക്കുമ്പോഴാണ് സുഷയുടെ മരണം. സുശാന്തുമായി വളരെ അടുത്ത ബന്ധമായിരുന്നു ഇവർക്ക് . താരത്തിന്റെ വിയോഗം മറ്റുള്ളവരെ പോലെ ഇവർക്കും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഭക്ഷണം വരെ ഉപേക്ഷിക്കുകയായിരുന്നു. സുഷയുടെ മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചിട്ടില്ല. ബീഹാർ പൂർണ സ്വദേശിയാണിവർ.
Recommended Video

ഇന്നലെ മുംബൈയിൽ പവർ ക്രിമറ്റോറിയത്തിൽ സുശാന്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നു. ലോക്ക് ഡൗൺ നിർദ്ദേശം പാലിച്ചു കൊണ്ടായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. പിതാവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. സുശാന്തിന്റെ അടുത്ത സുഹൃത്തുക്കളായ മുകേഷ് ചബ്ര(കാസ്റ്റിങ് ഡയറക്ടർ,) നടിമാരായ കൃതി സനോൻ, ശ്രദ്ധ കപൂർ, റിയ ചക്രവർത്തി, നടൻ വിവേക് ഒബ്റോയ്, സംവിധായകൻ അഭിഷേക് കപൂർ എന്നിവർ പ്രിയപ്പെട്ടവന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
മിനിസ്ക്രീനിലൂടെയാണ് സുശാന്ത് സിങ് ബോളിവുഡിൽ എത്തുന്നത്. സ്റ്റാർ പ്ലസ് സംപ്രേഷണം ചെയ്ത കിസ് ദേശ് മെ മേരാ ദിൽ എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. പവിത്ര റിശ്ത എന്ന പരമ്പര താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുകയായിരുന്നു. തുടർന്നായിരുന്നു നടന്റെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡിൽ തന്റേതായ ഇടം സൃഷ്ടിക്കാൻ വളരെ വേഗം തന്നെ താരത്തിന് സാധിച്ചു.
അമീർ ഖാൻ, അനുഷ്ക ശർമ പ്രധാന വേഷത്തിലെത്തിയ പികെയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിഥി വേഷമായിരുന്നെങ്കിൽ കൂടിയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നടനായിരുന്നു, മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ആണ് സുശാന്തിന് വലിയ ബ്രേക്ക് നൽകിയത്. ധോണിയായി എത്തിയ സുശാന്തിന്റെ കരിയർ തന്നെ ഈ ചിത്രം മാറ്റി മറിക്കുകയായിരുന്നു. കേദർനാഥ്, ചിച്ചോർ എന്നിവയാണ് ഏറെ പ്രേക്ഷക ശ്രദ്ധനേടിയ താരത്തിന്റെ ചിത്രങ്ങൾ.


Click it and Unblock the Notifications











